kasaragod local

കാഞ്ഞങ്ങാട് നഗരസഭയിലെ മുഴുവന്‍ വീടുകള്‍ക്കും ശൗചാലയം ഉറപ്പുവരുത്തും

കാഞ്ഞങ്ങാട്: നഗരസഭയിലെ മുഴുവന്‍ വീടുകള്‍ക്കും ശൗചാലയം ഉറപ്പാക്കുന്നു. നിലവിലുള്ളതില്‍ 180 വീടുകളിലാണ് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ളസൗകര്യം ഇല്ലാതിരുന്നത്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നടത്തിയ സര്‍വേയില്‍ 600ല്‍ പരം വീടുകള്‍ക്ക് ശൗചാലയമില്ലെന്ന് കണ്ടെത്തിയിരുന്നു. പുതിയ ഭരണസമിതി വന്ന് സ്വച്ഛ് ഭാരത് മിഷന്‍ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് അതിന്റെ നാലിലൊന്ന് വീടുകള്‍ക്ക് മാത്രമാണ് ശൗചാലയമില്ലെന്ന് കണ്ടെത്തിയത്.
ഇതിനായി ഇത്രയും ശൗചാലയം കൂടി വ്യക്തിഗത ആനുകൂല്യമായി നല്‍കി പണിയാന്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പദ്ധതി പ്രകാരം വ്യക്തിഗത ആനുകൂല്യമായി 15,400 രൂപയും കേന്ദ്രവിഹിതമായി നാലായിരവും സംസ്ഥാന വിഹിതമായി 1333 രൂപയും നഗരസഭ വിഹിതമായി 10067 രൂപയും ലഭിക്കും.
ശൗചാലയം നിര്‍മാണത്തിന് മുനിസിപ്പല്‍ ചട്ടപ്രകാരം പ്ലാനിങ് പെര്‍മിറ്റും ആവശ്യമാണ്. അപേക്ഷകള്‍ ആനുകൂല്യം ലഭ്യമാക്കുന്നതിന് ബാങ്ക് അക്കൗണ്ട് നമ്പര്‍, പാസ് ബുക്കിന്റെ പകര്‍പ്പുകള്‍, ആധാര്‍ കാര്‍ഡ്, ഐഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ് പകര്‍പ്പുകള്‍, ഫോട്ടോ, സത്യവാങ്മൂലം എന്നിവ സമര്‍പ്പിക്കേണ്ടതാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ കൗണ്‍സിലിനെ അറിയിച്ചു.
ദാരിദ്രനിര്‍മാര്‍ജന പദ്ധതി പ്രകാരം ശൗചാലയം പണിയുന്നതിന് ധനസഹായത്തിന് അപേക്ഷിച്ചവര്‍ക്ക് ധനസഹായം കിട്ടാത്ത സ്ഥിതിയുണ്ടെന്ന് കൗണ്‍സിലര്‍മാര്‍ പരാതിപ്പെട്ടു. നഗരസഭയിലെ ഇരുപത്തഞ്ചാം വാര്‍ഡില്‍ മൂന്നര ലക്ഷത്തോളം ഗുണഭോക്തൃ കമ്മിറ്റി കൈപ്പറ്റിയെങ്കിലും യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് തുക ലഭിച്ചില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ സരസ്വതി പറഞ്ഞു.
ഗുണഭോക്തൃയോഗം വിളിക്കാന്‍ പലതവണ പറഞ്ഞിട്ടും പ്രസിഡന്റും കണ്‍വീനറും തയ്യാറായിട്ടില്ലെന്നും കൗണ്‍സിലര്‍ ബോധിപ്പിച്ചു. ഇത് സംബന്ധിച്ച് രേഖാമൂലം പരാതി തന്നാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാവുന്നതാണെന്നും ചെയര്‍മാനും ഹെല്‍ത്ത് സൂപ്പര്‍വൈസറും കൗണ്‍സിലര്‍മാരെ അറിയിച്ചു.
Next Story

RELATED STORIES

Share it