Thejas Special

കാംപസിനു മൂക്കുകയറിടുമ്പോള്‍

കാംപസിനു മൂക്കുകയറിടുമ്പോള്‍
X
വിജു വി നായര്‍






കേരളത്തിലെ കാംപസ് രാഷ്ട്രീയത്തിനു ഷട്ടറിടാനുള്ള ഭഗീരഥയത്‌നം തുടങ്ങിയിട്ട് കുറച്ചു കാലമായി. ഭരണകൂടത്തിന്റെയും മുഖ്യധാരാ മാധ്യമങ്ങളുടെയും ഒത്താശയോടെ കോളജ് മാനേജ്‌മെന്റുകള്‍ ആ പണിയെടുത്തുവരുന്നു. ദോഷം പറയരുതല്ലോ, പിള്ളേരുസെറ്റും ഈ ശ്രമദാനത്തില്‍ തങ്ങളാലാവുന്ന പങ്കു വഹിക്കുന്നുണ്ട്. ലക്ഷണമൊത്ത മധ്യവര്‍ഗ കുഞ്ഞാടുകളായ അരാഷ്ട്രീയ കുസുമങ്ങള്‍ ഒരു വഴിക്കും അടികലശല്‍ വിദ്വാന്‍മാരായ വിദ്യാര്‍ഥി സംഘടനക്കാര്‍ മറ്റൊരു വഴിക്കും. ഈ കലാപരിപാടിക്കു കിട്ടിയ പുതിയ മൈലേജായി ശ്രീകാര്യം എന്‍ജിനീയറിങ് കോളജിലെ ഓണാഘോഷവും ഒരു വിദ്യാര്‍ഥിനിയുടെ മരണവും.
ശ്രീകാര്യത്ത് ദുരന്തമുണ്ടായതും ടി.വി. ചാനലുകള്‍ റഡാറുമായിറങ്ങി, നാട്ടിലെ മറ്റു കോളജുകളെ പിടിക്കാന്‍.ONAM
അടൂരില്‍ നിന്ന് ഒരെണ്ണമൊത്തു- പിള്ളേര് തെരുവില്‍ ആഘോഷിച്ചു തിമിര്‍ക്കുന്നു! അടികലശലും ആള്‍നാശവുമൊന്നും വീണുകിട്ടിയില്ല. പകരം ഒരു ഫയര്‍ എന്‍ജിന്‍ ഒത്തു- വെള്ളം ചീറ്റിക്കളിക്കാന്‍ പിള്ളേര് വാടകയ്‌ക്കെടുത്തത്. പിന്നെ ചര്‍ച്ചയോടു ചര്‍ച്ചയായി: കേരളത്തിലെ കോളജുകളാകെ അലമ്പാണ്, ആയുധപ്പുരകളാണ്, മദ്യ-മയക്കുമരുന്നു കേളീരംഗമാണ്, ഈ താന്തോന്നിത്തം അവസാനിപ്പിച്ചേ തീരൂ, പോലിസ് ഇടപെടണം- മാധ്യമക്കച്ചേരി കല്‍പ്പിച്ചതാണ് ഭരണകൂട വൈദ്യന്‍ ഇച്ഛിച്ചിരുന്നതും. താദാത്മ്യം ഒത്തുവന്നതും ആഭ്യന്തരമന്ത്രി വടിയെടുക്കുന്നു: കാംപസില്‍ പോലിസിനു കയറാന്‍ സര്‍വസ്വാതന്ത്ര്യമുണ്ടാക്കണം. കോളജ് യൂനിയന്‍ ഓഫിസുകള്‍ സര്‍ക്കാര്‍ ഓഫിസ് ലൈനില്‍ സമയബന്ധിതമായി പൂട്ടണം. സര്‍വോപരി, പിള്ളേരെ അച്ചടക്കമുള്ള കുഞ്ഞാടുകളാക്കാന്‍ ഒരു 'സദാചാരം-കം-ക്രമസമാധാന കമ്മിറ്റി' ഏര്‍പ്പാടാക്കണം.FIRE ONAM
ഭരണമുന്നണി വിത്തുകളെല്ലാം ഈ തക്കത്തിനു ടാര്‍ഗറ്റ് കണ്ടത് എസ്.എഫ്.ഐയെയാണ്. ഭൂരിപക്ഷം കോളജുകളിലും ആള്‍ബലം കൊണ്ട് മുമ്പന്‍മാരായ ടി സംഘടനയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ട് കാംപസ് രാഷ്ട്രീയം തന്നെ അനാമത്താണെന്നു ചിത്രീകരിക്കുന്നതില്‍ മല്‍സരിക്കുകയാണ് ഇതേ കാംപസ് റൂട്ടിലൂടെ ഉയര്‍ന്നുവന്ന വിരുതന്മാരൊക്കെ. തങ്ങള്‍ ഏതായാലും പാലം കടന്നു, ഇനിയെന്തിനു പാലം? അതാണ് ലൈന്‍. ഈ ലൈന്‍ പുരോഗമിച്ചതാണ് പഴയ കെ.എസ്.യുക്കാരന്‍ ആഭ്യന്തരമന്ത്രിയുടെ പുതിയ ആശയം. ഈനാംപേച്ചിക്കു മരപ്പട്ടി കൂട്ടെന്നു പറഞ്ഞമാതിരി സംഗതിക്ക് മാധ്യമസൊറക്കാരുടെയും കാക്കിപ്പടയുടെയും കൈയടി.
ഇതാണ് ടിപ്പിക്കല്‍ മധ്യവര്‍ഗ സൂക്കേട്. ഏതു പ്രശ്‌നത്തിനും പ്രതിസന്ധിക്കും ചില ഒറ്റമൂലികള്‍ കല്‍പ്പിക്കും: നിരോധം, വിലക്ക്, നിയമം കൊണ്ടുള്ള ബന്ധനം, കാക്കിപ്പട വഴിക്കുള്ള ദണ്ഡനം. ഭയവും ഭേദ്യവും വഴി ആളെ തളയ്ക്കുന്ന ചിരപുരാതന തന്ത്രം. ഇതും സ്വ-അര്‍ഥ-തന്ത്രമായ സ്വാതന്ത്ര്യവും തമ്മിലെന്ത്? അവിടെയാണ് ഒരു സമൂഹമെന്ന നിലയ്ക്ക് കേരളം വകതിരിവില്ലായ്മയുടെ ഹെഡ്ഓഫിസാവുന്നത്. സത്യത്തില്‍ സ്വാതന്ത്ര്യം, അവകാശം ഇത്യാദിയെപ്പറ്റി സുവ്യക്തമായ ധാരണയൊന്നുമില്ലാത്ത മധ്യവര്‍ഗ സങ്കല്‍പ്പങ്ങളാണ് ഈ പ്രമേയങ്ങള്‍ക്കു മേല്‍ അരങ്ങുവാഴുന്നത്.
രസകരമായ ഒരുദാഹരണം പറയാം: കുറച്ചു കാലം മുമ്പുണ്ടായ ഇ-മെയില്‍ കേസ്. 300ഓളം പൗരന്മാരുടെ ഇ-മെയില്‍ ചോര്‍ത്താന്‍ കേരളത്തിലെ ചാരപ്പട നടത്തിയ നീക്കമായിരുന്നു പ്രമേയം. പട്ടികയിലെ 95 ശതമാനം പേരും മുസ്‌ലിംകള്‍. മാത്രമല്ല, പട്ടികയില്‍ പെട്ടവരെല്ലാം നിരോധിക്കപ്പെട്ട സിമി എന്ന സംഘടനയുമായി ബന്ധപ്പെട്ടവരാണെന്നു തപാല്‍ ചോര്‍ത്താന്‍ കല്‍പ്പിച്ച എസ്.പിയുടെ മുഖക്കുറിപ്പും.

The signs that Newcastle University have put up around their campus of a pair of eyes, which has lowered the number of bike thefts. PRESS ASSOCIATION Photo. Picture date: Wednesday April 24, 2013. Bike thefts have been significantly reduced simply by putting pictures of staring eyes above cycle racks, researchers said today. The two-year experiment at Newcastle University was mooted by a security manager at the campus who had seen similar studies suggest that people behave better when they feel they are being watched. See PA story CRIME Eyes. Photo credit should read: Tom White/PA Wire













സംഗതി പുറത്തുവന്നപാടെ മുഖ്യമന്ത്രി പോലിസുകാരുടെ മിമിക്രി ആര്‍ട്ടിസ്റ്റായി. പൗരന്റെ സ്വകാര്യതാ സ്വാതന്ത്ര്യം ഹനിക്കുന്ന ക്രിമിനല്‍ കുറ്റകൃത്യമല്ല ഭരണാധിപനെ ചൊടിപ്പിച്ചത്, ടി കുറ്റകൃത്യം പുറത്താക്കിയ നടപടിയാണ്. ഈ നിലപാടിന്റെ കോമിക് പരിഭാഷ വന്നത് ഭരണമുന്നണിയിലെ മറ്റൊരു സീനിയര്‍ താരത്തില്‍ നിന്നാണ്- എം എം ഹസന്‍. ടിയാന്‍ ഉവാച: ''പിള്ളേര് പഠിക്കാന്‍ പോവുമ്പോള്‍ രക്ഷാകര്‍ത്താക്കള്‍ രഹസ്യമായി നിരീക്ഷിക്കാറില്ലേ? അതുപോലെയാണ് പൗരന്മാരെ ഇങ്ങനെയൊക്കെ നിരീക്ഷിക്കുന്നത്.'' എങ്ങനെയുണ്ട് സ്വതന്ത്ര ഇന്ത്യയിലെ അധികാര രാഷ്ട്രീയക്കാരുടെ പൗരസ്വാതന്ത്ര്യ സങ്കല്‍പ്പനം?

ഇതില്‍ ആര്‍ക്കും പരാതിയോ അദ്ഭുതമോ ഇല്ല. കാരണം, അത്തരത്തില്‍ പരുവപ്പെട്ടതാണ് കേരളീയ മധ്യവര്‍ഗത്തിന്റെ സ്വാതന്ത്ര്യ സങ്കല്‍പ്പവും അനുശീലനങ്ങളും. ആയതിന്റെ മറ്റൊരു സമീപകാല പുരോഗതിയാണ് മാവോവാദി പ്രവര്‍ത്തകന്‍ രൂപേഷ് പോളിന്റെ നാട്ടിലെ മകള്‍ക്ക് സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രി പുറപ്പെടുവിച്ച 'തുറന്ന കത്ത്.' പത്രങ്ങള്‍ എഡിറ്റോറിയല്‍ പേജില്‍ വെണ്ടക്ക നിരത്തിയ ടി കായതത്തിന്റെ ഇംഗിതം സിംപിള്‍: വഴിതെറ്റിപ്പോയ അച്ഛനെ പ്രായം തികയാത്ത മകള്‍ ഉപദേശിച്ച് നേര്‍വഴിക്കാക്കുക!
ചിരിച്ചു മണ്ണുകപ്പിപ്പോയി. ലോക്കപ്പ് കൊലകള്‍ തൊട്ട് ഉള്‍പ്പാര്‍ട്ടി ഉന്മൂലനം വരെ സ്വാതന്ത്ര്യത്തിന്റെ 68ാം വയസ്സിലും അരങ്ങേറുന്ന ഒരിടത്ത് അധികാര പരിരക്ഷയുടെ അമരത്തില്‍ സുഭിക്ഷമായിരിക്കുന്ന ഒരു കഥാപാത്രം തന്റെ കൊച്ചുമകളുടെ പ്രായമുള്ളൊരു കുട്ടിയോട് പരസ്യമായി പറയുന്നു, തന്തപ്പിടിയെ നന്നാക്കാന്‍. ജനാധിപത്യപ്പേരില്‍ ജനം തിരഞ്ഞെടുത്ത് അധികാരത്തിലെത്തിച്ച ഒരാള്‍ എത്ര നിസ്സാരമായാണ് ഭരണകൂട കിങ്കരനായി ഭാവപരിണാമം ചെയ്യുന്നതോര്‍ക്കുക. സ്‌റ്റേറ്റും പൗരാവലിയും ഒന്നല്ല, പരസ്പരവിരുദ്ധമായ രണ്ടു പ്രതിഭാസങ്ങളാണെന്നും ജനാധിപത്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ കേവലം സ്റ്റേജ് മാനേജര്‍മാര്‍ മാത്രമാണെന്നുമുള്ള വകതിരിവിനു രാഷ്ട്രമീമാംസയില്‍ മിനിമം പഠിപ്പൊക്കെ നേതാക്കള്‍ക്ക് അത്യാവശ്യമാണ്. അതുപോലുമില്ലാത്തവര്‍ക്ക് ഇക്കാര്യങ്ങളില്‍ പോസ്റ്റല്‍ ട്യൂഷന്‍ കൊടുക്കേണ്ടിവരും.
രാഷ്ട്രീയം ഇരിക്കട്ടെ. ഒരു പെണ്‍കുട്ടിയെ ഉപദേശിക്കാനാണെങ്കില്‍ മന്ത്രിക്ക് വ്യക്തിപരമായി അതു ചെയ്യാം. പകരം പരസ്യമായി കത്തയച്ച് ആ ഇളം പൗരയെ അവഹേളിക്കുകയല്ലേ സാമൂഹിക നന്മ എന്ന മറയില്‍ മന്ത്രി ചെയ്തത്? ഇവിടെയാണ് ഇമ്മാതിരി രാഷ്ട്രീയയുക്തികളുടെ ചരിത്രപരമായ ഹീനത അതിജീവനം ചെയ്യുന്നത് നമ്മള്‍ തിരിച്ചറിയേണ്ടത്. 40 കൊല്ലം മുമ്പ് അടിയന്തരാവസ്ഥയുടെ മറവില്‍ സാക്ഷാല്‍ കരുണാകരന്‍ അരങ്ങേറ്റിയ നക്‌സല്‍ ഉന്മൂലനം എന്ന ഭരണകൂട ഭീകരത. എത്രയോ ചെറുപ്പക്കാരെ നിന്നനില്‍പ്പില്‍ ആവിയാക്കിയ ടി ഭീകരത കഴിഞ്ഞ ഒരു ദശകമായി മഹത്ത്വവല്‍ക്കരിക്കപ്പെടുന്ന കാഴ്ചയാണുള്ളത്. ഇതാണ് കേരള സമൂഹത്തിന്റെ കാതലായ ബോധനിരക്ഷരത.
കരുണാകര ശിഷ്യനായി ഉയര്‍ന്നുവന്ന ഇന്നത്തെ ആഭ്യന്തരമന്ത്രി കാലം തെറ്റി കരുണാകരനു പഠിക്കുമ്പോള്‍ ടിയാന്റെ 'തുറന്ന കത്ത്' പ്രസിദ്ധീകരണയോഗ്യമല്ലെന്നു ചൂണ്ടിക്കാട്ടി തിരിച്ചയക്കാന്‍ കേരളത്തില്‍ എത്ര പത്രാധിപന്മാര്‍ ഉണ്ടായി? ഭരണകൂടവും പൗരസമൂഹവും തമ്മിലുള്ള ബന്ധത്തിന്റെ ശരിപ്രകൃതം എന്തെന്നും എന്തല്ല എന്നുമുള്ള വകതിരിവ് കേരളത്തില്‍ എത്രയുണെ്ടന്നു പറഞ്ഞുതരുകയാണ് വര്‍ത്തമാനചരിത്രം.
ഇവിടെയാണ് ശ്രീകാര്യത്തെ ആഘോഷവും അതിനിടെ പറ്റിയ അപകടവും വച്ച് കാംപസില്‍ പോലിസ്‌വണ്ടി കയറ്റാനുള്ള നീക്കത്തിന്റെ വ്യാകരണം തിരിച്ചറിയേണ്ടത്. പള്ളിക്കൂടത്തില്‍ നിന്നു കലാലയത്തിലേക്കുള്ള കയറ്റം കേവലമായ ക്ലാസ് കയറ്റമല്ല, സ്വതന്ത്ര പൗരത്വത്തിന്റെ അഭ്യസനക്കളരിയാണ് കോളജ്. അതുകൊണ്ടുതന്നെ സമൂഹത്തില്‍ നിലവിലുള്ള ചിന്താവ്യവസ്ഥയ്ക്കും പ്രാമാണ്യ ധാരണകള്‍ക്കും അനുസൃതമായി വികസിപ്പിച്ചെടുക്കാനുള്ള ബയോടെക് വഴുതനങ്ങയല്ല കോളജ് വിദ്യാര്‍ഥി.
സത്യത്തില്‍ അങ്ങനെയൊരു ധാരണ വേണ്ടത്ര വേരോടാത്തതാണ് നമ്മുടെ അക്കാദമിക് മേഖല തന്നെ മുരടിച്ചുകിടക്കുന്നതിന് ഒരു കാരണം. ദുര്‍ബലമായ 'അക്കാദമിയ'യാണ് കേരളത്തിന്റെ ശാപം. ഉദാഹരണത്തിന്, വര്‍ഷാവര്‍ഷം എത്രയോ എന്‍ജിനീയര്‍മാരെയാണ് സംസ്ഥാനം ഉല്‍പ്പാദിപ്പിച്ചുവിടുന്നത്. ഇതില്‍ ഒരുത്തനു തോന്നുന്നുണേ്ടാ, നാടിന്റെ നാറുന്ന പൊതുപ്രശ്‌നമായ മാലിന്യ നിര്‍മാര്‍ജനത്തിന് ഒരു എന്‍ജിനീയറിങ് പോംവഴി കണെ്ടത്തണമെന്ന്? അവരോട് അത്തരമൊരു ഡിമാന്‍ഡ് ഏതു ഭരണാധിപനാണ് നാളിതുവരെ വച്ചിട്ടുള്ളത്?
യു.ഡി.എഫ്. ഭരണകാലത്തു മാത്രമായി നമ്മുടെ വൈസ് ചാന്‍സലര്‍മാരുടെ പേരില്‍ ഉയര്‍ന്ന അലമ്പുകള്‍ എത്രയെന്നോര്‍ക്കുക. കള്ള സര്‍ട്ടിഫിക്കറ്റുകാരും മുഴുക്കള്ളന്മാരും പാര്‍ട്ടിമെത്രാന്മാരുടെ പരസ്യ ബിനാമികളുമൊക്കെയായി സര്‍വകലാശാലയുടെ അമരം സെപ്റ്റിക് ടാങ്കാക്കിയവരുടെ സംസ്ഥാന പൂരമല്ലേ നടക്കുന്നത്? കാംപസിലെ പിള്ളേരെ പിടിക്കാന്‍ പോലിസിനെ തയ്യാറാക്കുന്ന ആഭ്യന്തരമന്ത്രി ആദ്യം തിരിച്ചറിയേണ്ടത് വിദ്യാഭ്യാസത്തിനു സ്വന്തം ഭരണമുന്നണി നല്‍കിയിരിക്കുന്ന ഈ 'ഗുരുത്വബല'മല്ലേ?
കാംപസാണ് രാഷ്ട്രീയം ചിന്തിക്കേണ്ടത്, പറയേണ്ടത്, പയറ്റേണ്ടത്. അല്ലാതെ പാര്‍ട്ടി ഓഫിസിലും മന്ത്രിമന്ദിരങ്ങളിലും ഉണ്ടുറങ്ങുന്ന നരച്ച തലകളല്ല. കോര്‍പറേറ്റ് മാധ്യമങ്ങളിലെ ഇലയെടുപ്പുകാരുമല്ല. കോളജ് പ്രിന്‍സിപ്പലിന്റെ അനുമതി കൂടാതെ ഒരു കാക്കിക്കാരനും കാംപസില്‍ കാലുവച്ചുകൂടാ എന്ന വ്യവസ്ഥ കാറ്റില്‍പ്പറത്താന്‍ ഒരു ഓണാഘോഷത്തെയും അതിന്റെ ദാരുണമായ തിക്തഫലത്തെയും അനുവദിച്ചുകൂടാ. കാരണം, ശ്രീകാര്യത്തെ അപകടം ആരും ബോധപൂര്‍വം ആസൂത്രണം ചെയ്തതല്ല. അതേസമയം, ഈ ദുരന്തത്തിന്റെ മറയില്‍ ഭരണകൂടം ആസൂത്രണം ചെയ്യുന്നത് ബോധപൂര്‍വമായ ഒരു സ്വാതന്ത്ര്യ ധ്വംസനമാണ്. എത്രയോ മുന്‍ഗാമികള്‍ എത്രയോ യാതനകളിലൂടെ പൊട്ടിച്ചെറിഞ്ഞ ചങ്ങലകള്‍ വളഞ്ഞ വഴിക്ക് വീണ്ടും അണിയിച്ചുതരാന്‍ ആളിറങ്ങുമ്പോള്‍ കാലും കൈയും നീട്ടിക്കൊടുക്കുന്നവന്‍ വിദ്യാര്‍ഥിയല്ല, കന്നാലിയാണ്.

Next Story

RELATED STORIES

Share it