malappuram local

കാത്തിരിപ്പിനു വിരാമം; പയ്യനാട് അങ്ങാടിയില്‍ റോഡ് പ്രവൃത്തി നാളെ തുടങ്ങും

മഞ്ചേരി: മഞ്ചേരി-പാണ്ടിക്കാട് സംസ്ഥാന പാത വികസനവുമായി ബന്ധപ്പെട്ട് പയ്യനാട് അങ്ങാടിയില്‍ റോഡ് പ്രവൃത്തിക്ക് നാളെ തുടക്കമാവും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് നല്‍കാനുള്ള അവശേഷിച്ച തുകയും നാളെ കൈമാറുമെന്ന് അഡ്വ. എം ഉമ്മര്‍ എംഎല്‍എ അറിയിച്ചു. നാളെ വൈകീട്ട് നാലിന് പയ്യനാട് ചോലക്കല്‍ ടൗണില്‍വച്ചാണ് ചടങ്ങ് നടക്കുക. എംഎല്‍എയുടെ നേതൃത്വത്തില്‍ ജനകീയകൂട്ടയ്മയിലൂടെ പിരിച്ചെടുത്ത തുകയാണ് നാളെ കൈമാറുന്നത്. വീടുകള്‍ ഉള്‍പ്പെടെ ഇരുപതോളം കെട്ടിടങ്ങളും 28 സെന്റ് ഭൂമിയുമാണ് ഏറ്റെടുത്തത്. സ്ഥലം വിട്ടുനല്‍കുന്ന ഉടമകള്‍ക്ക് സെന്റിന് മൂന്ന് ലക്ഷം രൂപവരെ നല്‍കാനാണ് ധാരണ. ഇതില്‍ രണ്ട് ലക്ഷം രൂപ സര്‍ക്കാറും ഒരു ലക്ഷം രൂപ ജനകീയ കൂട്ടായ്മയിലൂടെ കണ്ടെത്താനുമായിരുന്നു തീരുമാനം. സര്‍ക്കാറില്‍ നിന്നുള്ള തുക നേരത്തെ വിതരണം ചെയ്തിരുന്നു. ഇതോടെ റോഡു പ്രവൃത്തിക്കുള്ള എല്ലാ തടസ്സങ്ങളും നീങ്ങി.
വര്‍ഷങ്ങളോളം ഇനിയും നീണ്ടുപോവുമായിരുന്ന പ്രവൃത്തിയാണ് ജനകീയ കൂട്ടായ്മ രൂപീകരിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടത്. റോഡ് റബറൈസ്ഡ് ചെയ്യുന്നതിനായി 50 ലക്ഷം രൂപയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നു.
നിലവില്‍ പയ്യനാട് അങ്ങാടിയില്‍ ആറ് മീറ്റര്‍ വീതിയാണുള്ളത്. ഇത് പത്ത് മീറ്ററാക്കി മാറ്റാനാണ് പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കിയത്. മഞ്ചേരി-പാണ്ടിക്കാട് റോഡില്‍ ഇടുങ്ങിയ സ്ഥലമാണ് പയ്യനാട് അങ്ങാടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരത്തില്‍ വാഹനങ്ങള്‍ കുറഞ്ഞ കാലത്ത് നിര്‍മിച്ച റോഡ് പിന്നീട് വീതി തികയാതെ വന്നു. വാഹന സാന്ദ്രത കൂടിയതോടെ ഈ പാത തിരക്കുള്ളതായി. ഇതോടെ ഇവിടം മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുന്നത് പതിവ് കാഴ്ചയായി. റോഡ് പ്രവൃത്തി തുടങ്ങുന്നതോടെ പതിറ്റാണ്ടുകളുടെ ദുരിതമാണ് ഇല്ലാതാവുന്നത്.
പയ്യനാട് ഗതാഗതക്കുരുക്ക് ഇല്ലാതാവുന്നതോടെ പാലക്കാട്ടേക്കുള്ള എളുപ്പവഴിയായി ഈ പാത മാറും.
വാര്‍ത്താസമ്മേളനത്തില്‍ മഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി എം സുബൈദ, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദാലി, കൗണ്‍സിലര്‍ മരുന്നന്‍ മുഹമ്മദ്, വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, ടി.പി.വിജയകുമാര്‍, അഡ്വ. ടി പി രാമചന്ദ്രന്‍, ഹനീഫാ മേച്ചേരി തുടങ്ങിയവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it