kannur local

കാട്ടാമ്പള്ളി- കമ്പില്‍ റൂട്ടില്‍ അപകടം തുടര്‍ക്കഥ

നാറാത്ത്: കാട്ടാമ്പള്ളി മുതല്‍ കമ്പില്‍ വരെയുള്ള റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കയാവുന്നു. ഒരു മാസത്തിനിടെ എട്ടോളം അപകടങ്ങളും രണ്ടു മരണവുമാണുണ്ടായത്. ഇതിനു പുറമെ ഓടുന്ന ബൈക്കിനു മുകളില്‍ മരം പൊട്ടി വീണ് ഒരു വിദ്യാര്‍ഥിനിയും മരണപ്പെട്ടിരുന്നു. ഇന്നലെ സ്റ്റെപ് റോഡില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു. ആര്‍ക്കും കാര്യമായ പരിക്കില്ല.
ഓട്ടോ ബസ് ഷെല്‍ട്ടറിലേക്കു പാഞ്ഞുകയറിയിട്ടുണ്ട്. സംഭവസമയം ബസ് സ്റ്റോപ്പില്‍ ആളില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഷെല്‍ട്ടറിന്റെ ചുവരിനു ഇളക്കംതട്ടിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ആലിങ്കീലില്‍ കാറുകള്‍ കൂട്ടിയിടിച്ച് യുവാവിനു ഗുരുതരപരിക്കേറ്റത്.
ഇതിനു പുറമെ കഴിഞ്ഞ 20നു കാക്കത്തുരുത്തി ബസ് സ്റ്റോപ്പിനു സമീപം രണ്ടു ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരണപ്പെട്ടിരുന്നു. കാട്ടാമ്പള്ളി മുതല്‍ കമ്പില്‍ വരെയുള്ള ഭാഗങ്ങളില്‍ നിരവധി അപകടങ്ങളാണുണ്ടായത്.
പലപ്പോഴും അമിതവേഗതയാണു അപകടത്തിനു കാരണമാവുന്നത്. ആനന്ദതീര്‍ഥ കോളനി മുതല്‍ നാറാത്ത് ബസാര്‍ വരെയുള്ള റോഡിലെ ഇറക്കവും പലപ്പോഴും അപകടത്തിനു കാരണമാവുന്നുണ്ട്. കാട്ടാമ്പള്ളി പാലം മുതല്‍ നാറാത്ത് വരെ ഇരുഭാഗങ്ങളിലും തണല്‍മരങ്ങളുണ്ട്. വേനല്‍ക്കാലത്ത് തണല്‍ നല്‍കുമെങ്കിലും പലപ്പോഴും മരത്തില്‍ തട്ടിയാണ് അപകടവും നടക്കുന്നത്.
മെക്കാഡം ടാറിങ് നടത്തിയ ശേഷം റൂട്ടില്‍ അപകടം പതിവായിട്ടുണ്ട്. കമ്പില്‍ ടൗണില്‍ ഡിവൈഡര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ശാസ്ത്രീയമല്ലെന്ന ആക്ഷേപമുണ്ട്. റോഡ് വീതി കൂട്ടി ടാര്‍ ചെയ്ത് ഡിവൈഡര്‍ സ്ഥാപിക്കാനാണു ഫണ്ട് അനുവദിച്ചതെങ്കിലും റോഡിനു വീതിയില്ല. മുമ്പേയുള്ള റോഡില്‍ ഡിവൈഡര്‍ സ്ഥാപിച്ചതോടെ വാഹനങ്ങള്‍ക്കു കടന്നുപോവാനും ബുദ്ധിമുട്ടുകയാണ്.
Next Story

RELATED STORIES

Share it