കാംപസ് ഫ്രണ്ട് രാജ്ഭവന്‍ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

തിരുവനന്തപുരം: രാജ്യത്തെ എഴുത്തുകാരെയും പുരോഗമനവാദികളെയും ചിന്തകരെയും കൊന്നൊടുക്കിയ ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ഭരണകൂട ഫാഷിസത്തിന്റെ അജണ്ടയുടെ ഭാഗമാണ് ജെഎന്‍യുവില്‍ നടക്കുന്ന അതിക്രമങ്ങളെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്. സര്‍വകലാശാലകളെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഫാഷിസ്റ്റ് അജണ്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദലിത്- മുസ്‌ലിം ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കു നേരെ ഭരണകൂടം അഴിച്ചുവിടുന്ന ഹീനമായ അതിക്രമങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ വിദ്യാര്‍ഥി സമൂഹത്തിനു കഴിയില്ല. 1972ലെ അടിയന്തരാവസ്ഥക്കാലത്തു പോലും കാണാത്ത ദുഷ്പ്രവണതയാണ് പ്രമുഖ സര്‍വകലാശാലകളില്‍ പോലിസിനെ കൂട്ടുപിടിച്ച് ഭരണകൂടം നടത്തിവരുന്നത്. ഫാഷിസത്തിനെതിരേ ഉയരുന്ന കൈകള്‍ അടിച്ചൊടിക്കാനും നാവുകള്‍ പിഴുതെറിയാനുമുള്ള രാഷ്ട്രീയ ഫാഷിസനീക്കങ്ങള്‍ ഇന്നത്തെ കാലത്തു വിലപ്പോവില്ല. ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ രാജ്യദ്രോഹകേസ് ചുമത്തി ജയിലിലടച്ച പോലിസും ഭരണകൂടവും എന്തുകൊണ്ടാണ് രാഷ്ട്രപിതാവിനെ കൊന്ന ഗോദ്‌സെയ്ക്കു വേണ്ടി ക്ഷേത്രം പണിയാനും വീരപുരുഷനായി ഉയര്‍ത്താനും ശ്രമിക്കുന്ന സംഘപരിവാര പ്രവര്‍ത്തകര്‍ക്കെതിരേ ഒരക്ഷരവും മിണ്ടാത്തത്.
ഗാന്ധിയുടെ ഘാതകനെ വാഴ്ത്തുന്നവരുടെ രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് ഇന്ത്യന്‍ ജനതയ്ക്ക് ആവശ്യമില്ല. സ്വാതന്ത്ര്യസമരകാലത്ത് രാഷ്ട്രത്തെ ഒറ്റുകൊടുക്കുകയും ബ്രിട്ടിഷുകാര്‍ക്ക് ഓശാന പാടുകയും ചെയ്ത സവര്‍ക്കറുടെ അണികള്‍ക്ക് രാജ്യസ്‌നേഹത്തെപ്പറ്റി സംസാരിക്കാന്‍ എന്ത് അവകാശമാണുള്ളത്. ജെഎന്‍യുവില്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചത് എബിവിപിക്കാര്‍ തന്നെയാണെന്നു തെളിയിക്കുന്ന വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു. ഇതൊക്കെ പോലിസും ഭരണകൂടവും കണ്ടില്ലെന്നു നടിക്കുകയാണ്.
പട്യാല കോടതിയില്‍ വിദ്യാര്‍ഥികളെയും മാധ്യമങ്ങളെയും അതിക്രമിച്ച കാക്കി നിക്കറും കറുത്ത ഗൗണുമണിഞ്ഞ അഭിഭാഷക ഗുണ്ടകളെ എത്രയുംവേഗം തുറുങ്കിലടയ്ക്കാന്‍ പോലിസ് തയ്യാറാവണം. കള്ളക്കേസ് ചുമത്തി ജയിലിലടച്ചിരിക്കുന്ന കനയ്യ കുമാറിനെയും എസ് എ ആര്‍ ഗീലാനിയെയും ഉമര്‍ ഖാലിദിനെയും വെറുതെ വിടണമെന്നും പഠിക്കാനുള്ള അവകാശത്തെ തടയുന്ന ഫാഷിസത്തിന്റെ കോമ്പല്ലുകള്‍ വിദ്യാര്‍ഥികള്‍ ഒന്നാകെ തച്ചുടയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് രാജ്ഭവനു മുന്നില്‍ പോലിസ് തടഞ്ഞു. പ്രതിഷേധിച്ച നേതാക്കളെയും വിദ്യാര്‍ഥികളെയും പോലിസ് അറസ്റ്റ് ചെയ്തു നീക്കി. ജില്ലാ പ്രസിഡന്റ് ആസിഫ് നാസര്‍, സെക്രട്ടറിമാരായ മുസമ്മില്‍ ആറ്റിങ്ങല്‍, അസ്ഹര്‍ അഴീക്കോട് സംസാരിച്ചു. വൈസ് പ്രസിഡന്റ് റാഫി വെമ്പായം, നിജാസ്, അംജദ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it