കാന്തപുരത്തിന്റെ പേരില്‍ പ്രസിദ്ധീകരിച്ച ലേഖനം വ്യാജമെന്ന് ആക്ഷേപം

വടകര: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരുടെയും സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങളുടെയും പേരില്‍ മാതൃഭൂമി റമദാന്‍ പതിപ്പില്‍ വ്യാജ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതായി ആക്ഷേപം. കാരന്തൂര്‍ സുന്നി മര്‍ക്കസ് മീഡിയാ ലീഗല്‍ ഡയറക്ടര്‍ അഡ്വ. സമദ് പുലിക്കാട് ഇന്നലെ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലാണ് പുതിയ ആരോപണം. റമദാന്‍ പതിപ്പിനായി കാന്തപുരത്തോട് ലേഖനം ആവശ്യപ്പെടുകയോ നല്‍കുകയോ ചെയ്തിരുന്നില്ല. എന്നാ ല്‍, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റമദാന്‍ പതിപ്പില്‍ കാന്തപുരത്തിന്റെ ലേഖനം അച്ചടിച്ചു വന്നതിനെ തുടര്‍ന്ന് മാതൃഭൂമിയുമായി മര്‍ക്കസ് ബന്ധപ്പെട്ടു. കാന്തപുരത്തിന്റെ നേരത്തേ പ്രസിദ്ധീകരിച്ച ലേഖനം പുനപ്രസിദ്ധീകരിക്കുകയാണ് ചെയ്തതെന്നാണ് വിശദീകരണം ലഭിച്ചത്. എന്നാല്‍, കാന്തപുരത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഇത്തരമൊരു ലേഖനം പ്രസിദ്ധീകരിച്ചതിനെ കുറിച്ച് കൃത്യമായ വിശദീകരണം ലഭിച്ചില്ലെന്നും കാന്തപുരത്തിന്റെ പേരില്‍ പ്രസിദ്ധീകരിച്ച ലേഖനം നേരത്തേ എവിടെയെങ്കിലും പ്രസിദ്ധീകരിക്കപ്പെട്ടത് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും മര്‍ക്കസ് മീഡിയാ ഡയറക്ടര്‍ സമദ് പുലിക്കാട് തേജസിനോട് പറഞ്ഞു. മാതൃഭൂമി റമദാന്‍ പതിപ്പില്‍ പ്രസിദ്ധീകരിച്ച ഇബ്രാഹീം ഖലീല്‍ ബുഖാരി തങ്ങളുടെ ലേഖനവും ഇത്തരത്തിലുള്ളതാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഖലീലുല്‍ ബുഖാരി തങ്ങളോട് ലേഖനം ആവശ്യപ്പെടുകയോ നല്‍കുകയോ ചെയ്തിട്ടില്ല. പ്രവാചക നിന്ദാ വിവാദത്തെ തുടര്‍ന്ന് ബഹിഷ്‌കരണ ഭീഷണി നേരിട്ട പത്രം അമിത പ്രചാരണം നല്‍കിയാണ് ഇത്തവണ റമദാന്‍ പതിപ്പ് പ്രസിദ്ധീകരിച്ചത്. പ്രത്യേക പതിപ്പില്‍ കാന്തപുരം ഉള്‍പ്പെടെയുള്ള നേതാക്കളുടെ ലേഖനങ്ങള്‍ ഉള്ളതായി പ്രാധാന്യത്തോടെ പ്രചരിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it