World

കാപ്പി അര്‍ബുദത്തിനു കാരണമാവില്ലെന്ന് ഡബ്ല്യുഎച്ച്ഒ

ന്യൂയോര്‍ക്ക്: കാപ്പി കുടിക്കുന്നതിലൂടെ അര്‍ബുദമുണ്ടാവുമെന്നതിന് തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഡബ്ല്യുഎച്ച്ഒയ്ക്കു കീഴിലുള്ള ഇന്റര്‍നാഷനല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ (ഐഎആര്‍സി) പുറത്തുവിട്ട ഗവേഷണ റിപോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് അര്‍ബുദത്തിനു കാരണമായേക്കാമെന്നും റിപോര്‍ട്ടില്‍ പറയുന്നു. ചൈന, ഇറാന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ പരമ്പരാഗതമായി ഔഷധങ്ങള്‍ പിഴിഞ്ഞുണ്ടാക്കിയ ചായ, വളരെ ചൂടോടെയാണ് കഴിക്കുന്നത്. ഈ രാജ്യങ്ങളില്‍ മറ്റു രാജ്യങ്ങളേക്കാള്‍ കൂടുതല്‍ അര്‍ബുദരോഗികളുള്ളതായി റിപോര്‍ട്ടില്‍ പറയുന്നു. അതേസമയം, വടക്കേ അമേരിക്ക, യൂറോപ് തുങ്ങിയിടങ്ങളില്‍ മിതമായ ചൂടിലാണ് പാനീയങ്ങള്‍ കഴിക്കുന്നത്.
കാപ്പി അര്‍ബുദ സാധ്യതയുള്ളവയുടെ പട്ടികയില്‍ പെടുത്തിയതിന് കാരണം മനസ്സിലാവുന്നില്ലെന്ന് ഇതു സംബന്ധിച്ച് പഠനം നടത്തിയ ഓക്‌ഫോര്‍ഡ് സര്‍വകലാശാലയിലെ രോഗപര്യവേഷകന്‍ ഓവെന്‍ യാങ് അഭിപ്രായപ്പെട്ടു. എന്നാല്‍, ചൂടേറിയ പാനീയങ്ങള്‍ അര്‍ബുദത്തിനു കാരണമായേക്കാം. ചൂടുള്ള പാനീയങ്ങള്‍ കഴിക്കുന്നതിലൂടെ തൊണ്ടയില്‍ ചെറിയ തോതില്‍ പൊള്ളലേല്‍ക്കുകയും ഭാവിയില്‍ അത് അര്‍ബുദമായി വളരുകയും ചെയ്യാന്‍ സാധ്യതയുണ്ട്. എന്നാല്‍, ഇതിനുള്ള സാധ്യത പരിമിതമാണ്. അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it