കശ്മീരില്‍ സംഘര്‍ഷം പടരുന്നു; മരണം നാലായി

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ സൈന്യത്തിന്റെ വെടിയേറ്റ് ഒരാള്‍കൂടി മരിച്ചു. ഇതോടെ മരണം നാലായി. പലയിടത്തും സംഘര്‍ഷമുറ്റിനില്‍ക്കുകയാണ്. ഹന്ദ്വാരയില്‍ സൈനികര്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ നടത്തിയ പ്രകടനത്തിനു നേരെ സൈന്യം വെടിവച്ചതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച ഇഖ്ബാല്‍ അഹ്മദ്, നയിംഭട്ട് എന്നീ യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു.
വെടിവയ്പില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രാജബീഗം (55) എന്ന സ്ത്രീയും ഇന്നലെ മരിച്ചു. ഡ്രഗ്മുല്ലയില്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സൈനികര്‍ പ്രയോഗിച്ച കണ്ണീര്‍വാതക ഷെല്ലുകള്‍ തലയ്‌ക്കേറ്റാണ് ജഹാംഗീര്‍ അഹ്മദ് വാനി എന്ന യുവാവ് ഇന്നലെ മരിച്ചത്. വിവിധ സ്ഥലങ്ങളില്‍ സൈന്യം കര്‍ഫ്യൂവിനു സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ശ്രീനഗര്‍, ഹന്ദ്വാര, കുപ്‌വാര എന്നിവിടങ്ങളില്‍ പ്രതിഷേധം ശക്തമായി.
കശ്മീരിലെ ചില സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദിനെത്തുടര്‍ന്ന് പലസ്ഥലങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. വ്യാപാരസ്ഥാപനങ്ങള്‍ തുറന്നില്ല. ഹന്ദ്വാരയില്‍ ജനക്കൂട്ടം പോലിസ് സ്‌റ്റേഷന്‍ കത്തിച്ചു. ഹന്ദ്വാര സംഭവത്തില്‍ ക്രമസമാധാനപാലനത്തില്‍ വീഴ്ചവരുത്തിയതിന് ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. അതേസമയം, ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിരോധമന്ത്രി എന്നിവരുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തി. അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കുമെന്നു പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഉറപ്പുനല്‍കിയതായി അവര്‍ പറഞ്ഞു. സംഭവത്തില്‍ അതിയായ ഖേദമുണ്ടെന്നും മരിച്ചവരുടെ ബന്ധുക്കള്‍ക്കു നഷ്ടപരിഹാരം നല്‍കുമെന്നും അവര്‍ അറിയിച്ചു. സൈനിക മേധാവികളും സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി.
പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന സംഭവം വ്യാജമാണെന്ന വാദവുമായി സൈന്യം വീഡിയോ ടേപ്പുകള്‍ പുറത്തുവിട്ടു. മാനഭംഗപ്പെടുത്തിയെന്ന വാര്‍ത്ത പെണ്‍കുട്ടി നിഷേധിച്ചതായും ഇതിനു പിന്നില്‍ രണ്ടു യുവാക്കളുടെ ഗൂഢാലോചനയാണെന്നും സൈനികവൃത്തങ്ങളറിയിച്ചു.
Next Story

RELATED STORIES

Share it