thiruvananthapuram local

കാട്ടാക്കട പോസ്റ്റ് ഓഫിസില്‍ പെന്‍ഷന്‍ വാങ്ങാനെത്തുന്ന ഗുണഭോക്താക്കള്‍ ദുരിതത്തില്‍

കാട്ടാക്കട: ഇടപാടുകള്‍ നടത്താനായി ആവശ്യത്തിനു കൗണ്ടര്‍ ഇല്ലാത്തതിനാല്‍ കാട്ടാക്കട പോസ്റ്റ് ഓഫിസില്‍ പെന്‍ഷന്‍ വാങ്ങാന്‍ എത്തുന്ന ഗുണഭോക്താക്കള്‍ ദുരിതത്തില്‍.
നാലായിരത്തോളം പേര്‍ക്കാണ് പോസ്റ്റ് ഓഫിസ് വഴി പെന്‍ഷന്‍ തുക വിതരണം ചെയ്യേണ്ടത്.തുക മുഴുവന്‍ ഇതിനോടകം തന്നെ എത്തിയിട്ടുണ്ടെങ്കിലും. വിതരണത്തിലെ അപാകതയാണ് ഗുണഭോക്താക്കളെ വലയ്ക്കുന്നത്.
രാവിലെ 10ന് തുടങ്ങുന്ന വിതരണത്തിന് എട്ടു മണിക്ക് തന്നെ നീണ്ട നിരയാണ്. ഇത്രയും പേരെ ഉള്‍ക്കൊള്ളാന്‍ സ്ഥലപരിമിതി ഇല്ലാത്തതും ആവശ്യത്തിനു ഇരിപ്പിടം ഇല്ലാത്തതുമാണ് ദുരിതം വര്‍ധിപ്പിക്കുന്നത്. വാര്‍ധക്യത്തിന്റെ അവശതയിലും നിലത്തിരിക്കുകയും കിടക്കുകയും ചെയ്യേണ്ട അവസ്ഥയാണ് പോസ്റ്റ് ഓഫിസില്‍ എത്തുന്നവര്‍ക്കുള്ളത്.
പെന്‍ഷന്‍ വിതരണത്തിനായി രണ്ടു കൗണ്ടര്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ സമയം വിതരണത്തിന് വേണ്ടിവരുന്നതിനാല്‍ ശാരീരിക അസ്വാസ്ഥ്യമുള്ളവര്‍ മടങ്ങിപ്പോവുന്ന അവസ്ഥയമുണ്ട്. വൃദ്ധരും വികലാംഗരും വിധവകളും കര്‍ഷക തൊഴിലാളികളുമടക്കമുള്ള നിര്‍ധനര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ആശ്രയമായി കാണുന്നത് പെന്‍ഷന്‍ തുകയാണ്. പെന്‍ഷന്‍ തുക വാങ്ങി ആശുപത്രിയില്‍ പോവുകയും മരുന്നുവാങ്ങുകയും ചെയ്യാമെന്ന് കരുതയെത്തുന്നവരാണ് നിരാശരായി മടങ്ങുന്നത്. കിലോമീറ്ററുകള്‍ ദൂരെ നിന്നും ഓട്ടോറിക്ഷയിലും ബന്ധുക്കളുടെയോ അയല്‍വാസിയുടെയോ സഹായത്താലുമാണ് ഇവരിവിടെ എത്തുന്നത്.
ഇങ്ങനെ വരുന്നവര്‍ പെന്‍ഷന്‍ കിട്ടാതെ മടങ്ങുമ്പോള്‍ ഓട്ടോറിക്ഷക്കൂലി കടം വാങ്ങി നല്‍കേണ്ട സ്ഥിതിയാണ്. പെന്‍ഷന്‍ വിതരണത്തിനായി ഉച്ചയ്ക്ക് ഒന്നുവരെ അധികൃതര്‍ സമയം നിജപ്പെടുത്തിയതിനാല്‍ ബാക്കിയുള്ളവര്‍ക്ക് ടോക്കണ്‍ നല്‍കി മടക്കി അയയ്ക്കുകയാണ്.
ഇതോടെ, അടുത്തദിവസം ടോക്കണ്‍ ക്രമം പാലിക്കാന്‍ പറ്റാതെ വരുന്നതും ഗുണഭോക്താക്കളെ വലയ്ക്കു—ന്നു. രണ്ടു മാസത്തെ പെന്‍ഷനായി ആയിരം രൂപ കിട്ടുമ്പോള്‍ രണ്ടുദിവസത്തെ യാത്രയ്ക്കായി മാത്രം നാന്നൂറോളം രൂപ നഷ്ടമാവുന്നതായും പരാതിയുണ്ട്. പെന്‍ഷന്‍ വിതരണത്തിനായി കൂടുതല്‍ കൗണ്ടറുകള്‍ തുറക്കണമെന്നും അവശത അനുഭവിക്കുന്നവര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും ഗുണഭോക്താക്കളും കൂടെയെത്തുന്നവരും ആവശ്യപ്പെടുന്നു
Next Story

RELATED STORIES

Share it