wayanad local

കാക്കവയലിനെ വിറപ്പിച്ച് കാട്ടാന: പശുവിനെ കുത്തിക്കൊന്നു; നാട്ടുകാര്‍ വനപാലകരെ തടഞ്ഞുവച്ചു

മീനങ്ങാടി: ജനവാസകേന്ദ്രത്തിനു സമീപം കാട്ടാനയിറങ്ങിയതു പരിഭ്രാന്തി പരത്തി. മീനങ്ങാടി കാക്കവയലിന് സമീപം ശ്രുതിക്കവലയിലാണ് ഇന്നലെ രാവിലെ ഒമ്പതോടെ കാട്ടാനയെത്തിയത്. വീടുകള്‍ക്കിടയിലൂടെ ആന അഞ്ചു കിലോമീറ്ററോളം സഞ്ചരിച്ചു.
നാട്ടുകാരും മൂന്നാനക്കുഴി, സുല്‍ത്താന്‍ ബത്തേരി, മേപ്പാടി എന്നിവടങ്ങളില്‍ നിന്നെത്തിയ വനപാലകസംഘവും ചേര്‍ന്ന് ഒമ്പതരയോടെ ആനയെ തുരത്താനാരംഭിച്ചു. ഇതിനിടെ, വിരണ്ടോടിയ ആന മീനങ്ങാടി ചെണ്ടക്കുനി കോലമ്പറ്റ അറുമുഖന്റെ പശുവിനെ കുത്തിക്കൊന്നു. വീടിന് സമീപത്ത് കെട്ടിയിട്ടിരുന്ന പശുവിനെ അറുമുഖന്റെ ഭാര്യ രാജമ്മ അഴിച്ചു കെട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. രാജമ്മ ആനയുടെ ആക്രമണത്തില്‍ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അറുമുഖന്റെ കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായിരുന്നു പശു.
ആനയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഒരു സംഘം വനപാലകരെ തടഞ്ഞുവച്ചു. തുടര്‍ന്ന് മേപ്പാടി റേഞ്ച് ഓഫിസര്‍ അനില്‍കുമാര്‍ ചര്‍ച്ച നടത്തി അറുമുഖന് 75,000 രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് ഉറപ്പുനല്‍കി. ഇതോടെയാണ് നാട്ടുകാര്‍ പ്രതിഷേധത്തില്‍ നിന്നു പിന്‍മാറിയത്. സുധിക്കവലയില്‍ നിന്നു ചെണ്ടക്കുനി, പുറക്കാടി വഴി ആനയെ മൂന്നാനക്കുഴി വനത്തിലേക്ക് തുരത്തുകയായിരുന്നു. രാവിലെ ഒമ്പതോടെ ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാനയെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വനത്തിലേക്ക് കയറ്റിയത്.
നാലു മണിക്കൂറോളമാണ് ആന നാലു പ്രദേശങ്ങളെ വിറപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മീനങ്ങാടി അമ്പലപ്പടിക്ക് സമീപം പകല്‍സമയത്ത് കാട്ടാനക്കൂട്ടമെത്തിയിരുന്നു. മണിക്കൂറുകളോളം പണിപ്പെട്ടാണ് ആനക്കൂട്ടത്തെ അന്ന് കാടുകയറ്റിയത്. മൂന്നാനക്കുഴി വനമേഖലയില്‍ നിന്നാണ് ആനകള്‍ മീനങ്ങാടി പ്രദേശങ്ങളില്‍ ഇറങ്ങുന്നത്. വേനലാരംഭിച്ചതോടെ ജില്ലയിലെ മിക്ക പ്രദേശങ്ങളിലും ആനശല്യം രൂക്ഷമാവുകയാണ്. നൂല്‍പ്പുഴ പഞ്ചായത്തിലെ വടക്കനാട് പച്ചാടിയിലും കാട്ടാനയെത്തി കൃഷി നശിപ്പിച്ചു.
പച്ചാടി നടുവീട്ടില്‍ സജീവന്റെ വീടിന് സമീപത്തെ തോട്ടത്തിലാണ് ആനയെത്തിയത്. തോട്ടത്തില്‍ നിന്ന് അസ്വാഭാവികമായ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ആനയെ കണ്ടത്. ഉടന്‍ പരിസരവാസികളെ വിവരം അറിയിച്ചു. പ്രദേശവാസികള്‍ ചേര്‍ന്ന് തുരത്താന്‍ ശ്രമിച്ചെങ്കിലും ആന തോട്ടത്തില്‍ നിന്ന് പിന്‍മാറിയില്ല. രാവിലെ ഒമ്പതരയോടെയാണ് ആന കാട്ടിലേക്ക് തിരിച്ചു കയറിയത്.
Next Story

RELATED STORIES

Share it