ernakulam local

കാന്‍സര്‍ രോഗികളെ സഹായിക്കാന്‍ സംഗീത സദസുമായി ഗാനഗന്ധര്‍വന്‍ കൊച്ചിയില്‍

കൊച്ചി: കാന്‍സര്‍ രോഗികളെ സഹായിക്കാന്‍ പത്മഭൂഷന്‍ ഡോ. കെ ജെ യേശുദാസ് വര്‍ഷങ്ങള്‍ക്കു ശേഷം കൊച്ചിയില്‍ ഒരു മുഴുനീള ശാസ്ത്രീയ സംഗീത വിരുന്നൊരുക്കുന്നു.
ഈ മാസം 29ന് കലൂര്‍ ഗോകുലം കണ്‍വന്‍ഷന്‍ സെന്ററിലാണ് പരിപാടി. വൈകീട്ട് ആറിന് ആരംഭിക്കുന്ന രാഗസുധ സംഗീത സദസ് കാന്‍സര്‍ രോഗികള്‍ക്കായി പ്രവര്‍ത്തിക്കുന്ന കാന്‍കൂര്‍ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയുടെ ധനശേഖരണത്തിനു വേണ്ടിയാണ് സംഘടിപ്പിക്കുന്നത്. വയലിന്‍ സമ്പത്ത്, മൃദംഗം എന്‍ ഹരി, ഘടം തൃപ്പൂണിത്തുറ രാധാകൃഷ്ണന്‍ എന്നിവര്‍ യേശുദാസിന്റെ സംഗീത കച്ചേരിക്ക് അകമ്പടി നല്‍കും. കഴിഞ്ഞ എട്ടുവര്‍ഷമായി 100 കാന്‍സര്‍ രോഗികളെ സഹായിക്കുകയും നിരവധി കാന്‍സര്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തുവരുന്ന സംഘടനയാണ് കാന്‍കൂര്‍ ഫൗണ്ടേഷന്‍.
രാഗസുധ പരിപാടിയുടെ ലോഗോ അനാച്ഛാദനം കൊച്ചി മേയര്‍ സൗമിനി ജയിന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കാന്‍കൂര്‍ പ്രസിഡന്റ് വിനു വര്‍ഗീസ്, സെക്രട്ടറി മാധവ ചന്ദ്രന്‍, ഖജാഞ്ചി മാത്യു ജോസഫ്, സംഘാടക കമ്മിറ്റി ചെയര്‍മാന്‍ വിവേക് കൃഷ്ണ ഗോവിന്ദ് പങ്കെടുത്തു. ഡോക്ടര്‍മാരായ ജുനൈദ് റഹ്മാന്‍, കാന്‍സര്‍ സ്‌പെഷ്യലിസ്റ്റ് മോഹനന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയുമായി ചേര്‍ന്ന് എല്ലാ ആഴ്ചയിലും ഓരോ കാന്‍സര്‍ ക്യാംപുകള്‍ സംഘടിപ്പിക്കുന്ന പദ്ധതിയും തുടങ്ങും. എറണാകുളം ജനറല്‍ ആശുപത്രി, ഐഎംഎ, റോട്ടറി എന്നിവരുമായി ചേര്‍ന്ന് എറണാകുളത്ത് ഒരു അത്യാധുനിക കാന്‍സര്‍ സ്‌ക്രീനിങ് സെന്ററിനും കാന്‍കൂര്‍ തുടക്കമിടും.
പാവപ്പെട്ട രോഗികള്‍ക്ക് പൂര്‍ണമായും സൗജന്യമായി ഇവിടെ മാമോഗ്രാം, അള്‍ട്രാസൗണ്ട് സ്‌കാന്‍ എന്നിവയും മറ്റു കാന്‍സര്‍ ടെസ്റ്റുകളും ചെയ്യാവുന്നതാണെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846031667 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Next Story

RELATED STORIES

Share it