malappuram local

കാട്ടിലെ കയ്പന്‍ പടവലത്തെ കാക്കാന്‍ നാട്ടില്‍ ഗവേഷണം

മലപ്പുറം: വംശനാശ ഭീഷണി നേരിടുന്ന ഔഷധ മുല്യമുള്ള കയ്പന്‍ പടവലത്തെ നാളത്തെ തലമുറയ്ക്കായി കാത്തുവയ്ക്കാന്‍ കോട്ടക്കല്‍ ആയുര്‍ വൈദ്യശാല ഔഷധ സസ്യ ഗവേഷണ കേന്ദ്രത്തിലെ ഗവേഷക സംഘം മുന്നോട്ടുവയ്ക്കുന്നത് പോളി ഹൗസ് കൃഷി രീതി. പ്രമേഹം, കരള്‍ രോഗ വിമുക്തി, രക്ത ശുദ്ധീകരണം എന്നിവയ്ക്കായി ആയുര്‍വേദവും അലോപ്പതിയും കാലങ്ങളായി ഉപയോഗിക്കുന്ന 'ട്രൈക്കോ സാന്തസ് കുക്കുമെറീന എന്ന ശാസ്ത്ര നാമമുള്ള കയ്പന്‍ പടവലത്തെ നിലനിര്‍ത്താന്‍ ആധുനിക കൃഷി രീതികള്‍ അവലംബിച്ചാല്‍ ഗുണമുണ്ടാവുമെന്നാണ് ഗവേഷക സംഘത്തിന്റെ കണ്ടെത്തല്‍.
ഇടുക്കി, മൂന്നാര്‍ എന്നിവിടങ്ങളിലെ കാടുകളില്‍ മാത്രം കാണുന്ന കയ്പന്‍ പടവലത്തിന്റെ വേരു മുതല്‍ ഇല വരെ ഔഷധ മൂല്യമുള്ളതാണ്. വേരോടെ പിഴുതെടുത്ത് ഉണക്കിയാണ് ഉപയോഗിക്കുന്നത്. പ്രതിവര്‍ഷം 45 ടണ്‍ കയ്പന്‍ പടവലം ഔഷധ നിര്‍മാണത്തിനായി കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ തന്നെ ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മരുന്ന് നിര്‍മാണത്തിന് വളരെയധികം ഉപയോഗിക്കുന്ന ഈ ഔഷധ സസ്യത്തെ വംശനാശ ഭീഷണിയില്‍ നിന്ന് സംരക്ഷിച്ച് നിലനിര്‍ത്താന്‍ ആര്യവൈദ്യശാല ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. ഗീത എസ് പിള്ള, ശാസ്ത്രജ്ഞരായ എം കെ മഹേഷ് കുമാര്‍, എസ് സതീഷ്ണ കുമാരി, റിസര്‍ച്ച് ഫെല്ലോ കെ ഷാനി എന്നിവര്‍ ചേര്‍ന്ന് പഠനം നടത്തിയത്. കാട്ടിലെ പ്രത്യേക കാലാവസ്ഥയില്‍ വളരുന്ന കയ്പന്‍ പടവലത്തിന്റെ വിത്ത് ശേഖരിച്ച് പോളിഹൗസില്‍ ഗ്രോബാഗുകളില്‍ പ്രത്യേക പരിചരണം നല്‍കി വളര്‍ത്തിയപ്പോള്‍ മികച്ച രീതിയിലാണ് വളര്‍ച്ചയുണ്ടായതെന്ന് സംഘം കെത്തിയിട്ടുണ്ട്. കയ്പന്‍ പടവലത്തിന്റെ ടിഷ്യുകള്‍ച്ചര്‍ തൈകളും സംഘത്തിന്റെ നേതൃത്വത്തില്‍ ഉല്‍പാദിപ്പിച്ചിട്ടുണ്ട്.
പോളിഹൗസില്‍ പരാഗണം നടക്കാത്തതിനാല്‍ കായ് കുറയുമെങ്കിലും ചെടി നന്നായി തഴച്ച് വളരും. ഔഷധ നിര്‍മാണത്തിനായി വേരും വള്ളിയും ഇലയും ഉപയോഗിക്കാമെന്നതിനാല്‍ കായ് കുറയുന്നത് പ്രശ്‌നമല്ല. പോളിഹൗസില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്ത് മികച്ച വരുമാനമുണ്ടാക്കാവുന്ന കൃഷിയാണെന്നാണ് ഗവേഷക സംഘത്തിന്റെ അഭിപ്രായം. സസ്യത്തിന്റെ ഉണങ്ങിയ വള്ളിക്ക് കിലോയ്ക്ക് 200 മുതല്‍ 280 രൂപ വരെയാണ് വില. ജില്ലയിലെ ചില കര്‍ഷകര്‍ പോളിഹൗസില്‍ കയ്പന്‍ പടവല കൃഷി വിജയകരമായി നടത്തുന്നുണ്ട്. കൃഷി കൂടുതല്‍ വ്യാപകമാക്കാനാണ് ഗവേഷക സംഘത്തിന്റെ ശ്രമം.
Next Story

RELATED STORIES

Share it