kasaragod local

കാംപ്‌കോ കുരുമുളക് സംഭരണം തുടങ്ങും

കാസര്‍കോട്: അടയ്ക്ക, കൊക്കോ, റബര്‍ സംഭരണരംഗത്തെ പ്രമുഖരായ കാംപ്‌കോ കുരുമുളക് സംഭരണം ഉടന്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് എസ് ആര്‍ സതീഷ് ചന്ദ്ര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി മെമ്പര്‍മാര്‍ക്ക് കുരുമുളക് തൈകള്‍ വിതരണം ചെയ്യും.
കൂടാതെ റബര്‍ കര്‍ഷകരെ സഹായിക്കുന്നതിനായി ഒരു റബര്‍ ഫാക്ടറി ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ കര്‍ണാടകയില്‍ നിന്നും ബദിയടുക്ക, മുള്ളേരിയ, പെര്‍ള, ബന്തടുക്ക എന്നിവിടങ്ങളില്‍ നിന്നും റബര്‍ സംഭരിക്കുന്നുണ്ട്. തങ്ങളുടെ കൊക്കോ സംഭരണം വന്‍വിജയമാകാന്‍ കാരണം തന്നെ സ്വന്തമായി ഫാക്ടറിയുള്ളതാണെന്ന തിരിച്ചറിവാണ് റബര്‍ ഫാക്ടറി തുടങ്ങാന്‍ കാംപ്‌കോയെ പ്രേരിപ്പിക്കുന്നത്. പച്ച അടയ്ക്കയുടെ തൊണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന മൗത്ത് ഫ്രഷ്‌നറിന് ചൈനയില്‍ ഏറെ ആവശ്യക്കാരുണ്ട്. എന്നാല്‍ ആവശ്യത്തിന് അടയ്ക്ക അവര്‍ക്ക് ലഭ്യമല്ല. ഈ സാഹചര്യത്തില്‍ ചൈനീസ് കമ്പനിയായ 'കൗ വീ വാംഗ്' (കിംഗ് ഓഫ് ടേസ്റ്റ്) അധികൃതര്‍ കാംപ്‌കോയുമായി ചര്‍ച്ച നടത്തിയിരുന്നു. ആവശ്യമായ അടയ്ക്ക ഉടന്‍ കയറ്റുമതി ചെയ്യും. പാകമാകാത്ത അടയ്ക്ക സംഭരിച്ച് പുഴുങ്ങി ഉണക്കിയശേഷമാണ് കയറ്റുമതി ചെയ്യുക.
ഇതിനായി പുത്തൂരില്‍ ഡ്രയര്‍ സ്ഥാപിച്ചിട്ടുണ്ട്. അടയ്ക്ക ഉപയോഗിച്ച് ചോക്ലേറ്റ് നിര്‍മിക്കാനും പദ്ധതിയുണ്ട്. കാംപ്‌കോയുടെ നിരന്തരമായ പരിശ്രമം കൊണ്ട് അടയ്ക്ക ഇറക്കുമതി ചെയ്യാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാരിനെ പിന്തിരിപ്പിക്കാനും അടയ്ക്കയ്ക്ക് മാന്യമായ വില ഉറപ്പുവരുത്താനും സാധിച്ചെന്നും കഴിഞ്ഞ സാമ്പത്തികവര്‍ഷം 1588 കോടി രൂപയാണ് കാംപ്‌കോയുടെ വിറ്റുവരവെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ വൈസ്പ്രസിഡന്റ് ശങ്കരനാരായണഭട്ട് കണ്ടിഗെ, ഡയറക്ടര്‍ കെ സതീഷ്ചന്ദ്ര ഭണ്ഡാരി, റീജിയനല്‍ മാനേജര്‍ പി വി മുരളീധരന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it