Idukki local

കാട്ടാനശല്യം നിയന്ത്രിക്കാന്‍ നടപടിയില്ല; കര്‍ഷകര്‍ റോഡ് ഉപരോധിച്ചു

വണ്ടിപ്പെരിയാര്‍: കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചതില്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ദേശീയപാത ഉപരോധിച്ചു. ദേശീയപാത 183ല്‍ വണ്ടിപ്പെരിയാര്‍ 63ാം മൈലിലാണ് റോഡാണ് ഉപരോധിച്ചത്.
ഇന്നലെ ഉച്ചയ്ക്കു ഒരു മണിയോടെ തുടങ്ങിയ ഉപരോധം ഒരു മണിക്കൂറോളം നീണ്ടു. കഴിഞ്ഞ മൂന്നു ദിവസമായി പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനത്തോട് അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശത്ത് കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്.
ഇതിനെതിരേ പരാതികള്‍ പല തവണ നല്‍കിയിട്ടും കാര്യമായ നടപടിയെടുക്കുന്നില്ല.തുടര്‍ന്നാണ് റോഡ് ഉപരോധം അടക്കം കടുത്ത നീക്കങ്ങളുമായി കര്‍ഷകര്‍ മുന്നോട്ട് വന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനക്കൂട്ടം വ്യാപകമായി ഏലത്തോട്ടം നശിപ്പിച്ചിരുന്നു.കാട്ടാനക്കൂട്ടത്തെ തുരത്താന്‍ ശ്രമിച്ച തൊഴിലാളികളെ കാട്ടാനകള്‍ ഓടിക്കുകയും ചെയ്തു.കഴിഞ്ഞ ദിവസം രാത്രിയിലും കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു.
വനാതിര്‍ത്തിക്കുള്ളില്‍ ട്രഞ്ച് നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഉപയോഗ പ്രദമല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.റോഡ് ഉപരോധിച്ചതിനു 13 പേര്‍ക്കെതിരെ വണ്ടിപ്പെരിയാര്‍ പോലിസ് കേസെടുത്തു.എല്ലാവരെയും അറസ്റ്റ് ചെയ്ത് നീക്കിയതിനു ശേഷം മാത്രമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്.ശബരിമല തീര്‍ഥാടകരുടേതടക്കം നിരവധി വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി.
Next Story

RELATED STORIES

Share it