thrissur local

കസ്റ്റഡി മര്‍ദ്ദനം: പതിമൂന്ന് വര്‍ഷത്തിനു ശേഷം റിട്ട. ഡിവൈഎസ്പിക്കും എഎസ്‌ഐക്കും ഒരു വര്‍ഷം തടവും പിഴയും

ചാലക്കുടി: അന്യായമായി പോലിസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച കേസ്സില്‍ റിട്ട. ഡിവൈഎസ്പിക്കും എഎസ്‌ഐക്കും ഒരു വര്‍ഷം തടവും ഒരു ലക്ഷംരൂപ വീതം പിഴയും ചാലക്കുടി ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് ലീന റിയാസ് വിധിച്ചു.
മോതിരക്കണ്ണി പീലാര്‍മുഴി സ്വദേശി കിഴക്കേ വീട്ടില്‍ സത്യനെ 2001 ഒക്‌ടോബര്‍ മാസത്തി ല്‍ അന്യായമായി കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച കേസ്സിലാണ് റിട്ട.ഡി.വൈഎസ്പി പി പി രവീന്ദ്രനേയും കൊരട്ടി എഎസ്.ഐ കാസിമിനേയും ഒരു വര്‍ഷം തടവിനും ഒരു ലക്ഷം രൂപ വീതം പിഴയടക്കാനും വിധിച്ചത്.
പിഴ സംഖ്യ സത്യന് കൊടുക്കുവാനും കോടതി പ്രത്യേകം ഉത്തരവായി. സത്യനെ കാട്ടൂര്‍ പോലിസ് സ്റ്റേഷനില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും പിന്നീട് മാള പോലിസ് സ്റ്റേഷനില്‍ നിന്നും വിട്ടയക്കുകയുമാണുണ്ടായത്. ഐരാണികുളം മഹാദേവക്ഷേത്രത്തിലെ വിഗ്രഹമോഷണവുമായി ബന്ധപ്പെട്ട് സത്യന് പങ്കുണ്ടെന്നും അതിനായാണ് കസ്റ്റഡിയിലെടുത്തതെന്നും പോലിസ് പറയുന്നു.
എന്നാല്‍ വിസ തട്ടിപ്പുകാര്‍ക്ക് ഒത്താശചെയ്തു കോടുക്കുന്നതിന്റെ ഭാഗമായാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്ന് സത്യന്‍ കോടതയില്‍ ബോധിപ്പിച്ചു. കേരള സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍ സത്യന് 25000രൂപ നഷ്ടപരിഹാരം അനുവദിക്കുകയും ഈ സംഖ്യ പ്രതികളായ രവീന്ദ്രന്‍, കാസിം എന്നിവരില്‍ നിന്നും ഈടാക്കുവാനും 2006 ഫെബ്രുവരിയില്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ സഖ്യ ഈടാക്കാന്‍ സര്‍ക്കിരിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമുണ്ടായില്ല.
ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസ്സ് സുപ്രീം കോടതി വരെ എത്തുകയും തുടര്‍ നടപടികള്‍ക്കും വിചാരണക്കുമായി ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയിലേക്ക് വിടുകയുമായിരുന്നു.
വിഗ്രഹ മോഷണ കേസ്സില്‍ പ്രതിയാക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതിനാല്‍ ആദ്യം ആയുര്‍വേദ ഡോക്ടര്‍മാരേയും പിന്നീട് അവരുടെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ ആസുപത്രിയിലേക്കുമാണ് സത്യന്‍ ചികില്‍സക്കായി പോയത്.
ക്രൂരമര്‍ദനത്തിനിടയില്‍ സത്യനെകൊണ്ട് നിരവധി വെള്ളക്കടലാസുകളില്‍ പ്രതികള്‍ ഒപ്പ് വച്ച് വാങ്ങുകയും ചെയ്തിട്ടുണ്ട്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സത്യന് നീതി ലഭിച്ചത്. സത്യന് വേണ്ടി അഡ്വ.ഡേവീസ് പോട്ടക്കാരന്‍ ഹാജരായി.
Next Story

RELATED STORIES

Share it