കശുവണ്ടി കോര്‍പറേഷന്‍ അഴിമതി; വിജിലന്‍സ് റിപോര്‍ട്ട് സര്‍ക്കാര്‍ അട്ടിമറിച്ചു: വിഎസ്

തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പറേഷനില്‍ നടന്ന തോട്ടണ്ടി ഇടപാടില്‍ വന്‍ അഴിമതി നടന്നതായും ചെയര്‍മാനായ ആര്‍ ചന്ദ്രശേഖരനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നുമുള്ള വിജിലന്‍സ് റിപോര്‍ട്ട് സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍.
കോണ്‍ഗ്രസിന്റെ ഐ ഗ്രൂപ്പ് നേതാവും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായ ആര്‍ ചന്ദ്രശേഖരനാണ് ഈ കേസിലെ ഒന്നാംപ്രതി. കൂടാതെ മാനേജിങ് ഡയറക്ടര്‍ കെ എ രതീഷ് ഉള്‍പ്പെടെ നാലു പ്രതികളാണുള്ളത്.
ഓണക്കാലത്ത് ഫാക്ടറികള്‍ തുറക്കാന്‍ നല്‍കിയ 30 കോടി രൂപയില്‍ 23.40 കോടി രൂപ വിനിയോഗിച്ച് ജെഎംജെ ട്രേഡേഴ്‌സില്‍ നിന്നും 2000 ടണ്‍ തോട്ടണ്ടി വാങ്ങിയതില്‍ അഞ്ചുകോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. വിജിലന്‍സിന്റെ അന്തിമ അന്വേഷണ റിപോര്‍ട്ട് ലഭിച്ചിട്ടും തുടര്‍ നടപടികളെടുത്തിട്ടില്ല.
കേരളാ ഹൈക്കോടതി സിബിഐ അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞു. സിബിഐ അന്വേഷണം അട്ടിമറിയ്ക്കാനുള്ള ഗൂഢനീക്കമാണ് ഇതിനു പിന്നില്‍. വിജിലന്‍സ് മേധാവി ശങ്കര്‍ റെഡ്ഡിയാകട്ടെ, വിജിലന്‍സ് റിപോര്‍ട്ട് ചോര്‍ന്നതിനെപ്പറ്റി അന്വേഷിക്കുന്നതിലാണ് താല്‍പര്യം കാട്ടുന്നത്.
ആഭ്യന്തരമന്ത്രിയുടെ ആജ്ഞാനുവര്‍ത്തിയായ വിജിലന്‍സ് ഡയറക്ടറില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല. കശുവണ്ടി വികസന കോര്‍പറേഷനെതിരെ ഹൈക്കോടതി പ്രഖ്യാപിച്ച സിബിഐ അന്വേഷണം എന്തുകൊണ്ട് നടപ്പാക്കിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it