കശ്മീരില്‍ ആക്രമണം 8 സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ദക്ഷിണ കശ്മീര്‍ പുല്‍വാമ ജില്ലയിലെ പാംപോറില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ എട്ടു സൈനികര്‍ കൊല്ലപ്പെട്ടു. 28 ജവാന്‍മാര്‍ക്കു പരിക്കേറ്റു. പ്രത്യാക്രമണത്തില്‍ രണ്ട് അക്രമികളെ വധിച്ചതായാണു വിവരം.
പരിക്കേറ്റവരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ശ്രീനഗര്‍-ജമ്മു ദേശീയപാതയിലാണു സംഭവം. ലാത്‌പോറ ഫയറിങ് റേഞ്ചിലെ പരിശീലനത്തിനു ശേഷം സൈനികരുമായി ശ്രീനഗറിലേക്ക് മടങ്ങുകയായിരുന്ന ആറുവാഹനങ്ങളില്‍ ബസ്സിനുനേരെയാണ് ആക്രമണമുണ്ടായത്. കാറിലെത്തിയ അക്രമികള്‍ എകെ-47 തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയും ഗ്രനേഡുകള്‍ പ്രയോഗിക്കുകയുമായിരുന്നു. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. അക്രമികളില്‍ രണ്ടുപേര്‍ രക്ഷപ്പെട്ടു.
സംഭവസ്ഥലത്തുനിന്ന് രണ്ടു എകെ-47 തോക്കുകളും ആറു ഗ്രനേഡുകളും കണ്ടെത്തി. ആക്രമണത്തിനു പിന്നില്‍ ലശ്കറെ ത്വയ്യിബയാണെന്നു സൈനികവൃത്തങ്ങള്‍ അറിയിച്ചു.
സിആര്‍പിഎഫ് ഐജി നളീന്‍ പ്രഭാത്, കമാന്‍ഡന്റ് രാജേഷ് യാദവ് ഉള്‍പ്പെടെ മുതിര്‍ന്ന സൈനികോദ്യോഗസ്ഥരും പോലിസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അക്രമികള്‍ അതിര്‍ത്തി കടന്നെത്തിയവരാവാന്‍ സാധ്യതയുണ്ടെന്നും തിരച്ചില്‍ തുടരുകയാണെന്നും സംസ്ഥാന ഡിജിപി കെ രാജേന്ദ്രകുമാര്‍ പറഞ്ഞു.
ഈമാസം കശ്മീരില്‍ സുരക്ഷാസേനയ്ക്കു നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. ജൂണ്‍ മൂന്നിന് ബിഎസ്എഫ് ജവാന്‍മാര്‍ സഞ്ചരിച്ച വാഹനത്തിനു നേരെയുണ്ടായ വെടിവെയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ പാംപോറില്‍ സൈനിക വാഹനവ്യൂഹത്തിനു നേരെ സമാനമായ ആക്രമണമുണ്ടായി. രണ്ടുദിവസം നീണ്ടുനില്‍ക്കുകയും മേഖലയില്‍ ഏറെ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്ത ഈ ഏറ്റുമുട്ടലില്‍ 11 പേരാണു കൊല്ലപ്പെട്ടത്. പോംപോര്‍ സംഭവത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് റിപോര്‍ട്ട് തേടി.
Next Story

RELATED STORIES

Share it