കാത്തിരിപ്പ് അവസാനിക്കുന്നു; ഹിന്ദുവിവാഹ ബില്ല് നിയമമാക്കാന്‍ പാകിസ്താന്‍ ഒരുങ്ങുന്നു

ഇസ്‌ലാമാബാദ്: പതിറ്റാണ്ടുകള്‍ നീണ്ട നിഷ്‌ക്രിയത്വത്തിനും മെല്ലെപ്പോക്കിനും ഒടുവില്‍ പാകിസ്താന്‍ ഹിന്ദു വിവാഹബില്ല് നിയമമാക്കാനൊരുങ്ങുന്നു. ഇതിനു മുന്നോടിയായി ഹിന്ദു വിവാഹബില്‍ 2015ന്റെ അന്തിമകരടുരേഖ ദേശീയ സ്റ്റാന്റിങ് കമ്മിറ്റി അംഗീകരിച്ചു. ബില്ല് തയ്യാറാക്കുന്നതിനായുള്ള കൂടിയാലോചനകളില്‍ ദേശീയ അസംബ്ലിയിലെ അഞ്ച് ഹിന്ദു അംഗങ്ങള്‍ പ്രത്യേകം ക്ഷണിക്കപ്പെട്ടിരുന്നു.
രണ്ടു ഭേദഗതികള്‍ വരുത്തിയ ശേഷം സമിതി ബില്ലിന് ഐകകണ്‌ഠ്യേന അംഗീകാരം നല്‍കുകയായിരുന്നു. സ്ത്രീയുടെയും പുരുഷന്റെയും വിവാഹപ്രായം 18 വയസ്സായി നിജപ്പെടുത്തിയും രാജ്യവ്യാപകമായി നിയമം നടപ്പാക്കുകയും ചെയ്യുമെന്ന ഭേദഗതികളോടെയാണ് അന്തിമ കരട് ബില്ലിന് അംഗീകാരം നല്‍കിയത്. രാജ്യത്തെ ഹിന്ദുക്കള്‍ക്കായി ബില്ല് പാസാക്കുന്നതില്‍ കാലതാമസമുണ്ടായതില്‍ ഖേദമുണ്ടെന്ന് സമിതി ചെയര്‍മാന്‍ ചൗധരി മഹമൂദ് ബഷീര്‍ വിര്‍ക്ക് അറിയിച്ചു. ബില്ലിന് പാര്‍ലമെന്റിന്റെ കൂടി അംഗീകാരം ലഭിക്കുന്നതോടെ രാജ്യത്തെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കു പ്രത്യേക വിവാഹനിയമം നിലവില്‍ വരും. പ്രത്യേക വിവാഹനിയമമില്ലാത്തത് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി കഴിഞ്ഞമാസം പാകിസ്താനിലെ ഡോണ്‍ ദിനപത്രം മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഔദ്യോഗിക ആവശ്യത്തിനുവേണ്ടി ബന്ധം തെളിയിക്കേണ്ട അവസരങ്ങളില്‍ ഹിന്ദുസ്ത്രീകള്‍, പ്രത്യേകിച്ചും വിധവകള്‍ ഏറെ ബുദ്ധിമുട്ടുന്നുവെന്നാണ് പത്രം ചൂണ്ടിക്കാട്ടിയത്.
Next Story

RELATED STORIES

Share it