wayanad local

കശുവണ്ടിക്ക് റെക്കോഡ് വില; ഉല്‍പാദനം കുറഞ്ഞത് തിരിച്ചടിയായി

മാനന്തവാടി: കശുവണ്ടിക്ക് റെക്കോഡ് വില. പ്രയോജനമില്ലാതെ കര്‍ഷകര്‍. മുമ്പെങ്ങുമില്ലാത്ത വിധം കശുവണ്ടിയുടെ വില ഉയര്‍ന്നിട്ടും ഉല്‍പാദനം കുറഞ്ഞതാണ് കര്‍ഷകര്‍ക്കു തിരിച്ചടിയായത്. കാലവര്‍ഷം അവസാനിച്ച ശേഷം ഇടമഴയും വേനല്‍മഴയും ലഭിക്കാത്തതാണ് ഉല്‍പാദനം കുറയാന്‍ ഇടയാക്കിയത്.
എന്നാല്‍, മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കശുവണ്ടിക്ക് മാര്‍ക്കറ്റില്‍ 106 രൂപ വരെ വില ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേസമയം 90 രൂപയായിരുന്നു വിലയുണ്ടായിരുന്നത്. മാനന്തവാടിയിലാണ് കശുവണ്ടി സംഭരണം കൂടുതലായി നടക്കുന്നത്. തവിഞ്ഞാല്‍, വാളാട്, പേര്യ, കുഞ്ഞോം പ്രദേശങ്ങളിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കശുവണ്ടി കൃഷി. മാര്‍ച്ച് അവസാനത്തോടെ പാകമാവുന്ന കശുവണ്ടിക്ക് ഏറ്റവും കൂടുതല്‍ വില ലഭ്യമാവുന്നത് വിളവെടുപ്പിന്റെ ആദ്യഘട്ടത്തിലാണ്. വേനല്‍മഴ ലഭിക്കുന്നതോടെ കശുവണ്ടിയുടെ നിറം മാറുകയും മാര്‍ക്കറ്റില്‍ വിലയിടിയുകയുമാണ് പതിവ്. വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ കശുവണ്ടി വില്‍പനയിലൂടെ കണ്ടെത്തുന്ന നിരവധി കുടുംബങ്ങളാണുള്ളത്.
കാര്യമായ പരിപാലനമില്ലാതെ ലഭിക്കുന്ന വരുമാനമായതിനാല്‍ കര്‍ഷകര്‍ക്ക് ഇടക്കാല ആശ്വാസമെന്ന നിലയില്‍ കശുവണ്ടി കൃഷി ഏറെ ഗുണകരമായിരുന്നു. ഓരോ വര്‍ഷം കഴിയുന്തോറും ജില്ലയില്‍ കശുവണ്ടി ഉല്‍പാദനം ഗണ്യമായി കുറഞ്ഞുവരികയാണ്. മുന്‍കാലങ്ങളില്‍ സഹകരണ സംഘങ്ങളിലൂടെയുള്ള ന്യായവിലയ്ക്ക് കര്‍ഷകരില്‍ നിന്നു കശുവണ്ടി സംഭരണം നടത്തിയിരുന്നു. എന്നാല്‍, കാലക്രമേണ കുന്നും മലകളും അപ്രത്യക്ഷമാവാന്‍ തുടങ്ങുകയും കശുവണ്ടി ഉല്‍പാദനം കുറയുകയും ചെയ്തു. നിലവില്‍ ജില്ലയില്‍ സംഭരിക്കുന്ന കശുവണ്ടി കൊച്ചിയിലേക്കാണ് കയറ്റി അയക്കുന്നത്.
Next Story

RELATED STORIES

Share it