കശുവണ്ടി കോര്‍പറേഷന് 55 കോടി; കയര്‍ ഫെഡിന് 10 കോടി

തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പറേഷന് 55 കോടി രൂപയുടെ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പിരിഞ്ഞുപോവുന്ന തൊഴിലാളികള്‍ക്ക് ആനുകൂല്യം കൊടുക്കുന്നതിനായിരിക്കും ഈ തുക വിനിയോഗിക്കുക. ആദ്യഘട്ടം 30 കോടി രൂപയാവും സര്‍ക്കാര്‍ നല്‍കുക. അടുത്തഘട്ടം ബാക്കി 25 കോടി നല്‍കും.
ഫാക്ടറി തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാവശ്യമായ തുക സംബന്ധിച്ച റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പുതിയ ചെയര്‍മാനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കയര്‍ ഫെഡ് സംഭരിച്ച കയറിന് 4.5 കോടി രൂപയും കയര്‍ കോര്‍പറേഷന്‍ ക്രയവില സ്ഥിരതാ പദ്ധതിക്ക് 5.5 കോടി രൂപയും ഉള്‍പ്പെടെ 10 കോടി രൂപ നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം നല്‍കുന്നതിന് നടപ്പുസാമ്പത്തികവര്‍ഷം 15.40 കോടി രൂപകൂടി അനുവദിച്ചു. നേരത്തേ ഈ ആവശ്യത്തിന് 10 കോടി രൂപയാണ് അനുവദിച്ചിരുന്നത്.
എന്നാല്‍, മുന്‍വര്‍ഷത്തെ കുടിശ്ശിക തീര്‍ക്കേണ്ടിവന്നതിനാ ല്‍ ഈവര്‍ഷത്തെ വിദ്യാഭ്യാസാനുകൂല്യം നല്‍കുന്നതിന് തുക തികയാതെ വന്നതിനാലാണിത്. കൊച്ചി കച്ചേരിപ്പടിയിലുള്ള 44 കോടി രൂപയുടെ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് & കൊമേഴ്‌സ്യല്‍ കോംപ്ലക്‌സ് പദ്ധതിയുടെയും കോഴിക്കോട് മീഞ്ചന്തയിലുള്ള 122 കോടി രൂപയുടെ മൊബിലിറ്റി ഹബ് പദ്ധതിയുടെയും ക്വട്ടേഷന്‍ അപേക്ഷകളില്‍ അപേക്ഷകരുടെ യോഗ്യതാലിസ്റ്റ്, പ്രൊജക്റ്റ് മാതൃക പ്രൊപ്പോസല്‍, ഡ്രാഫ്റ്റ് കണ്‍സഷന്‍ എഗ്രിമെന്റ് എന്നിവ മന്ത്രിസഭായോഗം അംഗീകരിച്ചു.
Next Story

RELATED STORIES

Share it