കാപു സമുദായ നേതാവ് അനിശ്ചിതകാല നിരാഹാരം തുടങ്ങി

ഹൈദരാബാദ്: കാപു സമുദായത്തെ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സമുദായ നേതാവും മുന്‍ മന്ത്രിയുമായ മുദ്രാഗദ പത്മനാഭം ഭാര്യയുമൊത്ത് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ഗോദാവരി ജില്ലയില്‍ പത്മനാഭയുടെ വസതിയിലാണ് ഉപവാസം. കഴിഞ്ഞ ഞായറാഴ്ച ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭം അക്രമാസക്തമായിരുന്നു.
പൂര്‍വ ഗോദാവരിയില്‍ നടന്ന 'കാപു ഐക്യ ഗര്‍ജന' പ്രക്ഷോഭത്തിനിടെ തീവണ്ടിയുടെ നാലു ബോഗികളും പോലിസ് സ്റ്റേഷനും സര്‍ക്കാര്‍-സ്വകാര്യ വാഹനങ്ങളും അഗ്നിക്കിരയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 63 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാപു സമുദായത്തിന് സംവരണം ഏര്‍പ്പെടുത്തണമെന്നും സമുദായക്ഷേമത്തിന് വര്‍ഷം 1,000 കോടി രൂപ അനുവദിക്കണമെന്നുമാണ് കാപു സമുദായത്തിന്റെ ആവശ്യം. ഞായറാഴ്ച നടന്ന സംഭവത്തിന്റെ പേരില്‍ സമുദായാംഗങ്ങള്‍ക്കെതിരേ കള്ളക്കേസുകളെടുക്കരുതെന്നും സിബിഐ അന്വേഷണം നടത്തണമെന്നും പത്മനാഭം ആവശ്യപ്പെട്ടു.
അതിനിടെ, ഭരണകക്ഷിയായ ടിഡിപിയിലെ തൊട്ട ത്രി മൂര്‍ത്തുലു ബോണ്ട, ഉമാ മഹേശ്വരറാവു എന്ന കാപു സമുദായത്തില്‍പ്പെട്ട എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം പത്മനാഭവുമായി കൂടിക്കാഴ്ച നടത്തി. വിരമിച്ച ജഡ്ജി മഞ്ജുനാഥ് ചെയര്‍മാനായി പിന്നാക്ക സമുദായ പ്രശ്‌നം അന്വേഷിക്കാന്‍ കമ്മീഷനെ നിയമിച്ചതായി മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അറിയിച്ചു.
പത്മനാഭം നിരാഹാര സമരം നടത്തുന്ന വസതിയിലേക്ക് പുറത്തുനിന്നുള്ളവരെ പോലിസ് കടത്തിവിടുന്നില്ല.
Next Story

RELATED STORIES

Share it