thrissur local

കാതിക്കുടം എന്‍ജിഐഎല്‍ കമ്പനിയുടെ അപ്പീല്‍ തള്ളി

ചാലക്കുടി: കാതിക്കുടം എന്‍ജിഐഎല്‍ കമ്പനിയുടെ പ്രവര്‍ത്തനാനുമതിക്കായി കൊടുത്ത അപ്പീല്‍ കോടതി തള്ളി. കമ്പനിയുടെ 2016-17വര്‍ഷത്തെ പ്രവര്‍ത്താനുമതിക്കായി തിരുവനന്തപുരം പഞ്ചായത്ത് ട്രൈബ്യൂണലില്‍ കമ്പനി സമര്‍പ്പിച്ചിരുന്ന അപ്പീലാണ് കോടതി തള്ളിയത്. കഴിഞ്ഞ ആറു വര്‍ഷങ്ങളായി കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് പുതുക്കാനായിട്ടില്ല. ഹൈക്കോടതിയുടെ പ്രത്യേകാനുമതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കമ്പനി പ്രവര്‍ത്തിച്ച് വരുന്നത്.
2016-17ലേക്കുള്ള കമ്പനിയുടെ ലൈസന്‍സ് അപേക്ഷ പഞ്ചായത്ത് സെക്രട്ടറി തന്നെ തള്ളുകയും പിന്നീട് പഞ്ചായത്ത് ഭരണസമിതി സെക്രട്ടറിയുടെ നടപടിയെ ഐക്യകണ്‌ഠേന അംഗീകരിക്കുകയും ചെയ്തിരുന്നു. കമ്പനി പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിക്കെതിരെയാണ് തിരുവനന്തപുരം ട്രൈബ്യൂണല്‍ കോടതിയെ സമീപിച്ചത്.
എന്നാല്‍ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം സെക്രട്ടറി തള്ളിയ അപേക്ഷയുടെ അപ്പീല്‍ പഞ്ചായത്ത് ഭരണസമിതിക്കാണ് സമര്‍പ്പിക്കേണ്ടതെന്നും നിയമപരമായി ഈ അപ്പീല്‍ കോടതിയില്‍ നിലനില്‍ക്കുന്നതല്ലെന്നും സമരസമിതിയും പഞ്ചായത്തും വാദിക്കും.
ഈ വാദം അംഗീകരിച്ചുകൊണ്ടാണ് ട്രൈബ്യൂണല്‍ കോടതി ജഡ്ജ് പി കൃഷ്ണകുമാര്‍ അപ്പീല്‍ തള്ളിയത്. കമ്പനിക്ക് വീണ്ടും പഞ്ചായത്ത് ഭരണസമിതിയിലേക്ക് അപ്പീല്‍ നല്‍കാന്‍ 15ദിവസം സമയം അനുവദിക്കുവാനും കോടതി നിര്‍ദേശം നല്‍കി. കമ്പനി നല്‍കുന്ന അപ്പീല്‍ പഞ്ചായത്ത് ഭരണസമിതി അംഗീകരിക്കാതെ വന്നാല്‍ 24ാം തിയ്യതി മുതല്‍ കമ്പനി അടച്ചിടേണ്ടതായി വരും.
Next Story

RELATED STORIES

Share it