കാന്‍സര്‍ ചികില്‍സാരംഗത്തു പൊതുജന സഹകരണം അനിവാര്യം: വയലാര്‍ രവി

കൊച്ചി: പണച്ചെലവ് അധികമുള്ള കാന്‍സര്‍ ചികില്‍സാരംഗത്തു പൊതുജനസഹകരണം അനിവാര്യമാണെന്നു മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വയലാര്‍ രവി. കൊച്ചിയില്‍ ഐഎംഎ ഹാളില്‍ കാന്‍സര്‍ രോഗബാധിതരുടെ കുട്ടികള്‍ക്കു ബട്ടര്‍ഫ്‌ളൈ കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്റെ (ബിസിസിഎഫ്) വിദ്യാഭ്യാസ റിസര്‍ച്ച് സ്‌കോളര്‍ഷിപ്പുകള്‍ വിതരണംചെയ്യുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാം സര്‍ക്കാര്‍ ചെയ്യട്ടെ എന്നു കരുതിയിരിക്കാനാവില്ല. പൊതുജന സഹകരണവും ഇതിന് അനിവാര്യമാണ്. അവിടെയാണ് ബട്ടര്‍ഫ്‌ളൈ കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍പോലുള്ള സംരംഭങ്ങള്‍ ഉണ്ടാവുന്നത്. കാന്‍സര്‍ രോഗം ബാധിച്ച് ബുദ്ധിമുട്ടുന്നവരുടെ കുടുംബത്തെ സഹായിക്കുന്നതിനായി വിദഗ്ധ ഡോക്ടര്‍മാരുടെയും പ്രഫഷനലുകളുടെയും സാമൂഹികപ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും പങ്കാളിത്തത്തോടെ ബട്ടര്‍ഫ്‌ളൈ എന്ന സന്നദ്ധ സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണ്. ഏറ്റവും പ്രശംസനീയമായതും പിന്തുണ അര്‍ഹിക്കുന്നതുമായ ജീവന്‍രക്ഷാ സംരംഭമാണ് ബട്ടര്‍ഫ്‌ളൈ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിസിസിഎഫ് പ്രസിഡന്റ് ഡോ. കെ മന്‍സൂര്‍ അധ്യക്ഷത വഹിച്ചു. കാന്‍സര്‍ രോഗബാധിതരുടെ കുടുംബങ്ങളിലെ പഠനത്തില്‍ മികവുപുലര്‍ത്തുന്ന 21 വിദ്യാര്‍ഥികള്‍ക്ക് ബട്ടര്‍ഫ്‌ളൈ കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ നല്‍കുന്ന പഠനസഹായ വിതരണം വയലാര്‍ രവിയും എഴുത്തുകാരി പ്രഫ. എം ലീലാവതിയും ചേര്‍ന്നു നിര്‍വഹിച്ചു. ബട്ടര്‍ഫ്‌ളൈ കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്റെ കാരുണ്യത്തില്‍ കാന്‍സര്‍ രോഗത്തില്‍ നിന്നു മുക്തയായ വേദികയെന്ന കുരുന്നു ബാലികയെ വിജയദശമി ദിവസമായ ഇന്നലെ പ്രഫ. എം ലീലാവതി ഹരിശ്രീ കുറിപ്പിച്ചു. തുടര്‍ന്നു തിരഞ്ഞെടുക്കപ്പെട്ട 20 വിദ്യാര്‍ഥികള്‍ക്കു ചലച്ചിത്രതാരങ്ങളായ കാവ്യ മാധവനും വിനയ് ഫോര്‍ട്ടും ചേര്‍ന്ന് സ്‌കോളര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കൊച്ചി അമൃത ഹോസ്പിറ്റലിലെ ഡോ. ഗിരീഷ് സി എം മികച്ച ബട്ടര്‍ഫ്‌ളൈ കോ-ഓഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ടു.
സംഘടനയുടെ കീഴില്‍ ഇതുവരെ 49 ഓളം കാന്‍സര്‍ രോഗികള്‍ക്കു ചികില്‍സാ സഹായവും രോഗികളുടെ കുടുംബങ്ങള്‍ക്ക് സാന്ത്വനവും നല്‍കാന്‍ കഴിഞ്ഞതായി ഡോ. കെ മന്‍സൂര്‍ പറഞ്ഞു. പ്രഫ കെ വി തോമസ് എംപി, ബിസിസിഎഫ് സെക്രട്ടറി സി പി നായര്‍, ഖജാഞ്ചി ഗിരീഷ് സി എം, ജോയിന്റ് സെക്രട്ടറിയും ഗള്‍ഫ് ചീഫ് കോ-ഓഡിനേറ്ററുമായ സുരേഷ് നായര്‍, ഡോ. വിജയ്, ഡോ. അനുഷ അശോകന്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it