kannur local

കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം; ഹെക്ടര്‍കണക്കിന് കൃഷി നശിച്ചു

ഇരിട്ടി: അയ്യന്‍കുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി ഏഴാംകടവിലും ചെറുപുഴ പഞ്ചായത്തിലെ ചേനാട്ടുകൊല്ലിയിലും കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. ഹെക്ടര്‍കണക്കിന് കൃഷി ഭൂമികള്‍ നശിപ്പിച്ചു. വിട്ടുമുറ്റത്തും റോഡില്‍ വരെ കാട്ടാനക്കൂട്ടം എത്തിയതോടെ പുറത്തിറങ്ങാന്‍ പോലുമാവാതെ ഭീതിയിലാണ് നാട്ടുകാര്‍. ചെറുപുഴയിലെ കാവാലം ഗ്രിഗറീസിന്റെ വീട്ടുമുറ്റത്താണ് ആനക്കൂട്ടം എത്തിയത്. കുലച്ച വാഴകള്‍, ജാതിമരം, കവുങ്ങ് എന്നിവ വ്യാപകമായി നശിപ്പിച്ചു. സമീപത്തെ മുല്ലപ്പള്ളി ജെയിംസിന്റെ നിരവധി റബര്‍ മരങ്ങള്‍, കുലച്ചവലിയ തെങ്ങുകള്‍, കവുങ്ങുള്‍ എന്നിവയും നശിപ്പിച്ചിട്ടുണ്ട്.
മുല്ലപ്പള്ളി കുഞ്ഞിമോന്റെ കവുങ്ങ്, പന, വാഴ, തെങ്ങ് എന്നിവയും നശിപ്പിച്ചു. വലിയ തെങ്ങെടുത്ത് ദൂരേയ്ക്ക് വലിച്ചെറിഞ്ഞു. പത്തോളം വരുന്ന ആനക്കൂട്ടമാണ് കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് നാശം വിതയ്ക്കുന്നത്. പട്ടാപ്പകല്‍ വരെ ഇവിടെ ആനശല്യം രൂക്ഷമാണെന്നു നാട്ടുകാര്‍ പറയുന്നു.
കാനവയം-ചേനാട്ടുകെല്ലി റോഡില്‍ വരെ ആനക്കൂട്ടം എത്തിയിരുന്നു. ആനകള്‍ പകലും ഭീഷണിയായതോടെ കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പോലും രക്ഷിതാക്കള്‍ ഭയപ്പെടുകയാണ്. വൈകീട്ടായാല്‍ തന്നെ നാട്ടുകാര്‍ വീടുകളില്‍ ഒതുങ്ങുകയാണ്. വൈദ്യുതി വേലിയുണ്ടെങ്കിലും ഇത് തകരാറിലായതോടെയാണ് ആനകള്‍ കൃഷിയിടത്തില്‍ എത്തുന്നത്. ഉഴുതുമറിച്ച നിലം പോലെയാണ് ആനകള്‍ ഇറങ്ങിയ പ്രദേശമുള്ളത്. റബര്‍ വിലത്തകര്‍ച്ചയിലും കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്ന തെങ്ങും കവുങ്ങുമെല്ലാം കാട്ടാനകള്‍ കൂട്ടത്തോടെ ഇറങ്ങി നശിപ്പിക്കുന്നത് വന്‍ തിരിച്ചടിയാണ്.
ഉരുപ്പുംകുറ്റി ഏഴാംകടവില്‍ കര്‍ണാടക വനത്തില്‍ നിന്നാണ് ആന ജനവാസ കേന്ദ്രത്തിലെത്തിയത്. ഏഴാംകടവിലെ കളത്തില്‍ ഫിലിപ്പിന്റെ 20 തെങ്ങ്, നിരവധി റബര്‍ മരങ്ങള്‍ എന്നിവ നശിപ്പിച്ചു.
ആനയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേത്തുടര്‍ന്ന് തദ്ദേശ വാസികള്‍ ഭീതിയിലാണ്. മാസങ്ങള്‍ക്കുമുമ്പും ഇവിടെ കാട്ടാനയിറങ്ങി നിരവധിപേരുടെ കൃഷി നശിപ്പിച്ചിരുന്നു. തുടരെ തുടരെയുണ്ടാവുന്ന കാട്ടാനഭീഷണിയില്‍ ആശങ്കയിലാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it