wayanad local

കാട്ടുതീ: വന്യജീവിസങ്കേതത്തില്‍ 25 ഹെക്ടര്‍ വനം നശിച്ചു

സുല്‍ത്താന്‍ ബത്തേരി: വേനല്‍ കടുത്തതോടെ വയനാടന്‍ കാടുകളില്‍ കാട്ടു തീ പടരുന്നു. വയനാട് വന്യജീവി സങ്കേതത്തില്‍ ഇരുപത്തിയഞ്ച് ഹെക്ടറോളം വനം കത്തിനശിച്ചു. മുത്തങ്ങ, പൊന്‍കുഴി എന്നിവടങ്ങളിലാണ് കാട്ടുതീയുണ്ടായത്.
പൊന്‍കുഴിയില്‍ കാട്ടുനായ്ക്ക കോളനിക്ക് സമീപത്തെ യൂക്കാലി പ്ലാന്റേഷനിലാണ് ഇന്നലെ ഉച്ചയോടെ തീപ്പിടുത്തമുണ്ടായത.് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ്‌കുമാര്‍, മുത്തങ്ങ റെയിഞ്ചര്‍ ഹീരാലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ എഴുപതോളം വനപാലകരടങ്ങുന്ന സംഘവും സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മണിക്കൂറുകള്‍ പണിപ്പെട്ടാണ് തീയണച്ചത്. ഇതേസമയം ഉള്‍വനത്തില്‍ തീപിടിത്തമുണ്ടായതിനാല്‍ ഫയര്‍റെസ്‌ക്യു യൂനിറ്റ് കൊണ്ട് പോവാന്‍ കഴിഞ്ഞില്ല. ഫയര്‍ഫോഴ്‌സിനെ വനംവകുപ്പിന്റെ ജീപ്പിലാണ് യൂക്കാലി തോട്ടത്തിലെത്തിച്ചത്.
ഉച്ചതിരിഞ്ഞ് മൂന്നോടെ മുത്തങ്ങയില്‍ സെയില്‍സ് ടാക്‌സ് ചെക്‌പോസ്റ്റിന് സമീപത്തായും കാട്ടു തീയുണ്ടായി. വനവകുപ്പിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് തീ പെട്ടെന്ന് അണക്കാനായി.
ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് വയനാട് വന്യജീവി സങ്കേതത്തില്‍ കാട്ടുതീയുണ്ടാകുന്നത്. രണ്ടാഴ്ച മുമ്പ് പൊന്‍കുഴിയില്‍ കാട്ടുതീയുണ്ടായി പത്ത് ഹെക്ടറോളം വനം കത്തി നശിച്ചിരുന്നു. കാട്ടുതീഭീഷണി കണക്കിലെടുത്ത് എട്ട് മുതല്‍ ഏപ്രില്‍ ഇരുപത് വരെ വയനാട് വന്യജീവി സങ്കേതത്തില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്.
പതിവിന് വിപരീതമായി വേനല്‍മഴ ഇത്തവണയില്ലാത്തതിനാല്‍ കടുത്ത വരള്‍ച്ചയുടെ പിടിയിലാണ് വയനാട് വന്യജീവി സങ്കേതം. ഒരു തീപ്പൊരി പോലും വലിയ അഗ്നിബാധക്ക് ഇടവരുത്തിയേക്കും.
കാട്ടുതീ മുന്നില്‍ കണ്ട് നിതാന്ത ജാഗ്രതയിലാണ് വനംവകുപ്പ്. എന്നാല്‍ കാട്ടുതീ പ്രതിരോധത്തിന് ഇത്തവണ സര്‍ക്കാര്‍ ഫണ്ട് വെട്ടിക്കുറച്ചത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ജീവനക്കാരുടെ കുറവും വനംവകുപ്പിനെ അലട്ടുന്നുണ്ട്. കാടുകളില്‍ വരള്‍ച്ച രൂക്ഷമായതിനാല്‍ തീറ്റ തേടി മൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങാന്‍ തുടങ്ങിയതും വനംവകുപ്പിന് തലവേദന സൃഷ്ടിക്കുന്നു.
Next Story

RELATED STORIES

Share it