kannur local

കാത്തിരിപ്പിനൊടുവില്‍ കണ്ണൂരും പറന്നുയരുന്നു

കണ്ണൂര്‍: ഏറെനാളത്തെ കാത്തിരിപ്പുകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും അറുതിനല്‍കി കണ്ണൂരിന്റെ ആകാശസ്വ്പനം യഥാര്‍ഥ്യമാവുന്നു. ഉത്തരമലബാറിന്റെ സ്വപ്‌നപദ്ധതിയായ മൂര്‍ഖന്‍പറമ്പിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരീക്ഷണപ്പറക്കല്‍ 29നു രാവിലെ 9നു നടക്കും.
കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിക്കും. സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയായ കണ്ണൂര്‍ ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവള നിര്‍മാണം അവസാനഘട്ടത്തിലാണ്. ഡിജിസിഎ അധികൃതര്‍ 2016 ജനുവരി 30ന് വിമാനത്താവളത്തില്‍ വിശദമായ സാങ്കേതിക പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് കോഡ്-ബി എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് ആദ്യ പറക്കല്‍ നടത്താന്‍ കണ്ണൂര്‍ വിമാനത്താവള കമ്പനിക്ക് അനുമതി നല്‍കിയത്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് എയര്‍ ക്രാഫ്റ്റും ലഭ്യമായിട്ടുണ്ട്.
സാധാരണഗതിയില്‍ എല്ലാ അനുമതിയും ലഭിച്ച ശേഷം വിമാനത്താവള നിര്‍മാണത്തിന് 3മുതല്‍ 5വര്‍ഷം വേണ്ടി വരും. എന്നാല്‍ എല്ലാ മുന്‍കാല റെ ക്കോ ഡുകളും ഭേദിച്ചാണ് കണ്ണൂര്‍ എയര്‍പോര്‍ട്ട് നിര്‍മാണം പുരോഗമിച്ചതെന്ന് മന്ത്രി കെ ബാബു നിയമസഭയില്‍ അവകാശപ്പെട്ടു. 1892 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. രണ്ടു ഘട്ടങ്ങളിലായാണ് കണ്ണൂര്‍ വിമാനത്താവള വികസനം നടപ്പാക്കുക.
2016-17 മുതല്‍ 2025-26 വരെ ഒന്നാംഘട്ടവും 2026-27 മുതല്‍ 2045-46 വരെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുമാണ് നടക്കുക. ഒന്നാംഘട്ടത്തില്‍ പ്രധാന റൂട്ടുകളായ യുഎഇ, കുവൈത്ത്, സൗദി അറേബ്യ, ഹോങ്‌കോങ്, സിംഗപ്പൂര്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലെ പ്രധാന എയര്‍ക്രാഫ്റ്റുകള്‍ എത്തിച്ചേരാനുള്ള സൗകര്യം ഒരുക്കും. ഒന്നാം ഘട്ടത്തില്‍ തന്നെ റണ്‍വേയുടെ നീളം 3400 മീറ്ററായി വര്‍ധിപ്പിക്കും. രണ്ടാം ഘട്ടത്തില്‍ പാസഞ്ചര്‍ ടെര്‍മിനലിന്റെ ശേഷിയും വിമാനം കയറ്റിയിടുന്ന ഏപ്രണ്‍, മറ്റിതര സൗകര്യങ്ങളും വര്‍ധിപ്പിക്കും. കൂടാതെ, റണ്‍വേയുടെ ദൈര്‍ഘ്യം 4000 മീറ്ററാക്കി ഉയര്‍ത്തും. പദ്ധതിക്കുവേണ്ടി ഏറ്റെടുക്കാനുദ്ദേശിച്ച 2200 ഏക്കര്‍ ഭൂമിയില്‍ 1278.89 ഏക്കര്‍ ഭൂമി രണ്ടുഘട്ടങ്ങളിലായി ഏറ്റെടുത്തു.
മൂന്നാംഘട്ട സ്ഥലമെടുപ്പിന്റെ ഭാഗമായി ഏറ്റെടുക്കാനുണ്ടായിരുന്ന 785 ഏക്കര്‍ ഭൂമിയില്‍ 612.12 ഏക്കറും ഏറ്റെടുത്തു. അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ നടപടികള്‍ ധ്രുതഗതിയിലാണ്. റണ്‍വേ നിര്‍മാണത്തിന് വേണ്ടി അടിയന്തരമായി 10.25 ഏക്കര്‍ ഭൂമി കിയാല്‍ നേരിട്ട് എറ്റെടുത്തു. എമര്‍ജന്‍സി റോഡിനുവേണ്ടി 40 സെന്റ് ഭൂമി ഏറ്റെടുക്കാനുള്ള നടപടി നടന്നുവരുന്നു. 2014 ഫെബ്രുവരി 2നു എ കെ ആന്റണിയാണ് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. ടെര്‍മിനല്‍ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 2014 ജൂലൈ 5ന് നിര്‍വഹിച്ചു. കിയാല്‍ പ്രൊജക്ട് ഓഫിസ് 2012 ഡിസംബര്‍ 6ന് മട്ടന്നൂരില്‍ പ്രവര്‍ത്തനം തുടങ്ങി.
Next Story

RELATED STORIES

Share it