ernakulam local

കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു; ലക്ഷങ്ങളുടെ നഷ്ടം

കാലടി: മലയാറ്റൂര്‍ വനമേഖലയോടു ചേര്‍ന്നുകിടക്കുന്ന കണ്ണിമംഗലം, തട്ടുപാറ പ്രദേശങ്ങളില്‍ കാട്ടാനക്കൂട്ടമിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് പതിവായി.
റബര്‍, വാഴ, തെങ്ങിന്‍ തൈകള്‍, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്. ചിറ്റൂപറമ്പന്‍ ജോര്‍ജ്, ഗോപി, രാഘവന്‍ എന്നിവരുടെ കൃഷിയാണ് പ്രധാനമായും നാമാവശേഷമാക്കിയത്. ഇതുമൂലം മലയോര ഗ്രാമങ്ങളിലെ ജനങ്ങള്‍ ഭീതിയിലാണ്. പന്ത്രണ്ടോളം വരുന്ന ആനകള്‍ കൂട്ടമായെത്തിയാണ് നാശനഷ്ടങ്ങള്‍ വരുത്തിയതെന്ന് സമീപവാസികള്‍ വ്യക്തമാക്കി. ഇവിടെ കമ്പിവേലി നിര്‍മിക്കണമെന്നും കൃഷിയെ സംരക്ഷിക്കണമെന്നുമുള്ള ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇപ്പോള്‍ പാട്ടകൊട്ടിയും പടക്കംപൊട്ടിച്ചുമെല്ലാമാണ് ആനയിറങ്ങുമ്പോള്‍ ജനങ്ങള്‍ പ്രതികരിക്കുന്നത്. ഇത് പലപ്പോഴും വേണ്ടത്ര ഗുണകരമാവാറില്ല. പലരും പാട്ടത്തിനും ബാങ്കുകളില്‍നിന്നും വായ്പയെടുത്തുമാണ് കൃഷി ചെയ്തിട്ടുള്ളത്.
ഏകവരുമാനമാര്‍ഗവും ഇതില്‍നിന്നാണ്. ഈ അവസ്ഥയില്‍ കൃഷിചെയ്ത് ജീവിക്കാനാവില്ലെന്നും അടിയന്തര പരിഹാരമുണ്ടാവണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇവയുടെ ആക്രമണംമൂലം മുമ്പെങ്ങുമുണ്ടാവാത്ത നാശമാണ് വിതച്ചതെന്നും 500ല്‍പരം വാഴകളും ആയിരത്തോളം റബര്‍തൈ, തെങ്ങിന്‍തൈകള്‍ എന്നിവയും ചവിട്ടിയൊടിച്ചും പറിച്ചെറിഞ്ഞും നശിപ്പിച്ചുവെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
ആധുനിക സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ച് ഇവയുടെ ശല്യം ചെറുക്കുമെന്നും രാത്രികാല പട്രോളിങ്ങും കാവലും ഉറപ്പാക്കുമെന്നും വനം വകുപ്പ് അധികൃതരും പോലിസും ഉറപ്പു നല്‍കി. നാട്ടുകാരുടെ ശക്തമായ പ്രതിഷേധവും നിലനില്‍ക്കുകയാണ്.
Next Story

RELATED STORIES

Share it