കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി; ആര്‍ ചന്ദ്രശേഖരന്‍ ഒന്നാംപ്രതി; വിജിലന്‍സ് കേസെടുത്തു 

കൊല്ലം: കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിയില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. കോര്‍പറേഷന്‍ മുന്‍ എംഡി രതീഷാണു രണ്ടാംപ്രതി. കോര്‍പറേഷന്‍ തോട്ടണ്ടി വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിയിലാണു നടപടി.
2000 മെട്രിക് ടണ്‍ കശുവണ്ടി വിദേശത്തുനിന്ന് ഇറക്കുമതിചെയ്തതില്‍ ടെന്‍ഡര്‍ നടപടികള്‍ പാലിച്ചില്ലെന്നും നിലവാരമില്ലാത്തവയാണ് ഇറക്കിയതെന്നും കാണിച്ച് ഐഎന്‍ടിയുസി കൊല്ലം മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന കടകംപള്ളി മനോജാണ് വിജിലന്‍സില്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്നാണ് കോര്‍പറേഷനിലെ മറ്റു ക്രമക്കേടുകള്‍ സിബിഐ അന്വേഷിക്കാ ന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ളത്. 25 ലക്ഷത്തിനു മുകളിലുള്ള ഇടപാടുകള്‍ക്ക് ഇ-ടെന്‍ഡര്‍ വേണമെന്ന ചട്ടം പാലിച്ചില്ല. ഒരാള്‍ മാത്രമാണ് ടെന്‍ഡറില്‍ പങ്കെടുത്തതെന്നും നിലവാരം കുറഞ്ഞ കശുവണ്ടിയാണ് ഇറക്കുമതിചെയ്തതെന്നുമാണു മനോജിന്റെ ആരോപണം. കൊല്ലം വിജിലന്‍സ് ഡിവൈഎസ്പി ആയിരുന്ന ബി രാധാകൃഷ്ണപിള്ള കഴിഞ്ഞ ഡിസംബര്‍ 23നാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപോര്‍ട്ട് കൈമാറിയത്.
സ്വകാര്യ കശുവണ്ടി ഫാക്ടറി ഉടമകള്‍ കിലോയ്ക്ക് 103 മുതല്‍ 107 രൂപയ്ക്കു വരെ സീസണില്‍ തോട്ടണ്ടി വാങ്ങിയപ്പോള്‍ കോര്‍പറേഷന്‍ വാങ്ങിയത് 117 രൂപയ്ക്കാണെന്നു കണ്ടെത്തി. കൂടിയ വിലയ്ക്കു ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി വാങ്ങിയതിനു പിന്നില്‍ ചെയര്‍മാനും എംഡിക്കുമാണു മുഖ്യ പങ്കെന്നും റിപോര്‍ട്ട് പറയുന്നു.
ആവശ്യത്തിന് സ്‌റ്റോക്ക് ഇല്ലാതെ കരാറെടുത്ത ജെഎംജെ ട്രേഡേഴ്‌സ് സ്വകാര്യ മുതലാളിമാരില്‍ നിന്നു ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി വാങ്ങി കോര്‍പറേഷന്‍ ഫാക്ടറികളില്‍ എത്തിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം കോര്‍പറേഷന്‍ വാങ്ങിയ തോട്ടണ്ടിയുടെ 80 ശതമാനവും ജെഎംജെയില്‍ നിന്നാണെന്നും ഇതിനു പിന്നി ല്‍ പ്രത്യേക സംഘമുണ്ടെന്നും റിപോര്‍ട്ടിലുണ്ട്.
Next Story

RELATED STORIES

Share it