കശ്മീരില്‍ അഗ്നിബാധ; 10 തൊഴിലാളികള്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ റാംബാന്‍ ജില്ലയിലുണ്ടായ തീപ്പിടിത്തത്തില്‍ 10 തുരങ്കനിര്‍മാണ തൊഴിലാളികള്‍ മരിച്ചു. ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ തൊഴിലാളികള്‍ താമസിച്ച ബാരക്കിലാണ് തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പോലിസ് ഐജി ഡാനിഷ് റാണ അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. പൊള്ളലേറ്റും ശ്വാസംമുട്ടിയുമാണ് തൊഴിലാളികള്‍ മരിച്ചത്. നാലു പേര്‍ക്ക് ഗുരുതര പൊള്ളലേറ്റു.
ജമ്മു-കശ്മീര്‍, പഞ്ചാബ്, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് മരിച്ചതെന്ന് പോലിസ് സൂപ്രണ്ട് രണ്‍ദീപ് കുമാര്‍ അറിയിച്ചു. മരിച്ചവരില്‍ അഞ്ചു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹിമാചല്‍പ്രദേശില്‍ നിന്നുള്ള എക്‌സ്‌കവേറ്റര്‍ ഓപറേറ്റര്‍ രോഹിത്, ഇയാളുടെ സഹായി ഛസ്ഗഡ് സ്വദേശി ഷൗക്കത്ത്, ഹിമാചല്‍ സ്വദേശികളായ ഇര്‍ഫാന്‍, ദീസ് രാജ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ബാക്കിയുള്ളവരെ തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഡല്‍ഹി എയിംസില്‍ ചികില്‍സയില്‍ കഴിയുന്ന മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദ് ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബത്തിന് അടിയന്തര സഹായം അനുവദിക്കാനും പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികില്‍സ ലഭ്യമാക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി. പിഡിപി പ്രസിഡന്റ് മെഹ്ബൂബ മുഫ്തിയും തൊഴിലാളികളുടെ മരണത്തില്‍ അനുശോചിച്ചു.
Next Story

RELATED STORIES

Share it