World

കാട്ടുതീ ബാധിതര്‍ക്ക് സഹായവുമായി സിറിയന്‍ അഭയാര്‍ഥി കുടുംബം

ടൊറന്റോ: ഒറ്റ നിമിഷത്തില്‍ എല്ലാം നഷ്ടപ്പെടുക എന്നതിന്റെ അര്‍ഥമെന്താണെന്ന് താരിഖ് ഹദ്ഹദ് എന്ന 24കാരനറിയാം. അതിനാലാണ് കാനഡയില്‍ ആല്‍ബെര്‍ട്ട സംസ്ഥാനത്തെ ഫോര്‍ട്ട് മക്മുറേ നഗരത്തിലെ കാട്ടുതീ ബാധിതര്‍ക്ക് സഹായം ചെയ്യുന്നതിനായുള്ള ദൗത്യത്തില്‍ സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളായ താരിഖ് ഹദ്ഹദും കുടുംബവും പങ്കാളികളായത്.
''ഞങ്ങള്‍ക്ക് കൃത്യമായറിയാം ഒരുനിമിഷത്തില്‍ എല്ലാം നഷ്ടപ്പെടുന്നതിന്റെ അര്‍ഥമെന്തെന്ന്, ഒരു നിമിഷത്തില്‍ എല്ലാം നഷ്ടപ്പെടുകയെന്നാല്‍ അത് നിങ്ങളുടെ മുഴുവന്‍ ഭൂതകാലവും ഇല്ലാതാവലാണ്. നിങ്ങള്‍ ജനിച്ച ശേഷമുള്ള എല്ലാം പുനര്‍നിര്‍മിച്ചെടുക്കേണ്ടി വരും അപ്പോള്‍'''- താരിഖ് ഹദ്ഹദ് അല്‍ ജസീറയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഈ ജനുവരിയിലാണ് താരിഖും കുടുംബവും (മാതാപിതാക്കളും മൂന്നു സഹോദരങ്ങളും) കാനഡയിലെത്തിയത്. കാനഡയിലെ നോവ സ്‌കോട്ടിയ എന്ന കിഴക്കന്‍ നഗരത്തില്‍ ചോക്ലേറ്റുകളുണ്ടാക്കി വിറ്റാണ് ഹദ്ഹദ്‌ന്റെ കുടുംബം വരുമാനം കണ്ടെത്തുന്നത്. മെയ് മാസത്തിലെ വരുമാനത്തില്‍ ഒരു പങ്ക് ഇവര്‍ കാട്ടു തീ ദുരന്തബാധിതരുടെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കായി റെഡ്‌ക്രോസിനും സന്നദ്ധസംഘടനകള്‍ക്കും സംഭാവനയായി നല്‍കിയിരുന്നു. '
''ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും അവര്‍ എന്തു ചിന്തിക്കുന്നെന്ന്, അവരുടെ വികാരങ്ങള്‍ എന്തെന്ന്, അതിനാലാണ് ഞങ്ങള്‍ അവര്‍ക്ക് സഹായം നല്‍കാന്‍ തീരുമാനിച്ചത്'''- കാട്ടു തീ ബാധിതര്‍ക്കു നല്‍കുന്ന സഹായത്തെക്കുറിച്ച് താരിഖിന്റെ പിതാവ് ഇസാം ഹദ്ഹദ് പറഞ്ഞു.
ഏതാണ്ട് 90,000ത്തോളം പേരെയാണ് കാട്ടുതീയെത്തുടര്‍ന്ന് ഫോര്‍ട്ട് മക്മുറേയില്‍നിന്ന് താല്‍ക്കാലിക ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. ഇന്നലെ ഇതിലെ ആദ്യ കുടുംബം നഗരത്തിലേക്കു തിരിച്ചുപോയിരുന്നു. മെയ് ഒന്നിനായിരുന്നു നഗരത്തില്‍ കാട്ടുതീ പടര്‍ന്നുപിടിച്ചത്. ഒരുമാസം കഴിഞ്ഞിട്ടും തീ പൂര്‍ണമായി അണയ്ക്കാന്‍ പറ്റിയിട്ടില്ല. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തീ പൂര്‍ണമായും അണയ്കാകനാവുമെന്നാണ് അഗ്നിരക്ഷാ സേന കഴിഞ്ഞ ദിവസം അറിയിച്ചത്.
Next Story

RELATED STORIES

Share it