kasaragod local

കാഞ്ഞങ്ങാട് മണ്ഡലം ലീഗ് സെക്രട്ടറിയെ നീക്കി; പ്രസിഡന്റിന്റെ രാജിക്കും സമ്മര്‍ദ്ദം

കാസര്‍കോട്: മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കല്ലട്രമാഹിന്‍ ഹാജിയെ പി കെ കുഞ്ഞാലികുട്ടി നയിച്ച കേരള യാത്രയുടെ സ്വീകരണ പരിപാടിക്കിടെ കാഞ്ഞങ്ങാട് വച്ച് അസഭ്യം പറഞ്ഞ് അപമാനിച്ചതായുള്ള പരാതിയില്‍ നടപടിയായി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ടി ഇ അബ്ദുല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ എന്നിവര്‍ സമര്‍പ്പിച്ച അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നിലവിലുള്ള മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്തിനെ ശാസിക്കാനും എം പി ജാഫറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നു ഒഴിവാക്കാനുമാണ് സംസ്ഥാന അച്ചടക്ക സമിതി തീരുമാനിച്ചത്. എന്നാല്‍ മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് രാജിവയ്ക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിട്ടുണ്ട്. അടുത്ത് തന്നെ ചേരുന്ന ജില്ലാ ലീഗ് കമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമാവും.
പുതിയ മണ്ഡലം ജനറല്‍ സെക്രട്ടറിയെ കാഞ്ഞങ്ങാട് മണ്ഡലം കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത് തീരുമാനിക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ പറഞ്ഞു. നേതാക്കള്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കല്ലട്ര മാഹിന്‍ ഹാജി കഴിഞ്ഞയാഴ്ച രാജിവച്ചിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാനാണ് ഇപ്പോള്‍ കാഞ്ഞങ്ങാട് മണ്ഡലം നേതാക്കള്‍ക്കെതിരെ നടപടി എടുത്തത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ കൈവശമുണ്ടായിരുന്ന കാഞ്ഞങ്ങാട് നഗരസഭാ ഭരണം നഷ്ടപ്പെടാന്‍ കാരണം എം പി ജാഫറിന്റെയും ബഷീര്‍ വെള്ളിക്കോത്തിന്റെയും ചില കളികളായിരുന്നുവെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്.
നേരത്തെ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സനായിരുന്ന ഹസീന തജുദ്ദീന്റെ അടുത്ത ബന്ധുവാണ് എം പി ജാഫര്‍. കാഞ്ഞങ്ങാട്ടെ വിവാദ ബാറിന് എതിര്‍പ്പില്ലാ രേഖ നഗരസഭ നല്‍കിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരസഭയിലെ 11 ലീഗ് കൗണ്‍സിലര്‍മാരേയും സസ്‌പെന്റ് ചെയ്യുകയും മണ്ഡലം കമ്മിറ്റി പിരിച്ചുവിടുകയുംചെയ്തിരുന്നു.
പിന്നീട് പുനസംഘടിപ്പിച്ച കമ്മിറ്റിയില്‍ എം പി ജാഫര്‍ വന്നതോടെയാണ് കാഞ്ഞങ്ങാട് നഗരസഭാ ഭരണം പോലും യുഡിഎഫിന് നഷ്ടമായത്. കാഞ്ഞങ്ങാട്ടെ ചില ലീഗ് നേതാക്കള്‍ പാര്‍ട്ടിയെ തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വിനിയോഗിക്കുകയും പ്രവര്‍ത്തകരെ നിരന്തരം പീഡിപ്പിക്കുകയും ചെയ്യുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു. ലീഗ് ഭരിച്ചിരുന്ന അജാനൂര്‍ പഞ്ചായത്ത് ഭരണം നഷ്ടപ്പെടാനും ഈ വിഭാഗീയത കാരണമായിരുന്നു. മണ്ഡലം സെക്രട്ടറി മാറുന്നതോടെ പുതിയ പ്രസിഡന്റും വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it