kasaragod local

കാഞ്ഞങ്ങാട് ബാര്‍ വിവാദം വീണ്ടും; സിപിഎം ചെയര്‍മാന്‍ സ്ഥാനാര്‍ഥിക്ക് വേണ്ടി ബിജെപി നേതാവ്

എ പി വിനോദ്

കാഞ്ഞങ്ങാട്: ചതുര്‍നക്ഷത്ര ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കുന്നതിന് എതിര്‍പ്പില്ലാ രേഖ നല്‍കിയതിന്റെ പേരില്‍ മുസ്‌ലിംലീഗ് ചെയര്‍പേഴ്‌സന് സ്ഥാനം ഒഴിയേണ്ടിവന്ന കാഞ്ഞങ്ങാട് നഗരസഭയില്‍ വീണ്ടും ചതുര്‍നക്ഷത്ര ഹോട്ടല്‍ വിവാദം.
സിപിഎം ചെയര്‍മാന്‍ സ്ഥാനാര്‍ഥി വി വി രമേശന്‍ മല്‍സരിക്കുന്ന നഗരസഭയിലെ നാലാം വാര്‍ഡായ അതിയാമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന സിഎംപി ജില്ലാ സെക്രട്ടറി ബി സുകുമാരന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ചതുര്‍നക്ഷത്ര ഹോട്ടല്‍ ഉടമയും ബിജെപിയുടെ മുന്‍ നഗരസഭാ കൗണ്‍സിലറുമായ എം നാഗരാജ് സമ്മര്‍ദ്ദം ചെലുത്തിയതായി പരാതി. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളായ എ കെ നാരായണന്റെയും പി പൊക്ലന്റേയും അനുഗ്രഹം തേടിയാണ് സിഎംപി (സിപി ജോണ്‍ വിഭാഗം) സ്ഥാനാര്‍ഥിയായ ബി സുകുമാരന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതെന്നും എന്നാല്‍ ഇവരൊന്നും പറയാതെ ബിജെപി നേതാവ് തന്റെ ബാര്‍ നിര്‍മാണത്തിന് രമേശന്‍ ചെയര്‍മാനാവണമെന്നും അതുകൊണ്ട് മല്‍സരത്തില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടതെന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. സംഭവം ജില്ലയിലെ സിപിഎമ്മില്‍ തന്നെ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
നഗരസഭയിലെ അനധികൃത കെട്ടിടത്തിന്റെ പേരിലും ബാറിന് എതിര്‍പ്പില്ലാ രേഖ നല്‍കിയതിന്റെ പേരിലും സിപിഎം നഗരസഭക്ക് അകത്തും പുറത്തും ശക്തമായ പ്രക്ഷോഭം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി മുന്‍ കൗണ്‍സിലറായ എം നാഗരാജ് സിപിഎമ്മിന് വേണ്ടി പരസ്യമായി രംഗത്തെത്തിയത്.
കാഞ്ഞങ്ങാട് നഗരസഭയില്‍ മുസ്‌ലിംലീഗ്, സിപിഎം, കോണ്‍ഗ്രസ് കൂട്ടുകെട്ട് ചില വ്യാപാര പ്രമുഖര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന പ്രചാരണം ശക്തമായിരിക്കുമ്പോഴാണ് സിഎംപി ജില്ലാ സെക്രട്ടറിയും സ്ഥാനാര്‍ഥിയുമായ ബി സുകുമാരന്‍ വാര്‍ത്താസമ്മേളനത്തില്‍ നാഗരാജിനെതിരെ രംഗത്തുവന്നത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും നിരന്തരമായി ഭീഷണികോളുകള്‍ വരുന്നുണ്ടെന്നും ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ വിവാദത്തെ തുടര്‍ന്ന് അന്വേഷണം നടത്തണമെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റികള്‍ തന്നെ ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it