കശ്മീര്‍ എംഎല്‍എയെ കൈയേറ്റം ചെയ്തു; നിഷേധിച്ച് പോലിസ്

ശ്രീനഗര്‍: ജമ്മുകശ്മീര്‍ സ്വതന്ത്ര എംഎല്‍എ ശെയ്ഖ് അബ്ദുല്‍ റഷീദിനെ പോലിസ് കൈയേറ്റം ചെയ്തതായി പരാതി. പൊതുജനാരോഗ്യ, വിദ്യാഭ്യാസ മന്ത്രി സഖ്‌നന്ദന്‍ കുമാറിനെ കണ്ട് തന്റെ മണ്ഡലത്തിലെ ചില പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ പോയപ്പോള്‍ ബാരാമുല്ലയില്‍വച്ച് പോലിസ് കൈയേറ്റം ചെയ്യുകയായിരുന്നുവെന്നും സംഭവത്തില്‍ എംഎല്‍എക്കു പരിക്കുപറ്റിയതായും അദ്ദേഹത്തിന്റെ വക്താവ് ഇനാം ഉന്‍ നബി പറഞ്ഞു. അതേസമയം, ആരോപണം പോലിസ് നിഷേധിച്ചു.
എംഎല്‍എയെ വാഹനത്തില്‍ നിന്നു വലിച്ചിറക്കി അപമാനിക്കുകയും അദ്ദേഹത്തിന്റെ വാഹനം കേടുവരുത്തുകയും ചെയ്‌തെന്നും വക്താവ് ആരോപിച്ചു. എന്നാല്‍ എംഎല്‍എയും അനുയായികളും വാഹനം റോഡിന് കുറുകെ നിര്‍ത്തി ഗതാഗതം തടസ്സപ്പെടുത്തിയെന്ന് പോലിസ് പറഞ്ഞു. അദ്ദേഹത്തോട് മന്ത്രിയെ കാണാന്‍ ധാക്ക് ബംഗ്ലാവിലേക്കു പോവാന്‍ നിര്‍ദേശിക്കുകയാണ് പോലിസ് ചെയ്തതെന്നും ബാരാമുല്ല എഎസ്പി ഇംതിയാസ് ഹുസയ്ന്‍ പറഞ്ഞു. സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ എംഎല്‍എ, അവകാശലംഘനത്തിന് നിയമസഭയില്‍ നോട്ടീസ് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it