കാട്ടുതീ: കാനഡയില്‍ 80,000ത്തോളം പേരെ ഒഴിപ്പിച്ചു

ഒട്ടാവ: കനേഡിയന്‍ നഗരമായ ഫോര്‍ട്ട് മക്മറേയില്‍ കാട്ടുതീ പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് 80,000ത്തോളം പേരെ ഒഴിപ്പിച്ചു. ആല്‍ബെര്‍ട്ട പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന നഗരത്തില്‍ വീടുകളും പെട്രോള്‍ സ്‌റ്റേഷനുകളും ഹോട്ടലുകളും കത്തിനശിച്ചു. മേഖലയില്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ആളപായം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്ത് ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും വലിയ ഒഴിപ്പിക്കലാണിതെന്ന് ആല്‍ബെര്‍ട്ട മന്ത്രി റേച്ചല്‍ നോട്ട്‌ലി അറിയിച്ചു.
ആളുകളുടെ ജീവന്‍ സംരക്ഷിക്കുന്നതിനും അവര്‍ക്ക് സുരക്ഷിതമായ ക്യാംപ് ഒരുക്കുന്നതിനുമാണ് പ്രഥമപരിഗണന നല്‍കുന്നതെന്ന് അവര്‍ പറഞ്ഞു. രാജ്യത്തെ വടക്കന്‍ മേഖലയിലേക്കുള്ള പ്രധാന കവാടമായാണ് നഗരം അറിയപ്പെടുന്നത്. രാജ്യത്തെ പ്രധാന എണ്ണ സംഭരണികള്‍ സ്ഥിതിചെയ്യുന്ന മേഖലയാണിത്. നിരവധി വാഹനങ്ങളും ആശുപത്രികളും കത്തിനശിച്ചു. നൂറോളം അഗ്നിശമനസേനാംഗങ്ങളാണ് ദൗത്യത്തിലേര്‍പെട്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it