കാണാതായ വാച്ചറുടെ മൃതദേഹം വനത്തിനുള്ളില്‍ ജീര്‍ണിച്ച നിലയില്‍

മാനന്തവാടി: ജോലിക്കിടെ കാണാതായ വനംവകുപ്പ് വാച്ചറുടെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ വനത്തിനുള്ളില്‍ കണ്ടെത്തി. തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലെ വാച്ചര്‍ തോല്‍പ്പെട്ടി നെടുന്തണ കക്കേരി കോളനിയിലെ ബസവ(44)ന്റെ മൃതദേഹമാണ് കക്കേരി വയലില്‍ കണ്ടെത്തിയത്. വനംവകുപ്പു ജീവനക്കാരും പോലിസും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ഇയാള്‍ക്കു വേണ്ടി നടത്തിയ തരിച്ചിലില്‍ വനപാലക സംഘം അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

കോളനിയോടു ചേര്‍ന്ന വനത്തില്‍ മൊബൈല്‍ ഫോണ്‍, വാക്കിടോക്കി, ടോര്‍ച്ച് എന്നിവ കണ്ടെത്തിയതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് 500 മീറ്ററോളം മാറി ജീര്‍ണിച്ചു ചിതറിയ നിലയില്‍ മൃതദേഹം കണ്ടത്. വന്യജീവി സങ്കേതത്തിലെ കട്ടപ്പള്ളം ആ ന്റി പോച്ചിങ് ക്യാംപിലായിരുന്നു ബസവന്‍ ജോലി ചെയ്തിരുന്നത്. ക്യാംപില്‍ നിന്ന് വീട്ടിലേക്കു വരുംവഴി ആന ആക്രമിച്ചു കൊലപ്പെടുത്തിയ ബസവന്റെ മൃതദേഹം പിന്നീട് മറ്റു വന്യമൃഗങ്ങള്‍ ഭക്ഷിച്ചതാവാമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ മാസം 23ന് പീഡനക്കേസിലെ പ്രതിയെ പിടികൂടാനെത്തിയ പുല്‍പ്പള്ളി എസ്‌ഐ അബ്ബാസലിയെയും പോലിസുകാരെയും ആക്രമിച്ച കേസില്‍ കക്കേരി കോളനിയിലെ രാജുവിനെ അറസ്റ്റ് ചെയ്തിരുന്നു. അന്നു മുതലാണ് ബസവനെ  കാണാതായത്. ഇതു സംബന്ധിച്ച് ഭാര്യ ഗൗരി 27ന് തിരുനെല്ലി പോലിസില്‍ പരാതി നല്‍കിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നതിനാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയാല്‍ മാത്രമേ മൃതദേഹം കൊണ്ടുപോവാന്‍ അനുവദിക്കുകയുള്ളൂ എന്ന ആവശ്യവുമായി നാട്ടുകാര്‍  രംഗത്തെത്തി.

തുടര്‍ന്ന് എഡിഎം പി വി ഗംഗാധരന്‍, സബ്കലക്ടര്‍ സാംബശിവറാവു, തഹസില്‍ദാര്‍ സോമനാഥന്‍, അസി. തഹസില്‍ദാര്‍ അഗസ്റ്റിന്‍, മാനന്തവാടി സി ഐ അബ്ദുല്‍ ശരീഫ്  സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. മൃതദേഹം വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോവുമെന്ന് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ മൃതദേഹം വിട്ടുനല്‍കിയത്. മക്കള്‍: അര്‍ച്ചന, ധന്യ, സോന, സ്വപ്‌ന.
Next Story

RELATED STORIES

Share it