കാട്ടുതീ അണയ്ക്കാന്‍ കേന്ദ്രം നൂതന വിദ്യകള്‍ തേടുന്നു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ വനങ്ങള്‍ക്കും മനുഷ്യജീവനും ഭീഷണിയുയര്‍ത്തി കാട്ടു തീ പടരുന്ന സാഹചര്യത്തില്‍ ഇതിനെ നിയന്ത്രിക്കാന്‍ കേന്ദ്ര പരിസ്ഥിതി-വന മന്ത്രാലയം നൂതന മാര്‍ഗങ്ങള്‍ തേടുന്നു.
കാട്ടുതീ ഉണ്ടായ ഉടനെ അറിയുന്നതിനും തീ പടരാതിരിക്കാന്‍ ഉടനടി നടപടി സ്വീകരിക്കുന്നതിനും ഉപഗ്രഹങ്ങളുടെ സഹായം തേടാനാണ് മന്ത്രാലയം ആലോചിക്കുന്നത്. രണ്ടു വര്‍ഷമായി കാട്ടുതീയുണ്ടായി ആറു മണിക്കൂറിനകം മാത്രമാണ് വിവരങ്ങള്‍ അറിയാന്‍ സാധിച്ചത്. തീയോ പുകയോ പ്രത്യക്ഷപ്പെട്ട ഉടനെ ബന്ധപ്പെട്ടവര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കാനാണ് ശ്രമമെന്നു മന്ത്രി പ്രകാശ് ജാവേദ്കര്‍ അറിയിച്ചു.
ഡെറാഡൂണ്‍ വന ഗവേഷണ സ്ഥാപനം വികസിപ്പിച്ചെടുത്ത പുതിയ സംവിധാനത്തിലൂടെ തീയോ പുകയോ പ്രത്യക്ഷപ്പെട്ട ഉടനെ തിരഞ്ഞെടുത്ത ഉദ്യോഗസ്ഥര്‍ക്ക് എസ്എംഎസ് വഴി വിവരമെത്തിക്കും. ഇതിലൂടെ തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ കഴിയും.
ഇതിനു പുറമെ വെള്ളവും തീണയ്ക്കാനുള്ള മറ്റു രാസവസ്തുക്കളും വഹിക്കുന്ന പ്രത്യേക വിമാനങ്ങളെ ഉപയോഗപ്പെടുത്താനും പദ്ധതിയുണ്ട്. ഉത്തരാഖണ്ഡില്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങളാണ് തീയണയ്ക്കാന്‍ ഉപയോഗിച്ചത്. യുഎസ്, ആസ്‌ത്രേലിയ, കാനഡ, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ കാട്ടുതീ അണയ്ക്കാന്‍ 'എയര്‍ ടാങ്കറുകള്‍' അല്ലെങ്കില്‍ 'വാട്ടര്‍ ബോംബറുകള്‍' എന്നറിയപ്പെടുന്ന പ്രത്യേക വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ഇതിലെ പൈലറ്റുമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.
അതിനിടെ, ഉത്തരാഖണ്ഡില്‍ കഴിഞ്ഞ ദിവസം പടര്‍ന്നുപിടിച്ച കാട്ടുതീ നിയന്ത്രണവിധേയമായെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it