Kollam Local

കാക്കിക്കുള്ളിലെ കര്‍ഷകരായി പത്തനാപുരം പോലിസ്

പത്തനാപുരം: കാക്കിക്കുളളിലും കര്‍ഷകനുണ്ടെന്ന് തെളിയിച്ച് പരാതിക്കും പരിഭവങ്ങള്‍ക്കും കേസുകള്‍ക്കും ഇടവേളക്കിടെ പച്ചക്കറികൃഷിയുമായി പത്തനാപുരം പോലിസ്. പത്തനാപുരം പഞ്ചായത്തും കൃഷിഭവനും സഹായങ്ങളുമായി ഒപ്പമുണ്ട്. സ്‌റ്റേഷന്‍ വളപ്പില്‍ കാടുകയറിക്കിടന്ന ഒരേക്കറോളം ഭൂമിയിലെ തുരുമ്പിച്ച വാഹനങ്ങളും കാടും നീക്കി കൃഷിക്കായി ഒരുക്കിയെടുത്ത് ഇവിടെ വേലിയും നിര്‍മിച്ചു. ചീര, പടവലം, പാവല്‍, വെണ്ട, പച്ചമുളക്, കോളിഫ്‌ലവര്‍, കാബേജ്, വെളളരിയടക്കമുളള പച്ചക്കറികളും പയര്‍ വര്‍ഗങ്ങളുമാണ് കൂടുതലും ഇവിടെ വിളയിക്കുക. തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനവും പ്രയോജനപ്പെടുത്തുവാനാണ് തീരുമാനം. ഒരുലക്ഷത്തി അറുപതിനായിരം രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുക. കൃഷിഭവനാണ് പദ്ധതിയുടെ പൂര്‍ണ്ണ ചുമതല. ഇതിന്റെ പ്രാരംഭ നടപടികളായതോടെ പോലിസ് കൃഷി പദ്ധതി കെ ബി ഗണേശ്കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എച്ച് നജീബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. എസ് വേണുഗോപാല്‍, പത്തനാപുരം സിഐ സ്റ്റുവര്‍ട്ട് കീലര്‍, എസ് ഐ രാഹുല്‍ രവീന്ദ്രന്‍, കൃഷി ഓഫിസര്‍ എ ജെ സുനില്‍, അസിസ്റ്റന്റ് കൃഷി ഓഫിസര്‍മാരായ വിവിമനോജ്, പി ആര്‍ രാജീവ് എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it