wayanad local

കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂസമരം: മുതലെടുപ്പിന് മുന്നണികളുടെ ശ്രമം

കല്‍പ്പറ്റ: വനംവകുപ്പ് അന്യായമായി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കുന്നതിന് കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാല്‍ പരേതരായ ജോര്‍ജ്-ഏലിക്കുട്ടി ദമ്പതികളുടെ കുടുംബാംഗങ്ങള്‍ കലക്ടറേറ്റ് പടിക്കല്‍ 2015 ആഗസ്ത് 15 മുതല്‍ നടത്തുന്ന സത്യഗ്രഹത്തെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗപ്പെടുത്താന്‍ മുന്നണികളുടെ ശ്രമം.
ഇതിന്റെ ഭാഗമായി ബിജെപി സംസ്ഥാന സമിതി അംഗവും കല്‍പ്പറ്റ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കെ സദാനന്ദന്‍ 20ന് സമരപ്പന്തലില്‍ കാഞ്ഞിരത്തിനാല്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം സത്യഗ്രഹം ഇരുന്നു. തൊട്ടടുത്ത നാള്‍ യുഡിഎഫ് നേതാവും വയനാട് എംപിയുമായ എം ഐ ഷാനവാസ് സമരപ്പന്തലിലെത്തി കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു സൗജന്യ നിയമസഹായം വാഗ്ദാനം ചെയ്തു. ഒരു കുടുംബത്തെ 40 വര്‍ഷമായി വേട്ടയാടുന്നത് സമൂഹ മനസ്സാക്ഷിയോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്ന് അഭിപ്രായപ്പെട്ട എംപി ഭൂവിഷയത്തില്‍ റവന്യൂ, വനംവകുപ്പുകള്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം വിശദമായി പരിശോധിച്ച് കോടതിയെ ബോധ്യപ്പെടുത്തുമെന്നും പറഞ്ഞു. ജില്ലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ സി കെ ശശീന്ദ്രന്‍, രുഗ്മിണി സുബ്രഹ്മണ്യന്‍, ഒ ആര്‍ കേളു എന്നിവര്‍ പി കൃഷ്ണപ്രസാദിനൊപ്പം കഴിഞ്ഞ ദിവസം സമരപ്പന്തല്‍ സന്ദര്‍ശിച്ചു. എല്‍ഡിഎഫിന് അധികാരം ലഭിച്ചാല്‍ ഭൂമി പ്രശ്‌നം പരിഹരിക്കുമെന്ന് ഇവര്‍ ഉറപ്പുനല്‍കി.
ഏഴു വര്‍ഷമായി എംപി സ്ഥാനത്തുള്ള ഷാനവാസ് സൗജന്യ നിയമസഹായം വാഗ്ദാനം ചെയ്തതിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പരിഹസിച്ചു. ഇത്രയും കാലം പ്രശ്‌നപരിഹാരത്തിന് ഇടപെടാതിരുന്ന എംപി കാഞ്ഞിരത്തിനാല്‍ കുടുംബത്തോടും വയനാടന്‍ ജനതയോടും മാപ്പുപറയണമെന്ന് കര്‍ഷകസംഘം നേതാവ് പി കൃഷ്ണപ്രസാദ് ആവശ്യപ്പെട്ടു. കാഞ്ഞിരങ്ങാട് വില്ലേജില്‍ റീസര്‍വേ 238/1ലാണ് കാഞ്ഞിരത്തിനാല്‍ കുടുംബം അവകാശവാദം ഉന്നയിക്കുന്ന ഭൂമി.
1967ല്‍ കുട്ടനാട് കാര്‍ഡമം കമ്പനിയില്‍ നിന്നു മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫിസിലെ 2717 നമ്പര്‍ ജന്മം തീറാധാരപ്രകാരം വിലയ്ക്കു വാങ്ങിയതാണ് ഈ മണ്ണ്. ഇതില്‍ 10 ഏക്കര്‍ കാഞ്ഞിരങ്ങാട് വില്ലേജില്‍ റീ സര്‍വേ 238/1ല്‍ വിജ്ഞാപനം ചെയ്ത 15.41 ഏക്കറിന്റെ ഭാഗമാണെന്ന് 1982 ഡിസംബര്‍ ഒന്നിന് കസ്റ്റോഡിയന്‍ ആന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് വെസ്റ്റഡ് ഫോറസ്റ്റ് (കോഴിക്കോട്) മാനന്തവാടി താലൂക്ക് ഓഫിസില്‍ അറിയിക്കുകയുണ്ടായി. വിജ്ഞാപനത്തിന്റെ പകര്‍പ്പും ഹാജരാക്കി. ഇതേത്തുടര്‍ന്ന് കാഞ്ഞിരത്തിനാല്‍ കുടുംബത്തില്‍ നിന്നു ഭൂനികുതി സ്വീകരിക്കുന്നത് നിര്‍ത്തിവച്ചു.
വനംവകുപ്പിന്റെ നടപടിക്കെതിരേ കൈവശക്കാര്‍ കോഴിക്കോട് ഫോറസ്റ്റ് ട്രൈബ്യൂണലില്‍ നല്‍കിയ പരാതിയില്‍ 75 സെന്റ് സ്ഥലം വിട്ടുകൊടുക്കാനാണ് ഉത്തരവായത്. ഇതിനെതിരേ കാഞ്ഞിരത്തിനാല്‍ സഹോദരന്മാര്‍ സമര്‍പ്പിച്ച അപ്പീലില്‍ (എംഎഫ്എ 492/850) ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയാണുണ്ടായത്.
ഭൂമിയില്‍ അവകാശം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി 2005 തുടക്കത്തില്‍ ജോര്‍ജും ഭാര്യ ഏലിക്കുട്ടിയും കലക്ടറേറ്റ് പടിക്കല്‍ ദിവസങ്ങളോളം സത്യഗ്രഹം നടത്തിയിരുന്നു. അക്കൊല്ലം മാര്‍ച്ചില്‍ അന്നത്തെ മേപ്പയ്യൂര്‍ എംഎല്‍എ മത്തായി ചാക്കോ ഭൂമി പ്രശ്‌നം നിയമസഭയില്‍ ഉന്നയിച്ചു. മത്തായി ചാക്കോ പരാമര്‍ശിച്ച ഭൂമി നിക്ഷിപ്ത വനമായി സംരക്ഷിക്കുന്നതാണെന്നാണ് വനംമന്ത്രി ബിനോയ് വിശ്വം സഭയില്‍ അറിയിച്ചത്. ഇതേത്തുടര്‍ന്ന് കര്‍ഷകസംഘം വയനാട് ഘടകം പ്രശ്‌നത്തില്‍ ഇടപെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ 2006ല്‍ മുഖ്യമന്ത്രിയായിരുന്ന വിഎസ് നിര്‍ദേശിച്ചതനുസരിച്ച് നടന്ന സംയുക്ത പരിശോധനയില്‍ കാഞ്ഞിരത്തിനാല്‍ കുടുംബം വിലയ്ക്കു വാങ്ങിയ 12 ഏക്കര്‍ സ്ഥലം വനഭൂമിയുടെ ഭാഗമല്ലെന്നു കണ്ടെത്തി.
ഈ സ്ഥലം വിട്ടുകൊടുക്കാനും ഭൂനികുതി സ്വീകരിക്കാനും 2006 ഒക്‌ടോബറില്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതനുസരിച്ച് 2007 നവംബര്‍ 24ന് ജോര്‍ജ് കാഞ്ഞിരങ്ങാട് വില്ലേജ് ഓഫിസില്‍ ഭൂനികുതി അടച്ചു. എങ്കിലും അദ്ദേഹത്തിന് ഭൂമിയില്‍ കൃഷിയിറക്കാനായില്ല.
മരങ്ങള്‍ വെട്ടിനീക്കി മണ്ണൊരുക്കുന്നതിന് ജോര്‍ജ് നല്‍കിയ അപേക്ഷ വനംവകുപ്പ് നിരസിച്ചു. ഇതിനു പിന്നാലെ സ്ഥലം 1985ലെ ഫോറസ്റ്റ് ട്രൈബ്യൂണല്‍ വിധി പ്രകാരം വനഭൂമിയാണെന്നും ഇക്കാര്യം ഹൈക്കോടതി അംഗീകരിച്ചിട്ടുള്ളതാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിട്ടുകൊടുക്കാന്‍ സാധിക്കില്ലെന്നും കാണിച്ച് സംസ്ഥാന വനം സെക്രട്ടറി ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി.
വനഭൂമി വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനെതിരേ തൃശൂര്‍ ആസ്ഥാനമായുള്ള പരിസ്ഥിതി സംഘടന ഹൈക്കോടതിയില്‍ നിന്നു സ്റ്റേയും സമ്പാദിച്ചു. സ്റ്റേ നീക്കിക്കിട്ടുന്നതിനു നല്‍കിയ ഹരജിയില്‍ തീര്‍പ്പാവുന്നതിനു മുമ്പ് 2009 നവംബര്‍ രണ്ടിന് ഏലിക്കുട്ടിയും 2012 ഡിസംബര്‍ 13ന് ജോര്‍ജും മരിച്ചു.
അവകാശത്തര്‍ക്കം നിലനില്‍ക്കെ, 2013 ഒക്‌ടോബര്‍ 22ന് വനംവകുപ്പ് ഭൂമി വീണ്ടും വിജ്ഞാപനം ചെയ്ത് ജണ്ടകെട്ടി തിരിച്ചു. ഈ സാഹചര്യത്തിലാണ് കാഞ്ഞിരത്തിനാല്‍ ജോര്‍ജ്-ഏലിക്കുട്ടി ദമ്പതികളുടെ മകള്‍ ട്രീസയും ഭര്‍ത്താവ് ജെയിംസും ഇവരുടെ രണ്ടു മക്കളും കലക്ടറേറ്റ് പടിക്കല്‍ സത്യഗ്രഹം ആരംഭിച്ചത്.
Next Story

RELATED STORIES

Share it