Kollam Local

കശുവണ്ടി സംഭരിക്കാന്‍ സര്‍ക്കാര്‍ ബദല്‍ സംവിധാനം ഒരുക്കണം: കൊടിക്കുന്നില്‍ സുരേഷ്

കൊല്ലം:കശുവണ്ടി സംഭരിക്കുവാന്‍ കോര്‍പറേഷന്റെ ഭരണകര്‍ത്താക്കള്‍ക്ക് കഴിയുന്നില്ലെങ്കില്‍ തൊഴിലാളികള്‍ക്ക് ജോലി നല്‍കുവാന്‍ ബദല്‍ സംവിധാനം സര്‍ക്കാര്‍ ഒരുക്കണമെന്ന് കൊല്ലം ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.
അടച്ചിട്ടിരുക്കുന്ന കശുവണ്ടി വികസന കോര്‍പറേഷന്‍ ഫാക്ടറികളും സ്വകാര്യഫാക്ടറികളും ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍ടിയുസി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിന്നക്കടയില്‍ നടന്ന കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോര്‍പറേഷന്റെ ഐഎഎസുകാരായ എംഡിയും ചെയര്‍മാനും തോട്ടണ്ടി വാങ്ങുന്നതിന് ഇലക്ഷന്‍ കമ്മീഷന്റെ അനുവാദത്തിന് സമീപിച്ചത് ഗൂഡാലോചനയാണ്. കശുവണ്ടി കോര്‍പറേഷന്റെ തോട്ടണ്ടി വാങ്ങുന്നതും പ്രവര്‍ത്തിക്കുന്നതിനും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യമല്ലാതിരുന്നിട്ടും അനാവശ്യമായി ഇലക്ഷന്‍ കമ്മീഷനെ ഉപയോഗപ്പെടുത്തുകയായിരുന്നു.
ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ കയറൂരി വിട്ടതാണ് കോര്‍പറേഷന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിച്ചത്. അഴമതി കണ്ടുപിടിച്ച് നടപടിയെടുക്കുന്നതിന് പകരം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തത്. സര്‍ക്കാരിന്റെ അനുവാദമില്ലാതെ ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥര്‍ തൊഴിലാളികള്‍ക്ക് ജോലി ഇല്ലാതായി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. ഐഎന്‍ടിയുസി ജില്ലാപ്രസിഡന്റ് എന്‍ അഴകോശന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കാഞ്ഞിരവിള അജയകുമാര്‍, കെ സി രാജന്‍, അഡ്വ. ബിന്ദുകൃഷ്ണ, എ കെ ഹഫീസ്, കൈതവനത്തറ ശങ്കരന്‍കുട്ടി, വടക്കേവിള ശശി, കൃഷ്ണവേണി ജി ശര്‍മ്മ, അയത്തില്‍ തങ്കപ്പന്‍, ടി ആര്‍ ഗോപകുമാര്‍, വസന്തകുമാരി, നാസര്‍, ജയപ്രകാശ്, ചിറ്റുമൂല നാസര്‍, ഹരീഷ്‌കുമാര്‍, ഫിലിപ്പ്, മൈലക്കാട് സുനില്‍, ജയകുമാര്‍, ജയശ്രീ രമണന്‍, അനുജാ വി ജയന്‍, ചന്ദ്രബോസ്, ശ്രീകുമാരി, എസ് സുഭാഷ്, ശ്രീനിവാസന്‍, പനയം സജീവ് സംസാരിച്ചു.
Next Story

RELATED STORIES

Share it