കശ്മീര്‍: പ്രചാരണത്തിലെ അഹങ്കാരം

ഗൗതം നവ്‌ലാഖ

തങ്ങളുടെ ഏറ്റവും വലിയ ശത്രു തങ്ങള്‍ തന്നെയാണെന്നതു മാത്രമല്ല തീവ്ര സംഘപരിവാര സംഘടനയുടെ പ്രശ്‌നം. പ്രശ്‌നങ്ങള്‍ വഷളാക്കാനും അവ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തിരിച്ചടി നേരിടുന്നതും അവരുടെ ദൗര്‍ബല്യമാണ്. 2015 നവംബര്‍ ഏഴിന് സ്വന്തം അനുയായികളുടെ സദസ്സില്‍ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീര്‍ പ്രശ്‌നത്തില്‍ തനിക്ക് ആരുടെയും ഉപദേശം ആവശ്യമില്ലെന്നു പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തിലൂടെ അദ്ദേഹം ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മുഹമ്മദ് സഈദിനെ അപമാനിക്കുക മാത്രമല്ല ചെയ്തത്, കേള്‍ക്കുന്നവരുടെ മുമ്പില്‍ തന്റെ അഹങ്കാരം പ്രകടിപ്പിക്കുക കൂടിയാണ്. മാത്രമല്ല, ജമ്മുകശ്മീരിന് കൂടുതല്‍ സാമ്പത്തികസഹായം വാഗ്ദാനം ചെയ്തു താന്‍ ഉദാരമതിയായ ഒരു ഭരണകര്‍ത്താവു കൂടിയാണെന്ന് മോദി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. നരേന്ദ്രമോദി കശ്മീര്‍ പ്രശ്‌നം ശരിയായ രീതിയില്‍ മനസ്സിലാക്കിയിട്ടില്ല എന്നതാണു വാസ്തവം. ജമ്മുകശ്മീര്‍ നിയമസഭയില്‍ നിയമസഭാംഗങ്ങള്‍ക്കു നേരെ നടന്ന ആക്രമണങ്ങളും തുടര്‍ന്ന് ജമ്മുവിലെ കശ്മീരി മുസ്‌ലിംകള്‍ക്കു നേരെ നടന്ന മാരകമായ ആക്രമണങ്ങളും നിരവധിപേരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഔദ്യോഗികമായി അസ്വസ്ഥപ്രദേശമായി പ്രഖ്യാപിച്ച ജമ്മു മേഖലയിലുടനീളം ആയുധങ്ങളുമായി വിഹരിക്കാന്‍ ഈ ഹിന്ദുത്വ സംഘത്തെ അധികൃതര്‍ അനുവദിക്കുകയും ചെയ്യുന്നു.
2014 സപ്തംബറിലെ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കു പ്രഖ്യാപിച്ച പുനരധിവാസപദ്ധതി 14 മാസം കഴിഞ്ഞിട്ടും നടപ്പാക്കാന്‍ മോദി ശ്രദ്ധിച്ചിട്ടില്ല. ദുരിതാശ്വാസപ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ 44,000 കോടി ആവശ്യപ്പെട്ടിരുന്നെങ്കിലും 4,378 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചത്. ഇന്നത്തെ ഭരണവ്യവസ്ഥയില്‍ സാമ്പത്തിക സഹായ പദ്ധതികള്‍ക്ക് അതിന്റെ ആകര്‍ഷണം നഷ്ടപ്പെട്ടിരിക്കുകയാണ്. അതിനുള്ള തെളിവുകള്‍ നിരവധിയാണ്. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍ കഴിഞ്ഞ വര്‍ഷം ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ഒരു ലേഖനത്തില്‍ ജനങ്ങള്‍ അനുഭവിക്കുന്ന അന്യവല്‍ക്കരണത്തെ സാമ്പത്തിക വികസനത്തിലൂടെ മറികടക്കാന്‍ കഴിയുമെന്ന കാര്യം നിരാകരിക്കുന്നുണ്ട്. ഇത് 'മായ'യാണെന്നാണ് അദ്ദേഹം പറയുന്നത്. അടിസ്ഥാനപരമായി ഭിന്നാഭിപ്രായങ്ങളുള്ള പിഡിപിയും ബിജെപിയും തമ്മിലുള്ള സഖ്യത്തെ സംശയത്തോടുകൂടിയാണ് അദ്ദേഹം വീക്ഷിക്കുന്നത്. പ്രത്യേകിച്ച് മെഹബൂബ മുഫ്തിക്ക് ഇന്ത്യയോടുള്ള പ്രതിബദ്ധതയെയാണ് അദ്ദേഹം ചോദ്യം ചെയ്യുന്നത്. ജമ്മുകശ്മീരിലെ യുവാക്കള്‍ക്കുമേല്‍ ഐഎസിനുള്ള സ്വാധീനമാണ് താഴ്‌വരയിലെ യഥാര്‍ഥ അപകടമെന്ന അമ്പരപ്പിക്കുന്ന മുന്നറിയിപ്പു നല്‍കിയാണ് അദ്ദേഹം തന്റെ ലേഖനം അവസാനിപ്പിക്കുന്നത്. ദേശീയ സുരക്ഷാസംവിധാനത്തിന്റെ വികലവീക്ഷണത്തിനുള്ള ഒരു ഉദാഹരണമാണിത്. ജമ്മുകശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് ആഭ്യന്തര സംഭവവികാസങ്ങളൊന്നും കാരണമല്ലെന്ന കാഴ്ചപ്പാടാണ് അവര്‍ക്കുള്ളത്. മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനത്ത് അമുസ്‌ലിംകളായ സായുധസേനയെ വിന്യസിക്കുന്നതും ജമ്മുവില്‍ ഹിന്ദുത്വശക്തികള്‍ നിയമവിരുദ്ധമായി ആക്രമണം നടത്തുന്നതും ഹിന്ദുക്കളിലും മുസ്‌ലിംകളിലും ഒരുപോലെ ഭയവും അരക്ഷിതാവസ്ഥയും പടരുന്നതും അവര്‍ കാണുന്നേയില്ല.
ജമ്മുവിലെ കശ്മീരി പണ്ഡിറ്റുകളുടെ വേദനകള്‍ക്കും പ്രയാസങ്ങള്‍ക്കുമാണ് ഔദ്യോഗികതലത്തില്‍ പ്രാമുഖ്യം നല്‍കുന്നത്. ഇതു യഥാര്‍ഥത്തില്‍ കശ്മീരി മുസ്‌ലിംകളുടെ കോപം വര്‍ധിപ്പിക്കാനാണു സഹായിക്കുന്നത്. എല്ലാ വിഭാഗം പൗരന്മാരെയും ഒരുപോലെ സംരക്ഷിക്കാനുള്ള സംസ്ഥാനത്തിന്റെ പ്രാഥമിക ചുമതലയുടെ പരാജയമാണ് ഇവിടെ കാണുന്നത്. അഭയാര്‍ഥികളെ പുറത്താക്കുന്ന സുരക്ഷാസൈന്യത്തിന്റെ നടപടിയിലൂടെ കശ്മീരി മുസ്‌ലിംകളുടെ വംശശുചീകരണമാണു നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇതു സ്വതന്ത്ര കശ്മീരിനുള്ള ആവശ്യത്തെ നിരാകരിക്കാനുള്ള ന്യായീകരണവുമാവുന്നില്ല. സുരക്ഷാസൈന്യം സാധാരണക്കാര്‍ക്കു നേരെ നടത്തുന്ന കുറ്റകൃത്യങ്ങളടക്കം ജമ്മുകശ്മീരിലെ ജീവിതം ദുസ്സഹമാക്കിയ സാഹചര്യത്തിനു കാരണം ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളാണെന്നാണ് ആരോപിക്കപ്പെടുന്നത്. ജമ്മുകശ്മീര്‍ പൗരസമൂഹസംഘടനകള്‍ സംസ്ഥാനത്ത് നടക്കുന്ന നിന്ദ്യമായ അതിക്രമങ്ങളെക്കുറിച്ച് തയ്യാറാക്കിയ ഗവേഷണരേഖകളെക്കുറിച്ച് അധികൃതര്‍ നിശ്ശബ്ദതപാലിക്കുകയാണ് ചെയ്തത്. കുറ്റകൃത്യങ്ങള്‍ അടയാളപ്പെടുത്തിയ ഈ രേഖകള്‍ ദേശീയപതാകയാല്‍ ആവരണം ചെയ്യപ്പെടുകയും വസ്തുതകള്‍ ദേശീയ ജല്‍പനങ്ങളില്‍ മുങ്ങിപ്പോവുകയുമാണുണ്ടായത്.
സായുധസേനയ്ക്കു നല്‍കുന്ന നിയമപരിരക്ഷയും ക്രിമിനല്‍ക്കോടതികളില്‍ അവര്‍ക്കു ലഭിക്കുന്ന നീതിന്യായ പരിഗണനയും അവസാനിപ്പിക്കണമെന്ന നമ്മുടെ ഭരണഘടനാപരമായ ആവശ്യംപോലും അംഗീകരിക്കപ്പെടുന്നില്ല. കശ്മീരിനു മേല്‍ ഔദ്യോഗികമായുള്ള ആധിപത്യമാണ് കശ്മീര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇന്ത്യയുടെ പങ്കുപോലും ഇല്ലാതാക്കുന്നത്. ഇതിനു പാകിസ്താനെയും ഇപ്പോള്‍ ഐഎസിനെയുമാണ് അവര്‍ കുറ്റപ്പെടുത്തുന്നത്. അതിനാല്‍ ജമ്മുകശ്മീരിലെ ജനവിഭാഗങ്ങളില്‍ ഹിന്ദുവര്‍ഗീയത പടരുന്നത് പലരും മറക്കുകയാണ്. ഇവിടെ ഹിന്ദുത്വ ഗുണ്ടകള്‍ ചേക്കേറുന്നത് ആകസ്മികമായുണ്ടായ പ്രവണതയൊന്നുമല്ല. ഹിന്ദുത്വശക്തികള്‍ ദീര്‍ഘകാലമായി നടത്തിവരുന്ന രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഇതുണ്ടായത്.
2008 ജൂലൈ-ആഗസ്ത് മാസങ്ങളില്‍ ജമ്മുവിലെ മുസ്‌ലിംകളെ പട്ടിണിക്കിടാന്‍ വേണ്ടി ഹിന്ദുത്വശക്തികള്‍ ഒരു മാസക്കാലം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, 'വിഘടനവാദികള്‍' എന്ന് അധികൃതര്‍ വിശേഷിപ്പിക്കുന്ന വിഭാഗം കഴിഞ്ഞ ബക്രീദ് ദിനത്തില്‍ മുസ്‌ലിംകളോട് അമുസ്‌ലിംകളുടെ അതൃപ്തിക്ക് കാരണമാവുന്ന പ്രവൃത്തികളില്‍നിന്ന് വിട്ടുനില്‍ക്കാനാണ് ഉപദേശിച്ചത്. അമുസ്‌ലിംകളുടെ വികാരത്തെ വ്രണപ്പെടുത്തരുതെന്നും അവരുടെ പ്രതിഷേധം കണക്കിലെടുത്ത് പശുഹത്യയില്‍നിന്ന് പിന്മാറണമെന്നും അവര്‍ നിര്‍ദേശിച്ചിരുന്നു. മുമ്പ് ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അതില്‍ പ്രതിഷേധിക്കാനും ഈ വിഭാഗം മുമ്പോട്ടുവന്നിരുന്നു. 2008ല്‍ അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കു വേണ്ടി ഭക്ഷണശാല ഒരുക്കാനും മണ്ണിടിച്ചിലുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്താനും ഈ 'വിഘടനവാദികള്‍' തയ്യാറായിരുന്നു.
എന്നാല്‍, ഇന്ത്യന്‍ മാധ്യമങ്ങള്‍ ഈ വിഘടനവാദികളെ എന്നും പാര്‍ശ്വവല്‍ക്കരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലമാണ് ഇതിനുള്ള തെളിവ്. വിനോദസഞ്ചാരികളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും പാകിസ്താനും അവര്‍ പിന്തുണയ്ക്കുന്ന ആക്രമണകാരികളും എല്ലാം താറുമാറാക്കും തുടങ്ങിയ വാര്‍ത്തകളാണ് അവര്‍ പ്രസിദ്ധീകരിച്ചത്. 2002 മുതല്‍ ഇത്തരം അസത്യവാര്‍ത്തകള്‍ അവര്‍ പുറത്തുവിടുന്നുണ്ട്.
എന്നാല്‍, എന്താണ് ഇപ്പോള്‍ ജമ്മുകശ്മീരില്‍ സംഘര്‍ഷം വളരാന്‍ കാരണം? പാകിസ്താന്‍ പിന്തുണ നല്‍കാതെ തന്നെ തദ്ദേശീയമായി ആക്രമണസംഭവങ്ങള്‍ വര്‍ധിക്കുന്നതെന്തുകൊണ്ടാണ്? 2014ലെ വെള്ളപ്പൊക്കത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ എന്താണ്? വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കുള്ള പ്രധാനമന്ത്രിയുടെ പുതിയ ആശ്വാസപദ്ധതികള്‍ പിന്‍വലിച്ചതിന്റെ പ്രതികരണം എന്താണ്? ആസാദി സംഘടന പ്രഖ്യാപിച്ച 'മില്യണ്‍ മാര്‍ച്ച്' തടഞ്ഞതിനു പിന്നിലെ ഉദ്ദേശ്യം എന്തായിരുന്നു? ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചുകൊണ്ട് ശ്രീനഗറില്‍ തുടര്‍ച്ചയായി 72 മണിക്കൂര്‍ കര്‍ഫ്യൂ നടപ്പാക്കിയതുകൊണ്ടുണ്ടായ നേട്ടമെന്താണ്? ഇതിനൊക്കെ ശേഷവും ജനങ്ങള്‍ വിഘടനവാദികള്‍ക്കൊപ്പമല്ലെന്ന് എങ്ങനെയാണ് പറയാന്‍ കഴിയുന്നത്?
ആശയങ്ങളുടെ സംവാദം പ്രോല്‍സാഹിപ്പിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെ പ്രഖ്യാപനത്തിനു പിന്നാലെ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനും പ്രതികരണത്തിനും പ്രതിഷേധത്തിനുമുള്ള വിലക്കുകളാണ് ഏര്‍പ്പെടുത്തിയത്. കഥയും യാഥാര്‍ഥ്യവും ആശയക്കുഴപ്പമുണ്ടാക്കുകയാണ്. യാഥാര്‍ഥ്യമാവട്ടെ ആശ്ചര്യജനകമായി നിഗൂഢവുമാണ്.

        (അവസാനിക്കുന്നില്ല) 
Next Story

RELATED STORIES

Share it