kannur local

കാഞ്ഞിലേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടിനു നേരെ കല്ലേറ്

മാലൂര്‍: കാഞ്ഞിലേരിയില്‍ കാറിനും കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ വീടിനും കല്ലേറ്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് സംഭവം. മാലൂര്‍ പഞ്ചായത്ത് മുന്‍ അംഗവും ഡിസിസി എക്‌സിക്യൂട്ടീവ് അംഗവുമായ രാഘവന്‍ കാഞ്ഞിരോളിയുടെ ഭാര്യയും പഞ്ചായത്ത് അംഗവുമായ വി സുജാതയുടെ കെ എല്‍ 58 ജെ 4197 നമ്പര്‍ കാറിനുനേരേയാണ് കല്ലേറുണ്ടായത്. പിന്‍ഭാഗത്തെ ചില്ല് തകര്‍ന്നു. നേരത്തേ ഈ കാറിന് റീത്തുവച്ച സംഭവമുണ്ടായിരുന്നു. ഇവിടെനിന്ന് 200 മീറ്റര്‍ അകലെ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ കെ സോജയുടെ വീടിനുനേരേയും കല്ലേറുണ്ടായി. മുന്‍വശത്തെ ജനല്‍ച്ചില്ല് തകര്‍ന്നു.
ബൈക്കിലെത്തിയ സംഘമാണ് അക്രമത്തിനു പിന്നിലെന്ന് വീട്ടുകാര്‍ പറഞ്ഞു. മാലൂര്‍ പഞ്ചായത്ത് മുന്‍ അംഗമായ സോജ യുഡിഎഫ് സ്ഥാനര്‍ഥിയായി ബ്ലോക്കിലേക്കു മല്‍സരിച്ച് പരാജയപ്പെട്ടിരുന്നു. രണ്ടുസംഭവങ്ങളിലും മാലൂര്‍ പോലിസ് കേസെടുത്തു. സംഭവങ്ങള്‍ക്കു പിന്നില്‍ പുറത്തുനിന്നെത്തിയ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകീട്ട് കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ മാലൂര്‍ സിറ്റിയില്‍ പൊതുയോഗം നടത്തി.
Next Story

RELATED STORIES

Share it