wayanad local

കാട്ടാന വെടിയേറ്റ് ചരിഞ്ഞ സംഭവം: പ്രതികളെകുറിച്ച് സൂചനയില്ല

സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിന് കീഴില്‍ വരുന്ന നാലാംമൈലില്‍ പിടിയാന വെടിയേറ്റ് ചരിഞ്ഞ സംഭവത്തില്‍ പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല.
എന്നാല്‍, വാഹനത്തില്‍ എത്തിയാണ് ആനയ്ക്ക് നേരെ വെടിയുതിര്‍ത്തതെന്ന നിഗമനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വനംവകുപ്പ്. കഴിഞ്ഞ തിങ്കളാഴ്ച വെളുപ്പിനാണ് 13 വയസ്സ് തോന്നിക്കുന്ന പിടിയാനയെ വെടിയേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അതിനിടയില്‍ അന്വേഷണം അയല്‍സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. അതിര്‍ത്തി റിസോര്‍ട്ടുകള്‍ പ്രത്യേക നിരീക്ഷണത്തിലാണ്. രാത്രി ചെക്‌പോസ്റ്റ് വഴി കടന്നുപോയ വാഹനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജിതമാക്കി.
ഉന്നം പിഴയ്ക്കാത്ത ആളാണ് വെടിയുതിര്‍ത്തതെന്നാണ് നിഗമനം. എന്താണ് പിടിയാനയെ വെടിവയ്ക്കാന്‍ കാരണമെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം കണ്ടെത്താനായില്ല.
വന്യമൃഗ ശല്യത്തിനെതിരായ താക്കീതാണോ എന്ന ചോദ്യവും ബാക്കിയാണ്. മൂന്നു ടീമുകളായാണ് അന്വേഷണം നടക്കുന്നത്. പിടിയാന വെടിയേറ്റ് ചരിയുന്നതു വയനാട് വന്യജീവി സങ്കേതത്തിന്റെ ചരിത്രത്തില്‍ ആദ്യ സംഭവമാണ്. അതുകൊണ്ടു തന്നെ വനംവകുപ്പ് ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഏതുവിധേനയും കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണോദ്യോഗസ്ഥര്‍. കുറ്റവാളികളെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുകാലത്ത് തമിഴ്‌നാട്-കേരള-കര്‍ണാടക സര്‍ക്കാരുകളെ വിറപ്പിച്ച കാട്ടുകള്ളന്‍ വീരപ്പനുശേഷം കാര്യമായ ആനവേട്ടയൊന്നും ഉണ്ടായിട്ടില്ല. വീരപ്പനാണെങ്കില്‍ തന്നെ പിടിയാനകളെ കൊന്നതായും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Next Story

RELATED STORIES

Share it