കാംപസുകളിലെ ജാതി വിവേചനം: 46 വിസിമാരുടെ യോഗം വിളിച്ചു

ന്യൂഡല്‍ഹി: രോഹിത് വെമുല സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാലകളിലെ ജാതിവിവേചനം ഇല്ലായ്മ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി. ഇതിന്റെ ഭാഗമായി മാനവ വിഭവശേഷി മന്ത്രാലയം കേന്ദ്ര സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചു.
ഈ മാസം 18ന് നടക്കുന്ന യോഗത്തില്‍ 46 വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുക്കും. കാംപസുകളിലെ ജാതിവിവേചനം എങ്ങനെ ഇല്ലായ്മ ചെയ്യാമെന്ന വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യും. രോഹിതിന്റെ ആത്മഹത്യ 23 മുതല്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷം ഉന്നയിക്കുമെന്നതിനാല്‍ അതിനു മുന്നോടിയായാണ് മന്ത്രി സ്മൃതി ഇറാനി യോഗം വിളിച്ചത്.
രോഹിത് ഉള്‍പ്പെടെയുള്ള ദലിത് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യാന്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ പ്രേരിപ്പിച്ചെന്ന ആരോപണം ശക്തമാണ്. ആത്മഹത്യയുമായി ബന്ധപ്പെട്ട എഫ്‌ഐആറില്‍ ദത്താത്രേയയുടെ പേരുണ്ട്. ജാതിവിവേചനം ഇല്ലായ്മ ചെയ്യുന്നതു സംബന്ധിച്ച് ജനുവരിയില്‍ ചേര്‍ന്ന യോഗത്തിന്റെ തുടര്‍ച്ചയായാണ് 18ലെ യോഗമെന്ന് മാനവ വിഭവശേഷി മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it