കശുവണ്ടി വികസന കോര്‍പറേഷന്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചില്ല; സിബിഐ അന്വേഷണം നിലച്ചു

കൊല്ലം: കശുവണ്ടി വികസന കോര്‍പറേഷനിലെ അഴിമതിസംബന്ധിച്ച സിബിഐ അന്വേഷണം നിലച്ചു. കഴിഞ്ഞ സപ്തംബര്‍ 23നാണ് ഹൈക്കോടതി കേസ് സിബിഐക്കു വിടാന്‍ ഉത്തരവിട്ടത്. കൊല്ലം സ്വദേശിയായ ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ കടകംപള്ളി മനോജ് സമര്‍പ്പിച്ച ഹരജിയെത്തുടര്‍ന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് ടി ആര്‍ രാമചന്ദ്രമേനോന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ കേസ് സിബിഐ—ക്കു വിടണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ നിന്നുള്ള സിബിഐ സംഘം പലതവണയായി കൊല്ലത്തെ കാഷ്യു കോര്‍പറേഷന്റെ ആസ്ഥാനത്ത് പരിശോധന നടത്തുകയും ഫയലുകള്‍ പലതും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കുകയും ചെയ്തു. വിശദമായ അന്വേഷണം നടത്തണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസ് സിബിഐക്കു കൈമാറണം. എന്നാല്‍, എട്ടുമാസത്തോളമായിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാവാതെ വന്നതോടെ കേസിന്റെ തുടരന്വേഷണം നിലച്ചിരിക്കുകയാണ്. കശുവണ്ടി വികസന കോര്‍പറേഷനില്‍ അഴിമതി നടക്കുന്നതായി നേരത്തേ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത് ആധാരമാക്കിയാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കോടിക്കണക്കിനു രൂപയുടെ ക്രമക്കേട് നടന്നതായും റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തിനകത്തും പുറത്തും നിന്ന് തോട്ടണ്ടിവാങ്ങിയതില്‍ 2009 മാര്‍ച്ച് 31 വരെ 812 കോടിയുടെ ക്രമക്കേട് നടന്നതായി സിഎജി കണ്ടെത്തിയിരുന്നു. വിജിലന്‍സ് അന്വേഷിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ നിലപാട് എടുത്ത സമയത്തു തന്നെയാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതും. കൂടാതെ കഴിഞ്ഞ ഓണത്തിന് സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കാഷ്യു കോര്‍പറേഷന് സര്‍ക്കാര്‍ 30 കോടി രൂപ ധനസഹായം നല്‍കിയിരുന്നു. ഈ തുകയില്‍ നിന്ന് 23 കോടി 40 ലക്ഷമെടുത്ത് തോട്ടണ്ടി വാങ്ങി. കോര്‍പറേഷന്‍ വാങ്ങിയ 2000 ടണ്‍ തോട്ടണ്ടി ഗുണമേന്‍മ ഇല്ലാത്തതാണെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ കേസില്‍ കശുവണ്ടി വികസനകോര്‍പറേഷന്‍ എംഡിയായിരുന്ന ആര്‍ ചന്ദ്രശേഖരനെയും മുന്‍ എംഡി രതീഷിനെയും ജെഎംജെ ട്രേഡേഴ്‌സിനെയും പ്രതിചേര്‍ത്ത് കേസെടുക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ത്വരിത പരിശോധനാ റിപോ ര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഇതിലും ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി തുടങ്ങിയ എല്ലാ യൂനിയനുകളുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ടതാണ് കാഷ്യു കോര്‍പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ്. അഴിമതി സംബന്ധിച്ച അന്വേഷണം തുടരുന്നത് പല യൂനിയന്‍ ഭാരവാഹികളെയും ബാധിക്കാനിടയുണ്ട്. അതുകൊണ്ട് തന്നെ സിബിഐ അന്വേഷണം സംബന്ധിച്ച് പുതിയ സര്‍ക്കാര്‍ എന്തു നിലപാട് സ്വീകരിക്കുമെന്ന കാര്യത്തില്‍ ഇതുവരേയും വ്യക്തതയില്ല.
Next Story

RELATED STORIES

Share it