thiruvananthapuram local

കാട്ടായിക്കോണത്ത് ബിജെപി- സിപിഎം സംഘര്‍ഷം; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

കഴക്കൂട്ടം: കാട്ടായിക്കോണത്ത് കരട് മാസ്റ്റര്‍പ്ലാന്‍ വീണ്ടും നടപ്പാക്കുന്നു എന്നാരോപിച്ച് ബിജെപി നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. വാര്‍ഡ് കൗണ്‍സിലറും പോലിസുകാരും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. സംഭവത്തെ തുടര്‍ന്ന് ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കഴക്കൂട്ടം മണ്ഡലത്തില്‍ എല്‍ഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയില്ലെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. പ്രദേശം പോലിസ് നിയന്ത്രണത്തിലാണ്. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരനും ഒരു പോലിസുകാരനും അടക്കം 23 പേരെ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിക്കവര്‍ക്കും തലയ്ക്കാണ് പരിക്കേറ്റത്. എസ്എപി കാംപിലെ പോലിസുകാരനായ ഷിബു (29)ഉം പരിക്കേറ്റവരില്‍പ്പെടുന്നു. ഇന്നലെ സന്ധ്യയോടെയാണ് നൂറോളം വരുന്ന ബിജെപി പ്രവര്‍ത്തകര്‍ നരിക്കല്‍ ഭാഗത്തുനിന്നും എംഎല്‍എ എം എ വാഹിദിനും മേയര്‍ പ്രശാന്തിനുമെതിരെ മുദ്രാവാക്യം വിളിയുമായി പ്രകടനം തുടങ്ങിയത്. കാട്ടായിക്കോണത്തേക്ക് പ്രകടനം എത്തിയതോടെ കരട് മാസ്റ്റര്‍ പ്ലാനി നെതിരെ തിരുവനന്തപുരത്ത് പ്രകടനം നടത്തിയ ശേഷം വാഹനത്തിലെത്തിയ സിപിഎം പ്രവര്‍ത്തകരുമായി ബിജെപി പ്രവര്‍ത്തകര്‍ വാക്കേറ്റമുണ്ടാവുകയും ഏറ്റുമുട്ടുകയുമായിരുന്നു. സംഘര്‍ഷത്തില്‍ ബിജെപി ഞാണ്ടൂര്‍ക്കോണം കൗണ്‍സിലര്‍ പ്രദീപ് കുമാറിന് ഉള്‍പ്പെടെ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്കും സിപിഎം പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റു. വിവരമറിഞ്ഞ് ഇരുവിഭാഗത്തിന്റെയും നേതാക്കളും പ്രവര്‍ത്തകരും സംഭവസ്ഥലെത്തത്തി. ഇതിനിടെ രാത്രി 9.30ഓടെ ജില്ലയുടെ പല ഭാഗത്തുനിന്നും സംഘടിച്ചെത്തിയ ബിജെപി പ്രവര്‍ത്തകര്‍ പ്രദേശത്ത് അഴിഞ്ഞാടി. നിരവധി പോലിസ് വാഹനങ്ങള്‍ക്കു നേരെ കല്ലേറ് നടത്തിയ ഇവര്‍ റോഡുവക്കില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് അടക്കമുള്ള വാഹനങ്ങളും തകര്‍ത്തു. ഇതു തടയാനെത്തിയ പോലിസുകാര്‍ക്കു നേരെയും കല്ലേറുണ്ടായി.
രണ്ടു വശങ്ങളിലായി നിലയുറപ്പിച്ചിരിക്കുന്ന സിപിഎം-ബിജെപി പ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതിനു ജില്ലയിലെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ നിന്നു വന്‍ പോലിസ് സന്നാഹമാണ് എത്തിയിട്ടുള്ളത്. ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തി ല്‍ പോലിസിന്റെ നിയന്ത്രണത്തിലാണ് കാട്ടായിക്കോണവും പരിസരപ്രദേശങ്ങളും. എന്നാല്‍ നേതാക്കള്‍ തമ്മില്‍ സംഭവം ഒത്തുതീര്‍പ്പാക്കാനുള്ള ചര്‍ച്ച രാത്രി വൈകിയും പുരോഗമിക്കുകയാണ്. സംഭവത്തില്‍ മേയര്‍ വി കെ പ്രശാന്തുമായി റൂറല്‍ എസ്പി ഷഫീന്‍ അഹമ്മദ് ചര്‍ച്ച നടത്തി.
Next Story

RELATED STORIES

Share it