കാംപസിലെ സമരക്കാരെ പോലിസിനെ ഉപയോഗിച്ച് തടയാം

കൊച്ചി: കാംപസുകളില്‍ സമരത്തിന്റെ പേരില്‍ അധ്യയനത്തിനു തടസ്സം നില്‍ക്കുന്ന വിദ്യാര്‍ഥികളെ പോലിസിനെ ഉപയോഗിച്ച് മേലധികാരികള്‍ക്കു തടയാമെന്നു ഹൈക്കോടതി. കോളജ് പ്രിന്‍സിപ്പലോ വകുപ്പ് മേധാവിയോ പോലിസില്‍ വിവരമറിയിച്ചാല്‍ സമരക്കാരെ പോലിസ് ഒഴിവാക്കണം. കൂടാതെ പഠിക്കാന്‍ തയ്യാറാവുന്ന വിദ്യാര്‍ഥികളുള്ളപ്പോള്‍ ക്ലാസെടുക്കാന്‍ തടസ്സംനില്‍ക്കുന്ന സമരക്കാര്‍ക്കെതിരേ കോളജ് അധികൃതര്‍ അച്ചടക്കനടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് വി ചിദമ്പരേശ് ഉത്തരവിട്ടു.
കൊച്ചി യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയിലാണു കോടതി ഉത്തരവ്. ഒരു വിദ്യാര്‍ഥി മാത്രമാണ് ക്ലാസില്‍ പഠിക്കാന്‍ തയ്യാറായിട്ടുള്ളൂവെങ്കിലും അധ്യാപകര്‍ ക്ലാസെടുക്കണം. പഠിക്കാന്‍ തയ്യാറായ ഒരു വിദ്യാര്‍ഥിയെ അധ്യാപകര്‍ക്ക് അവഗണിക്കാനാവാത്തതാണ്. ധര്‍ണയുടെയും പ്രതിഷേധങ്ങളുടെയും പേരില്‍ വിദ്യാര്‍ഥികളുടെ പഠനം തടസ്സപ്പെടുത്തുന്നതു വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെ ലംഘനമാണ്. കൃത്യമായി ക്ലാസുകള്‍ നടത്തി പരീക്ഷ എഴുതാനുള്ള സാഹചര്യമുണ്ടാവുമ്പോഴാണ് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ സുരക്ഷിതത്വം ലഭ്യമാവുക.
സമരക്കാര്‍ക്കു സ്വന്തം ഉത്തരവാദിത്തത്തില്‍ അവരുടെ ഹാജര്‍ ഒഴിവാക്കി പുറത്തുപോവാം. എന്നാല്‍ ക്ലാസില്‍ ഇരിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരെ തടസ്സപ്പെടുത്തരുത്. ഉന്നത വിദ്യാഭ്യാസമെന്നതു മൗലികാവകാശമല്ലെങ്കിലും ഒരു വ്യക്തിയുടെ ഉന്നമനമായതിനാല്‍ ഇതൊരു മനുഷ്യാവകാശമാണെന്നും കോടതി വ്യക്തമാക്കി.
കൊച്ചി സര്‍വകലാശാലയിലെ ബിബിഎ, എല്‍എല്‍ബി, ബികോം കോഴ്‌സില്‍ ബാര്‍ കൗണ്‍സില്‍ നിഷ്‌കര്‍ഷിക്കുന്ന ക്ലാസുകള്‍ നടക്കാതെ പരീക്ഷ നടത്തുന്നതു ചോദ്യംചെയ്ത് ലിയോ ലൂക്കോസ് അടക്കമുള്ള വിദ്യാര്‍ഥികളാണ് കോടതിയെ സമീപിച്ചത്. സെമസ്റ്റര്‍ സമ്പ്രദായമനുസരിച്ച് ആഴ്ചയില്‍ 36 മണിക്കൂര്‍ എന്ന രീതിയില്‍ 18 ആഴ്ചകളിലായി 648 ക്ലാസുകളാണ് നടക്കേണ്ടത്. എന്നാല്‍ കൊച്ചി സര്‍വകലാശാലയില്‍ ഹോസ്റ്റര്‍ സമരത്തിന്റെയും മറ്റും പേരില്‍ പകുതി ക്ലാസുകള്‍ മാത്രമാണു നടന്നിട്ടുള്ളത്. മുമ്പ് രണ്ടുതവണ തിയ്യതി നിശ്ചയിച്ച ശേഷം ജനുവരി 28നാണു പരീക്ഷ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. സര്‍വകലാശാലയില്‍ മികച്ച അധ്യാപകരാണുള്ളതെങ്കിലും ക്ലാസുകള്‍ വിവിധ കാരണങ്ങളാല്‍ തടസ്സപ്പെടുകയാണുണ്ടായതെന്നും കോടതി ചൂണ്ടിക്കാട്ടി.
അധ്യയനവര്‍ഷത്തിന്റെ സമയക്രമം പാലിക്കാനായി കോളജ് അധികൃതര്‍ സ്വീകരിക്കുന്ന നടപടികള്‍ വിദ്യാര്‍ഥികള്‍ക്കു മാനസിക സമ്മര്‍ദ്ദമുണ്ടാക്കുകയും പഠനനിലവാരത്തെ തകര്‍ക്കുകയും ചെയ്യും. അതിനാല്‍ പഠിക്കാനുള്ള അവകാശസമരംമൂലം നഷ്ടപ്പെടരുതെന്നും കോടതി വ്യക്തമാക്കി. കോളജ് കാംപസില്‍ ധര്‍ണയും സമരവും നടക്കുമ്പോള്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കാത്തവരെ പഠിക്കാന്‍ അനുവദിക്കണമെന്നത് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമാണെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it