Idukki local

കസ്തൂരിരംഗന്‍ വിവാദം കൊഴുക്കുന്നു; ഇഎസ്എ: എംപിയുടെ വെല്ലുവിളി ഒളിച്ചോട്ടം- യുഡിഎഫ്

തൊടുപുഴ: കസ്തൂരിരംഗന്‍ റിപോര്‍ട്ടില്‍ ഇഎസ്എയില്‍ ഉള്‍പ്പെടുത്തിയ ജില്ലയിലെ ഏതെങ്കിലും ഒരു വില്ലേജ് ഇഎസ്എയില്‍ നിന്നും ഒഴിവാക്കിയെന്നു തെളിയിച്ചാല്‍ സ്ഥാനം രാജിവയ്ക്കാമെന്ന എംപിയുടെ വെല്ലുവിളി ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ് അശോകനും കണ്‍വീനര്‍ അഡ്വ. അലക്‌സ് കോഴിമലയും വാര്‍ത്താസമ്മേളനത്തി ല്‍ ആരോപിച്ചു.
എംപിയുടെ ആരോപണത്തിന്റെ നിജസ്ഥിതി വിലയിരുത്തപ്പെടേണ്ടത് 10-03-2014 തിയ്യതിയിലെയും 04-09-2015 തിയ്യതിയിലെയും കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് പുറപ്പെടുവിച്ച കരടു വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തിലാണ്.
കേരളത്തിലെ പരിസ്ഥിതി ലോല മേഖലകളുടെ അതിര്‍ത്തികള്‍ കേരള സംസ്ഥാന ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഭൂപടങ്ങളുടെ അടിസ്ഥാനത്തിലായിരിക്കുമെന്നു വ്യക്തമാക്കിയിട്ടുള്ളതിനാല്‍ തര്‍ക്കം പരിസ്ഥിതി ലോല മേഖലയുടെ അതിര്‍ത്തിയെ സംബന്ധിച്ച് മാത്രമായി ചുരുങ്ങി. കേരളത്തിന്റെ പരിസ്ഥിതി ലോല മേഖലയുടെ അതിര്‍ത്തി ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ വെബ് സൈറ്റിലുള്ള ഭൂപടങ്ങളാണ്.
ഈ ഭൂപടങ്ങളില്‍ ഇഎസ്എയും നോണ്‍ ഇഎസ്എയും പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. ചക്കുപള്ളം വില്ലേജിന്റെ മൊത്തം വിസ്തീര്‍ണം 29.01 ചതുരശ്ര കിലോമീറ്ററാണ്. അതില്‍ 2.66 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണം മാത്രമാണ് ഇഎസ്എയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അവശേഷിക്കുന്ന 26.35 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണം വസ്തുക്കള്‍ പൂര്‍ണമായും നോണ്‍ ഇഎസ്എയിലാണ്. ചക്കുപള്ളം വില്ലേജ് പൂര്‍ണമായും ഇപ്പോഴും ഇഎസ്എയില്‍ ആണെന്ന വാദം എങ്ങനെ ശരിയാകുമെന്ന് എംപി പറയട്ടെ.
കേരളത്തിലെ നാല് വില്ലേജുകള്‍ ഒഴികെയുള്ള 119 വില്ലേജുകളും പൂര്‍ണമായും പരിസ്ഥിതി ലോല മേഖലയിലാണെന്ന എംപിയുടെ വാദം ശുദ്ധ അസംബന്ധമാണ്. 12-08-2015-ലെ കത്തിന് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ 04-09-2015-ലെ കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതു പ്രകാരം കേരളത്തിലെ പരിസ്ഥിതി ലോല മേഖലകളിലെ അതിര്‍ത്തി ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചതു പ്രകാരമാണ്. അക്കാരണത്താ ല്‍ ആ കത്തിലെ പരാമര്‍ശങ്ങള്‍ അപ്രസക്തമാണ്. 10-03-2014 തിയ്യതിയിലെ കരടു വിജ്ഞാപനത്തിന് വിരുദ്ധമായി കത്തെഴുതിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു എംപി ചെയ്യേണ്ടിയിരുന്നത്.
കസ്തൂരിരംഗന്‍ റിപോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ കേവലം നിര്‍ദേശങ്ങള്‍ മാത്രമാണ്. ആയത് അംഗീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാണ്.
കേരളത്തെ സംബന്ധിച്ചിടത്തോളം വില്ലേജുകള്‍ അടിസ്ഥാന യൂനിറ്റായി പരിഗണിച്ച് പരിസ്ഥിതി ലോല പ്രദേശങ്ങള്‍ പുനര്‍ നിര്‍ണയിക്കുക അപ്രായോഗികമാണെന്ന് കേന്ദ്ര സര്‍ക്കാരിനെ ബോദ്ധ്യപ്പെടുത്തുവാന്‍ ആരേക്കാളും ചുമതല ഇടുക്കി എംപിക്കാണ്. അതിനൊന്നും മുതിരാതെ യുഡിഎഫ് നേതാക്കളെ സംവാദത്തിന് വെല്ലു വിളിക്കുന്നത് ബാല ചാപല്യമാണ്.
രാജി ഒന്നിനും പരിഹാരമല്ല. കസ്തൂരിരംഗന്‍ റിപോര്‍ട്ടിന്റെ പേരു പറഞ്ഞ് ജനങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി അവിശുദ്ധ നേട്ടമുണ്ടാക്കാനുള്ള ശ്രമം ഇടുക്കിയിലെ പൊതു സമൂഹം തിരിച്ചറിയണമെന്ന് യുഡിഎഫ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
Next Story

RELATED STORIES

Share it