കസ്തൂരിരംഗന്‍ റിപോര്‍ട്ടിന്റെ കരട ്‌വിജ്ഞാപനത്തില്‍ ഭേദഗതി; കേരളത്തിന്റെ റിപോര്‍ട്ടില്‍ കേന്ദ്രത്തിന് അതൃപ്തി

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപോര്‍ട്ടിന്റെ കരട് വിജ്ഞാപനത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് കേരളം നല്‍കിയ റിപോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാരിന് അതൃപ്തി. കേരളത്തിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കിയാല്‍ കേരളത്തിലെ പരിസ്ഥിതി സംരക്ഷണം സാധ്യമാവില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേകര്‍. അതേസമയം, ഏകപക്ഷീയമായി റിപോര്‍ട്ട് നടപ്പാക്കാന്‍ ഉദേശിക്കുന്നില്ലെന്നും ജാവദേകര്‍ വ്യക്തമാക്കി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുമായി ഇനിയും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ റിപോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം പുറത്തിറക്കുന്നത് ഇനിയും നീളും.
മലയോര ജനതയുടെ ഭാഗത്തു നിന്നുള്ള ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കേരളം റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപോര്‍ട്ടില്‍ ജനവാസ കേന്ദ്രവും പരിസ്ഥിതി ദുര്‍ബല മേഖലയും വേര്‍തിരിച്ച് അടയാളപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. പരിസ്ഥിതി ദുര്‍ബല മേഖലയില്‍ തന്നെ ജനവാസ കേന്ദ്രവും അടയാളപ്പെടുത്തുന്ന രീതിയിലാണ് കേരളത്തിന്റെ റിപോര്‍ട്ടെന്നാണ് മന്ത്രാലയത്തിന്റെ പരാതി. ഈ നിലയ്ക്ക് റിപോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നു തന്നെയാണ് മന്ത്രാലയത്തിന്റെ നിലപാട്.
പശ്ചിമഘട്ട മേഖല ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളുടെ യോഗം ജനുവരിയില്‍ നടത്താനാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം. ഈ യോഗത്തില്‍ കേരളത്തിന്റെ റിപോര്‍ട്ടിലുള്ള പോരായ്മകളം കേന്ദ്രം വ്യക്തമാക്കും. ഇതിനുശേഷം കേരളത്തിന് വീണ്ടും റിപോര്‍ട്ടില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അവസരവും നല്‍കും. ഇതിനു ശേഷമേ അന്തിമ വിജ്ഞാപനം ഉണ്ടാവുകയുള്ളൂ. ഫലത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് അന്തിമ വിജ്ഞാപനം ഉണ്ടാവില്ല. കസ്തൂരി രംഗന്‍ റിപോര്‍ട്ടിന്മേല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെും എല്ലാ വിധത്തിലുള്ള ആശങ്കകളും പരിഹരിച്ചതിന് ശേഷം മാത്രമേ റിപോര്‍ട്ട് നടപ്പാക്കുകയുള്ളൂവെന്നും കേരളത്തില്‍ നിന്നുള്ള ഇടത് എംപിമാരുടെ സംഘത്തോട് കേന്ദ്ര മന്ത്രി വ്യക്തമാക്കി. ഫെബ്രുവരിയില്‍ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്താനുള്ള അവസരം ഒരുക്കാമെന്നും മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it