Kottayam Local

കാഞ്ഞിരപ്പള്ളി ടൗണില്‍ മാലിന്യ നീക്കം നിലച്ചു

കാഞ്ഞിരപ്പള്ളി: മനുഷ്യാവകാശ കമ്മീഷന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് ടൗണ്‍ ഹാള്‍ പരിസരത്ത് മാലിന്യം തള്ളുന്നത് നിര്‍ത്തലാക്കിയതോടെ കാഞ്ഞിരപ്പള്ളി ടൗണിലെ മാലിന്യ നീക്കം നിലച്ചു. മാലിന്യം നിക്ഷേപത്തിനു മറ്റു സൗകര്യങ്ങളില്ലാത്ത ടൗണിലെ മാലിന്യങ്ങള്‍ മുഴുവന്‍ പാതയോരങ്ങളിലും ഫുഡ്പാത്തുകളിലും ബസ് സ്റ്റാന്‍ഡിലും കുമിഞ്ഞുകൂടുകയാണ്. ടൗണിലെ മാലിന്യങ്ങള്‍ ശേഖരിച്ച് ടൗണ്‍ഹാള്‍ വളപ്പില്‍ നിക്ഷേപിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. മാലിന്യ നിക്ഷേപം രൂക്ഷമാണെന്നും ഇതു പകര്‍ച്ചവ്യാധി പകര്‍ത്താന്‍ സാധ്യതയുണ്ടെന്നും കാട്ടി തേജസ് റിപോര്‍ട്ടിനെ തുടര്‍ന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ നാസര്‍ കിണറ്റുകര ആരോഗ്യ വകുപ്പ് കമ്മീഷനും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും ഹെല്‍ത്ത് ഓഫിസര്‍ക്കും പരാതി നല്‍കിയിരുന്നു.
ഇവരുടെ നേതൃത്വത്തില്‍ ടൗണ്‍ഹാള്‍ പരിസരം സന്ദര്‍ശിച്ച് പരിശോധന നടത്തിയാണു കമ്മീഷന്‍ മുമ്പാകെ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. ചിറ്റാര്‍ പുഴയോരത്തെ മാലിന്യ കൂമ്പാരം ഗുരുതര ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കു വഴി ഒരുക്കുമെന്നും അഴുകിയ മാലിന്യങ്ങളില്‍ നിന്നും ചെള്ള്, ഈച്ചകള്‍, കൊതുകുകള്‍ എന്നിവ പെരുകുന്നതായും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നത് പരിസരവാസികള്‍ക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും ചിറ്റാര്‍ പുഴയിലെ വെള്ളം മലിനപ്പെട്ടുവെന്നും റിപോര്‍ട്ടില്‍ പറയുന്നു.
മുന്‍ ഭരണസമിതി വഴിക്കത്തോട്ട് തോട്ടം കവലയില്‍ മാലിന്യ നിര്‍മാജന പ്ലാന്റ് സ്ഥാപിക്കാന്‍ ആരംഭിച്ച നടപടി നാട്ടുകാരുടെ ശക്തമായ എതിര്‍പ്പുകളെയും സമരത്തെയും തുടര്‍ന്ന് നിര്‍ത്തിവെയ്ക്കുകയാണുണ്ടായത്. മാലിന്യ നിക്ഷേപത്തിന് സൗകര്യങ്ങളില്ലാത്ത കാഞ്ഞിരപ്പള്ളി ടൗണിലെ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിന് അടിയന്തിര നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ടൗണിലും പരിസര പ്രദേശങ്ങളിലും മാലിന്യങ്ങളുടെ നിക്ഷേപം മൂലം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നു.
ഒരാഴ്ച്ചയായി മാലിന്യ നീക്കം നടക്കാത്തതിനാല്‍ ഇവിടമാകെ അസഹ്യമായ ദുര്‍ഗന്ധമാണ്. ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങള്‍ എത്തുന്ന ബസ് സ്റ്റാന്‍ഡില്‍ കാര്യമായ ശുദ്ധീകരണം നടക്കുന്നില്ല. ഇതിനിടെ കഴിഞ്ഞ ദിവസം ബസ് സ്റ്റാന്‍ഡില്‍ കൂട്ടിയിട്ട മാലിന്യത്തിനു തീപ്പിടിക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it