kasaragod local

കാഞ്ഞങ്ങാട് യുഡിഎഫ് സ്ഥാനാര്‍ഥി അനിശ്ചിതത്വം തുടരുന്നു; ഘടകകക്ഷികള്‍ അമര്‍ഷത്തില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഇനിയും തീരുമാനമായിട്ടില്ല. സീറ്റിനായി കോണ്‍ഗ്രസിലെ നേതാക്കള്‍ പിടിവലി നടത്തുന്നുണ്ടെങ്കിലും കെപിസിസി ഇതുവരെ ഔദ്യോഗികമായി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിട്ടില്ല.
ആദ്യം കാഞ്ഞങ്ങാട്ടെ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ വേണുഗോപാലന്‍ നമ്പ്യാരുടെ പേരായിരുന്നു പരിഗണിച്ചത്. പിന്നീട് ഹക്കീം കുന്നില്‍, ഐഎന്‍ടിയുസി നേതാവ് പി ജി ദേവ്, ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജുകട്ടക്കയം, കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹരീഷ് പി നായര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് എന്നിവരുടെ പേരും ഉയര്‍ന്ന് കേട്ടിരുന്നു. രാജുകട്ടക്കയത്തെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് ബളാല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടനവും നടന്നിരുന്നു.
യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കണമെന്ന എഐസിസിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡിസിസി സെക്രട്ടറിയും കെപിസിസി നിര്‍വാഹക സമിതി അംഗം പി ഗംഗാധരന്‍നായരുടെ മകളുമായ ധന്യാസുരേഷിന്റെ പേരാണ് സജീവമായി പരിഗണിക്കപ്പെട്ടത്. എന്നാല്‍ ഐഎന്‍ടിയുസിക്ക് പ്രാതിനിധ്യം നല്‍കുന്നതിന് പി ജി ദേവിനെ പരിഗണിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. എന്നാല്‍ അടുത്തകാലത്ത് മാത്രം പാര്‍ട്ടിയില്‍ സജീവമായ ധന്യാസുരേഷിനെ പരിഗണിക്കുന്നത് കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
മണ്ഡലത്തിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം അനിശ്ചിതമായി നീളുന്നത് യുഡിഎഫ് ഘടകകക്ഷികളും അമര്‍ഷത്തിലാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ ചന്ദ്രശേഖരനും ബിഡിജെഎസ് സ്ഥാനാര്‍ഥി പി രാഘവനും മണ്ഡലത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായെങ്കിലും യുഡിഎഫ് ക്യാംപില്‍ മൂകതയാണ്.
പൊതുസമ്മതനായ സ്വതന്ത്രന്‍ എന്ന നിലയില്‍ വേണുഗോപാലന്‍ നമ്പ്യാരെ സ്ഥാനാര്‍ഥിയാക്കണമെന്ന് ജില്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും കൈപ്പത്തി ചിഹ്നത്തില്‍ തന്നെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നാണ് കെപിസിസി നിര്‍ദ്ദേശിച്ചത്. വേണുഗോപാലന്‍ നമ്പ്യാര്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്നും അറിയിച്ചിട്ടുണ്ട്.
യുഡിഎഫിന് വിജയസാധ്യതയില്ലാത്ത മണ്ഡലമായിട്ടും സ്ഥാനാര്‍ഥിയെ നിര്‍ത്താനാവാത്തത് അണികളിലും പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാന ഐഎന്‍ടിയുസി നേതൃത്വത്തെ അനുനയിപ്പിക്കാന്‍ ഐഎന്‍ടിയുസിക്ക് കാഞ്ഞങ്ങാട് സീറ്റ് നല്‍കണമെന്ന ചര്‍ച്ച സജീവമായി നടക്കുന്നുണ്ട്. എന്നാല്‍ യുവ വനിതാ പ്രാതിനിധ്യം കണക്കിലെടുത്ത് ധന്യാസുരേഷിനെ മല്‍സരിപ്പിക്കണമെന്നാണ് ഡിസിസിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുള്ളത്.
Next Story

RELATED STORIES

Share it